
സംസ്ഥാന പുരസ്കാര ജേതാവും രജനികാന്തിൻ്റെ വേട്ടയ്യനിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച ബാലതാരം തന്മയ സോൾ കേന്ദ്രകഥാപാത്രമാകുന്ന ഇരുനിറത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സംവിധായകൻ ലിജോ ജോസ് പെല്ലിശേരി, ഇന്ദ്രൻസ് തുടങ്ങിയവരാണ് സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റർ റിലീസ് ചെയ്തത്.
സംസ്ഥാന പുരസ്‌കാരം നേടിയ കാടകലം, അന്തോളജി ചിത്രം പടച്ചോൻ്റെ കഥകൾ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിൻ്റോ തോമസാണ് സംവിധായകൻ. കഥയും തിരക്കഥയും വിഷ്ണു കെ മോഹൻ നിർവഹിക്കുന്നു. നായാട്ട്, ആർഡിഎക്സ് തുടങ്ങിയ ചിത്രങ്ങളിലെ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ദിനേഷ് പി, നിഷ സാരംഗ്, ജിയോ ബേബി, കബനി സൈറ എന്നിവരാണ് മറ്റു താരങ്ങൾ.
നിറങ്ങൾക്ക് ഇടയിലൂടെ ചെറിയ ലോകത്തിൻ്റെ വലിയ കാഴ്ചകൾ കാണുന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. 'വഴക്ക്' എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ തന്മയ സോളാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അമ്പിളിയെ അവതരിപ്പിക്കുന്നത്. തിയറ്ററിൽ വലിയ വിജയമാകുന്ന തമിഴ് ചിത്രം വേട്ടയ്യനിൽ രജനികാന്ത്, അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ എന്നിവർക്കൊപ്പം ശ്രദ്ധേയ കഥാപാത്രമായാണ് തന്മയ സോൾ അവതരിപ്പിച്ചത്. വേട്ടയനു ശേഷം അഭിനയിച്ച ചിത്രമാണ് ഇരുനിറം.
മാളോല പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സിജി മാളോലയാണ് ചിത്രം നിർമിക്കുന്നത്. റെജി ജോസഫ് ഛായാഗ്രഹണവും പ്രഹ്‌ളാദ് പുത്തഞ്ചേരി എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു. അർജുൻ അമ്പയുടെ വരികൾക്ക് സാൻ്റിയാണ് സംഗീതം ഒരുക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ സിജോ മാളോല, ആർട്ട്: ബിജു ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ: അരുൺ ടി ജോസഫ്. ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ