
മലയാളത്തില്‍ സമീപ വര്‍ഷങ്ങളില്‍ വന്ന ഏറ്റവും താരസമ്പന്നമായ ചിത്രമാണ് പേട്രിയറ്റ്. 18 വര്‍ഷങ്ങള്‍ക്കിപ്പുറം മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്നു എന്നതായിരുന്നു ചിത്രത്തിന്‍റെ ഹൈലൈറ്റ്. ഒപ്പം ഫഹദ്, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രാജീവ് മേനോന്‍, രേവതി തുടങ്ങി നീളുന്ന താരനിരയും. ഈ വന്‍ താരനിരയാല്‍ തന്നെ പ്രേക്ഷക പ്രതീക്ഷയുടെ അമിതഭാരവുമായാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ആദ്യ ദിവസം എത്തിയ താരാരാധകരില്‍ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. താരങ്ങളെ സെലിബ്രേറ്റ് ചെയ്യുന്നതിന് പകരം അവരിലൂടെ തന്‍റെ കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് സംവിധായകന്‍ മഹേഷ് നാരായണന്‍ ശ്രമിച്ചിരിക്കുന്നതെന്ന് റിലീസിന് മുന്‍പേ മമ്മൂട്ടി അടക്കം പറഞ്ഞിരുന്നതാണ്. ഇപ്പോഴിതാ കൗതുകകരമായ ഒരു ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ മഹേഷ് നാരായണന്‍. താരങ്ങള്‍ എത്തിയപ്പോള്‍ അവരെ ബാലന്‍സ് ചെയ്യാനായി തിരക്കഥ പൊളിക്കേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തോടാണ് മഹേഷ് പ്രതികരിച്ചിരിക്കുന്നത്. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
മോഹന്‍ലാലിനോട് തിരക്കഥ അവതരിപ്പിച്ചതിന്‍റെ അനുഭവം പറഞ്ഞുകൊണ്ടാണ് ചോദ്യത്തോട് മഹേഷിന്‍റെ പ്രതികരണം. “ശരിക്കും അങ്ങനെയില്ല. കാരണം തിരക്കഥ മുഴുവന്‍ ആയിട്ടാണ് എല്ലാവരെയും അപ്രോച്ച് ചെയ്യുന്നത്. ആ കഥാപാത്രത്തിന്‍റെ ഒരു പ്രധാന ഭാഗം ലാല്‍ സാറിന് ഇഷ്ടപ്പെടുമോ എന്ന് മാത്രമാണ് സംശയം ഉണ്ടായിരുന്നത്. ഞാന്‍ ലാല്‍ സാറിനോട് കഥ പറയുന്ന സമയത്ത് എന്‍റെ കൂടെ നിര്‍മ്മാതാവ് ആന്‍റോ ജോസഫ് ഉണ്ടായിരുന്നു. ആശിര്‍വാദിന്‍റെ ഓഫീസില്‍ തന്നെ ആയിരുന്നു. ആന്‍റണി ചേട്ടനും ഉണ്ടായിരുന്നു. ലാല്‍ സാറിന് ഇത് മുഴുവന്‍ കേട്ട് കഴിഞ്ഞിട്ട് അദ്ദേഹത്തിന് എല്ലാം കണക്റ്റ് ആവുന്നു. കാരണം പ്രസക്തമായ ഒരു വിഷയം ആയതുകൊണ്ട്. ഇതിലെ മമ്മൂക്കയുടെ ക്യാരക്റ്ററിന് ഒരുപാട് വിമതരുടെ ഷെയ്ഡ് ഉണ്ട്”, മഹേഷ് നാരായണന്‍ തുടരുന്നു.
“അതില്‍ ജമാല്‍ കഷോഗിയുടെ (കൊല്ലപ്പെട്ട വിമതനായ സൗദി ജേണലിസ്റ്റ്) ഷെയ്ഡ് ഉണ്ട്. ലാല്‍ സാര്‍ ഒത്തിരി വായിക്കുന്ന ആളാണ്. നിലവിലെ രാഷ്ട്രീയം ഒത്തിരി ശ്രദ്ധിക്കുന്ന മനുഷ്യനാണ്. അദ്ദേഹം എന്നോട് ചോദിച്ചു ഇത് ആ ക്യാരക്റ്ററിന്‍റെ ഇന്‍സ്പിരേഷന്‍ അല്ലേ എന്ന്. ആണെന്ന് ഞാന്‍ പറഞ്ഞു. ആ എയര്‍പോര്‍ട്ടില്‍ നടക്കുന്ന സംഭവം കിം ജോങ് ഉന്നിന്‍റെ സഹോദരന് (കിം ജോങ് ഉന്നിന്‍റെ അര്‍ധ സഹോദരന്‍ കിം ജോങ് നാം) സംഭവിച്ചതാണ്. അതും പുള്ളി എന്നോട് പറഞ്ഞു. ഇത് ആ സംഭവമല്ലേ എന്ന്. അത് ചേര്‍ത്തു വച്ചത് വളരെ നന്നായിരിക്കുന്നു എന്ന്. ആ കെമിക്കലിന്‍റെ പേര് പോലും പുള്ളി പറഞ്ഞു, അത് അലക്സി നവാല്‍നിയില്‍ (റഷ്യന്‍ പ്രതിപക്ഷ നേതാവായിരുന്ന ആള്‍) ഉപയോഗിച്ചത് അല്ലേ എന്ന്. അത് തന്നെയാണെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ ഇത്രയും കാര്യങ്ങള്‍ അദ്ദേഹത്തിന് കണക്റ്റ് ആയി. എല്ലാ സത്തയും മനസിലാക്കിയിട്ടാണ് അദ്ദേഹം പറഞ്ഞത്, ഞാന്‍ ഇത് ചെയ്യുന്നു എന്ന്. എനിക്കുവേണ്ടി നിങ്ങളൊന്നും കൂടുതലായി മാറ്റേണ്ട ആവശ്യമില്ലെന്നും പറഞ്ഞു. നിങ്ങള്‍ പറഞ്ഞതുപോലെയാണ് നമ്മള്‍ ഇത് ചെയ്യാന്‍ പോകുന്നതെങ്കില്‍ കറക്റ്റ് ആണെന്നും പുള്ളി പറഞ്ഞു. അങ്ങനെയാണ് അദ്ദേഹം പറഞ്ഞത്”, മഹേഷ് നാരായണന്‍റെ വാക്കുകള്‍. കഥാപാത്രമാവാന്‍ താരങ്ങള്‍ക്ക് ബുദ്ധിമുട്ട് ഇല്ലായിരുന്നുവെന്ന് മഹേഷ് നാരായണന്‍ കൂട്ടിച്ചേര്‍ക്കുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ