'ഫാ. ബെനഡിക്റ്റിന്‍റെ' എക്സോര്‍സിസം; 'ദി പ്രീസ്റ്റ്' വിഎഫ്എക്സ് ബ്രേക്ക്ഡൗണ്‍ വീഡിയോ

By Web TeamFirst Published Jun 12, 2021, 11:57 AM IST
Highlights

പാരാസൈക്കോളജിയും എക്സോര്‍സിസവുമൊക്കെ കടന്നുവരുന്ന ചിത്രമായതുകൊണ്ടുതന്നെ 'ദി പ്രീസ്റ്റി'ല്‍ വിഷ്വല്‍ എഫക്റ്റ്സിന് അതീവ പ്രാധാന്യമുണ്ടായിരുന്നു. 

സിനിമാവ്യവസായത്തെ നിശ്ചലമാക്കിയ കൊവിഡ് ആദ്യതരംഗത്തിനു ശേഷം തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ഒരേയൊരു മമ്മൂട്ടി ചിത്രമായിരുന്നു 'ദി പ്രീസ്റ്റ്'. പാരാസൈക്കോളജിയില്‍ തല്‍പരനായ ഫാ. കാര്‍മന്‍ ബെനഡിക്റ്റ് എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ ചിത്രം തിയറ്ററുകളിലും പിന്നീട് ഒടിടി റിലീസിലും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ വാരം ഏഷ്യാനെറ്റില്‍ നടന്ന ടെലിവിഷന്‍ പ്രീമിയറും മികച്ച റേറ്റിംഗ് നേടി. ഇപ്പോഴിതാ ചിത്രത്തിന്‍റെ വിഎഫ്എക്സ് ബ്രേക്ക് ഡൗണ്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

പാരാസൈക്കോളജിയും എക്സോര്‍സിസവുമൊക്കെ കടന്നുവരുന്ന ചിത്രമായതുകൊണ്ടുതന്നെ 'ദി പ്രീസ്റ്റി'ല്‍ വിഷ്വല്‍ എഫക്റ്റ്സിന് അതീവ പ്രാധാന്യമുണ്ടായിരുന്നു. ഈ രംഗത്തെ പ്രഗത്‍ഭരായ ലവന്‍ പ്രകാശ്, കുശന്‍ പ്രകാശ് (ലവ കുശ- ഡിജിറ്റല്‍ ടര്‍ബോ മീഡിയ) എന്നിവരാണ് വിഎഫ്എക്സ് തെറ്റുകുറ്റങ്ങളില്ലാതെ നിര്‍വ്വഹിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷങ്ങളില്‍ 150ലേറെ സിനിമകള്‍ക്ക് വിഎഫ്എക്സ് നിര്‍വ്വഹിച്ചിട്ടുള്ളവരാണ് ഇവര്‍. കമ്മട്ടിപ്പാടം, മായാനദി, കള, ട്രാന്‍സ്, അയ്യപ്പനും കോശിയും തുടങ്ങി മലയാളത്തിലെ നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ വിഷ്വല്‍ എഫക്റ്റ്സ് ഈ ടീം ആയിരുന്നു. കൂടാതെ കന്നഡ, തമിഴ് ചിത്രങ്ങളും ചെയ്തിട്ടുണ്ട്. തുറമുഖം, ഭ്രമം, ഡിക്കിലോണ (തമിഴ്) തുടങ്ങിയവയാണ് ഇവരുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!