തിയറ്ററുകള്‍ നാളെ തുറക്കുന്നു; ആരവമുയര്‍ത്താന്‍ ആദ്യം മാസ്റ്റര്‍

By Web TeamFirst Published Jan 12, 2021, 7:58 AM IST
Highlights

സൂപ്പര്‍ താരങ്ങളായ വിജയും വിജയ് സേതുപതിയും ഒന്നിക്കുന്ന ബിഗ്ബജറ്റ് തമിഴ് ചിത്രം മാസ്റ്റര്‍ ആണ് റിലീസ് ചെയ്യുന്ന ആദ്യ ചിത്രം.
 

തിരുവനന്തപുരം: പത്ത് മാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ തിയറ്ററുകള്‍ ബുധനാഴ്ച തുറക്കുന്നു. സൂപ്പര്‍ താരങ്ങളായ വിജയും വിജയ് സേതുപതിയും ഒന്നിക്കുന്ന ബിഗ്ബജറ്റ് തമിഴ് ചിത്രം മാസ്റ്റര്‍ ആണ് റിലീസ് ചെയ്യുന്ന ആദ്യ ചിത്രം. സിനിമ മേഖല ഉന്നയിച്ച വിവിധ പ്രശ്‌നങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ അനുകൂലനിലപാടെടുത്തതോടെയാണ് തീരുമാനം.

പാതി സീറ്റില്‍ മാത്രം ആളെ ഇരുത്തി, കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും ബുധനാഴ്ച മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനം. മാര്‍ച്ച് മാസം വരെ വിനോദ നികുതി വേണ്ട, വൈദ്യുതി നിശ്ചിത ഫീസില്‍ 50 ശതമാനം ഇളവ്, ലൈസന്‍സ് പുതുക്കേണ്ട കാലാവധിയും മാര്‍ച്ച് വരെ നീട്ടി.സിനിമ സംഘടനകള്‍ ഏറെ നാളായി ഉന്നയിക്കുന്ന ഈ ആവശ്യങ്ങള്‍ക്ക് ചര്‍ച്ചയില്‍ മുഖ്യമന്ത്രി സമ്മതം പറഞ്ഞതോടെ തിയറ്ററുകള്‍ തുറക്കാന്‍ വഴിയൊരുങ്ങി.മാസ്റ്ററിന് ശേഷം മലയാള സിനിമകള്‍ മുന്‍ഗണന ക്രമത്തില്‍ റിലീസ് ചെയ്യും. ഫിയോക്ക് ചെയര്‍മാന്‍ ദിലീപ് ഉള്‍പ്പടെ പങ്കെടുത്ത യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം.

തിയറ്റര്‍ ഉടമകള്‍ നിര്‍മ്മാതാക്കള്‍ക്ക് നല്‍കേണ്ട കുടിശ്ശിക കൊടുത്ത് തീര്‍ക്കാനും ഫിലിം ചേമ്പര്‍ യോഗത്തില്‍ സമയപരിധി നിശ്ചയിച്ചു. സിനിമ മേഖലയെ പിന്തുണച്ച സര്‍ക്കാര്‍ നിലപാടില്‍ നടന്മാരായ മോഹന്‍ലാല്‍,പൃഥിരാജ് ഉള്‍പ്പടെയുള്ളവര്‍ സമൂഹ്യമാധ്യമങ്ങളിലൂടെയും നന്ദി അറിയിച്ചു. ജനുവരി 5ന് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തിയറ്റര്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.എന്നാല്‍ സിനിമ മേഖലക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന നിലപാടില്‍ സിനിമ സംഘടനകള്‍ ഉറച്ച് നിന്നതോടെയാണ് തീരുമാനം വൈകിയത്.
 

click me!