ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ് നടൻ തവസി അന്തരിച്ചു

By Web TeamFirst Published Nov 23, 2020, 9:14 PM IST
Highlights

മധുരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു തവസി. ചികിത്സയ്ക്ക് പണമില്ലെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് തവസി സംസാരിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെപ്പേർ വേദനയോടെ പങ്കുവച്ചിരുന്നതാണ്.

മധുരൈ: തമിഴ്സിനിമയിലെ ഹാസ്യതാരമായിരുന്ന തവസി (60) അന്തരിച്ചു. ക്യാൻസർ ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു തവസി. കോമഡി, നെഗറ്റീവ് റോളുകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന നടനായിരുന്നു അദ്ദേഹം. മധുരൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. 

ചികിത്സയ്ക്ക് പണമില്ലെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് തവസി സംസാരിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെപ്പേർ വേദനയോടെ പങ്കുവച്ചിരുന്നതാണ്. തവസിയുടെ ദയനീയസ്ഥിതി ശ്രദ്ധയിൽപ്പെട്ട തിരുപ്പറൻകുൻട്രം എംഎൽഎയും, തവസി ചികിത്സയിൽ കഴിഞ്ഞിരുന്ന ആശുപത്രിയുടെ ഉടമയുമായ ഡോ. പി ശരവണൻ അദ്ദേഹത്തിന്‍റെ ചികിത്സ സൗജന്യമായിരിക്കുമെന്ന് പ്രഖ്യാപിച്ചു. സൂപ്പർതാരം രജനീകാന്തും നടൻ ശിവകാർത്തിയേകനും തവസിയുടെ ചികിത്സയ്ക്ക് സഹായം നൽകാമെന്ന് പ്രഖ്യാപിച്ചിരുന്നു.

ചികിത്സയ്ക്ക് സഹായം തേടിയുള്ള വീഡിയോയിൽ തവസി പറഞ്ഞതിങ്ങനെ, ''കിഴക്കുചീമയിലൈ മുതൽ രജനീകാന്തിന്‍റെ അണ്ണാത്തെ എന്ന സിനിമയിൽ വരെ 30 വർഷക്കാലമായി നിരവധി സിനിമകളിൽ ഞാൻ അഭിനയിച്ചു. ഒരിക്കലും ഇങ്ങനെ ഒരു അസുഖം എനിക്ക് വരുമെന്നോ ആരോഗ്യസ്ഥിതി ഇത്രയ്ക്ക് മോശമാകുമെന്നോ ഞാൻ കരുതിയതേയില്ല. ഇപ്പോൾ എനിക്ക് നന്നായി സംസാരിക്കാൻ പോലുമാകുന്നില്ല. എന്‍റെ കൂടെ അഭിനയിച്ചിരുന്ന അഭിനേതാക്കളോടാണ് എനിക്ക് അഭ്യർത്ഥിക്കാനുള്ളത്. എന്നെ സഹായിക്കണം. എനിക്കിനിയും അഭിനയിക്കണം''

2013-ൽ ശിവകാർത്തികേയൻ നായകനായിരുന്ന 'വരുത്തപ്പെടാത വാലിബർ സംഘം' എന്ന സിനിമയിലെ തവസിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

click me!