
കൊവിഡ് നിയന്ത്രണങ്ങള്‍ (Covid Curbs) നീക്കിയതിന് പിന്നാലെ തിയറ്ററിലേക്ക് ഇന്നെത്തുന്നത് മൂന്ന് വമ്പന്‍ ചിത്രങ്ങള്‍. മെഗാസ്റ്റാര്‍ മമ്മൂട്ടി (Mammootty) ചിത്രമായ ഭീഷ്മപര്‍വ്വവും ദുല്‍ഖര്‍ സല്‍മാന്‍ (Dulquer Salmaan) ചിത്രമായ ഹേ സിനാമികയും ടൊവിനോ (Tovino Thomas) ചിത്രമായ നാരദനുമാണ് ഒരേ ദിവസം തന്നെ തിയറ്ററുകളെ പൂരപ്പറമ്പ് ആക്കാനായി എത്തുന്നത്. തിയറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിക്കാനുള്ള അനുമതിക്ക് പിന്നാലെയുള്ള ആദ്യ റിലീസാണ് ഇന്ന് നടക്കുന്നത്. കേരളത്തിലെ മുന്നൂറ്റി അന്‍പതോളം തിയറ്ററുകളിലേക്കാണ് അമല്‍ നീരദ് ചിത്രമായ ഭീഷ്മ പര്‍വ്വം എത്തുന്നത്.
ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരക്കുന്നത്.
തമിഴ് ചിത്രമായ ഹേ സിനാമിക നൂറോളം സ്ക്രീനുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. പ്രീത ജയരാമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അദിതി റാവു, കാജല്‍ അഗര്‍വാള്‍, നക്ഷത്ര നാഗേഷ്, മിർച്ചി വിജയ്, താപ്പ, കൗശിക്, അഭിഷേക് കുമാർ, പ്രദീപ് വിജയൻ കോതണ്ഡ രാമൻ, ഫ്രാങ്ക്, സൗന്ദര്യ, ജെയിൻ തോംപ്‍സൺ, രഘു, സംഗീത, ധനഞ്‍ജയൻ എന്നിവരും വേഷമിടുന്നു.
മമ്മൂട്ടിയും മകന്‍ ദുല്‍ഖറും ഇതുവരെയും ഒരുചിത്രത്തില്‍ അഭിനയിച്ചിട്ടില്ല. മാത്രമല്ല ഇരുവരം നായകന്മാരായി എത്തുന്ന ചിത്രം ഒരേ സമയത്ത് റിലീസ് ചെയ്തിട്ടുമില്ല. അതുകൊണ്ട് തന്നെ ബോക്സോഫീസിലെ അച്ഛന്‍ മകന്‍ പോരാട്ടത്തെ ഏറെ കൌതുകത്തോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്. സമൂഹമാധ്യമങ്ങളിലും ഇരുചിത്രങ്ങള്‍ക്ക് വേണ്ടിയും ചേരി തിരഞ്ഞുള്ള പ്രചാരണവും സജീവമാണ്.
മായാനദിക്ക് ശേഷം ആഷിഖ് അബു - ടൊവിനോ തോമസ് കൂട്ടുകെട്ടിലാണ് നാരദന്‍ എത്തുന്നത്. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദന്‍ ഒരുക്കിയിരിക്കുന്നത്. ഉണ്ണി. ആര്‍. ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ട്രെയിലർ പുറത്തിറങ്ങിയതോടെ ടൊവിനോ ഡബിള്‍ റോളിലാണോ ചിത്രത്തില്‍ എത്തുന്ന സംശയത്തിലാണ് ആരാധകരുള്ളത്. ഒരു പൊളിറ്റിക്കല്‍ ത്രില്ലറിന്റെ സ്വഭാവമുള്ള ചിത്രമായിരിക്കും നാരദന്‍ എന്നാണ് ട്രെയിലർ തരുന്ന സൂചന. ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ