'ബെനഡിക്റ്റ് ഫാദര്‍ എവരെണ്ടീ'? 'ദി പ്രീസ്റ്റ്' തെലുങ്ക് പതിപ്പ് ആമസോണ്‍ പ്രൈമില്‍

By Web TeamFirst Published Aug 18, 2021, 2:26 PM IST
Highlights

മലയാളം ഒറിജിനല്‍ പതിപ്പ് നേരത്തെ ആമസോണ്‍ പ്രൈമില്‍ എത്തിയിരുന്നു

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്‍ത സൂപ്പര്‍നാച്ചുറല്‍ ഹൊറര്‍ മിസ്റ്ററി ചിത്രം 'ദി പ്രീസ്റ്റി'ന്‍റെ തെലുങ്ക് പതിപ്പ് ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനം ആരംഭിച്ചു. മലയാളം ഒറിജിനല്‍ പതിപ്പ് നേരത്തെ ആമസോണ്‍ പ്രൈമില്‍ എത്തിയിരുന്നു. മാര്‍ച്ച് 11ന് തിയറ്ററുകളിലെത്തിയ ചിത്രം മികച്ച വിജയം നേടിയിരുന്നു. തിയറ്റര്‍ റിലീസിനു ശേഷമുള്ള ഒടിടി റിലീസിലും പിന്നീട് ഏഷ്യാനെറ്റിലൂടെയുള്ള ടെലിവിഷന്‍ പ്രീമിയറിലും മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. 

കൊവിഡ് ആദ്യതരംഗത്തിനു ശേഷം തിയറ്ററുകളിലേക്കെത്തിയ മലയാളത്തില്‍ നിന്നുള്ള ആദ്യ സൂപ്പര്‍താര ചിത്രമായിരുന്നു ദി പ്രീസ്റ്റ്. സമീപകാലത്ത് ഒരു മമ്മൂട്ടി ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്ക്രീന്‍ കൗണ്ടും പ്രീസ്റ്റിനാണ് ലഭിച്ചത്. കേരളത്തില്‍ മാത്രം 306 സ്ക്രീനുകളിലാണ് ചിത്രം റിലീസിന് എത്തിയത്. മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായെത്തുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതലേ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമായിരുന്നു ഇത്. സംവിധായകന്‍റെ തന്നെ കഥയ്ക്ക് ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. രാഹുല്‍ രാജ് സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ് ആണ്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും ആര്‍ ഡി ഇല്യൂമിനേഷന്‍സിന്‍റെയും ബാനറില്‍ ആന്‍റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിഖില വിമല്‍, ശ്രീനാഥ് ഭാസി, സാനിയ ഇയ്യപ്പന്‍, ജഗദീഷ്, മധുപാല്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

അതേസമയം കൊവിഡ് കാലത്ത് ഡയറക്റ്റ് ഒടിടി റിലീസുകളിലൂടെ മലയാള സിനിമ രാജ്യമൊട്ടാകെ പുതിയ പ്രേക്ഷകരെ നേടുന്നുണ്ട്. മലയാളം ഡയറക്റ്റ് ഒടിടി റിലീസുകള്‍ വരുന്ന സമയത്ത് തമിഴ്, തെലുങ്ക്, ഹിന്ദി മൊഴിമാറ്റ പതിപ്പുകള്‍ ഉണ്ടോയെന്ന് അതാതു ഭാഷകളിലെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ അന്വേഷണം നടത്തുന്നതും പതിവു കാഴ്ചയാണ്. അതേസമയം ആമസോണ്‍ പ്രൈം, നെറ്റ്ഫ്ളിക്സ് പോലെയുള്ള മുന്‍നിര പ്ലാറ്റ്ഫോമുകളില്‍ എത്തുന്ന പല മലയാളചിത്രങ്ങളുടെയും തെലുങ്ക് മൊഴിമാറ്റ പതിപ്പുകള്‍ അഹ വീഡിയോ എന്ന തെലുങ്ക് ഒടിടി പ്ലാറ്റ്ഫോം ആണ് റിലീസ് ചെയ്യാറ്. ഒരു കുപ്രസിദ്ധ പയ്യന്‍, ഫോറന്‍സിക്, ട്രാന്‍സ് തുടങ്ങിയ ചിത്രങ്ങളൊക്കെ ഇത്തരത്തില്‍ മൊഴിമാറ്റി അഹ വീഡിയോ സ്ട്രീം ചെയ്‍തിരുന്നു. പ്രമുഖ തെലുങ്ക് നിര്‍മ്മാതാക്കളായ ഗീത ആര്‍ട്‍സിന്‍റെ സംരംഭമാണ് അഹ വീഡിയോ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!