
ഒരുകാലത്ത് എ, ബി, സി ക്ലാസ് വിഭജനങ്ങളുണ്ടായിരുന്നു തീയേറ്ററുകള്‍ക്ക്. നഗരങ്ങളിലെ മികച്ച സൗകര്യങ്ങളുള്ള റിലീസിംഗ് സെന്ററുകളായിരുന്നു 'എ ക്ലാസ്' എന്നറിയപ്പെട്ടത്. ഇടത്തരം പട്ടണങ്ങളിലേത് 'ബി ക്ലാസും' ഗ്രാമപ്രദേശങ്ങളിലുള്ളവ 'സി ക്ലാസും' ആയിരുന്നു. റിലീസിംഗ് സെന്ററുകളായ എ ക്ലാസിലെ പ്രദര്‍ശനം പൂര്‍ത്തിയാക്കിയതിന് ശേഷമായിരുന്നു ചിത്രങ്ങള്‍ ബി ക്ലാസ് തീയേറ്ററുകളില്‍ എത്തിയിരുന്നത്. ബി ക്ലാസ് കഴിഞ്ഞാല്‍ സി ക്ലാസ് തീയേറ്ററുകളിലും സിനിമകള്‍ എത്തിയിരുന്നു. ഇങ്ങനെ വിജയചിത്രങ്ങളെ സംബന്ധിച്ച് മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനമാണ് മുന്‍പ് ഉണ്ടായിരുന്നത്. എന്നാല്‍ വൈഡ് റിലീസും സാറ്റലൈറ്റ് പ്രൊജക്ഷനും നിലവില്‍ വന്നതോടെ എ-ബി-സി വിഭജനത്തില്‍ കാര്യമില്ലാതായി. നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ പ്രദേശങ്ങളിലുള്ള തീയേറ്ററുകളിലും റിലീസിംഗ് സംഭവിച്ചുതുടങ്ങി. വൈഡ് റിലീസിംഗ് വന്നതോടെ തങ്ങളുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനായി കാര്യമായ മുതല്‍മുടക്കിനും കേരളത്തിലെ തീയേറ്റര്‍ ഉടമകള്‍ തയ്യാറായിരുന്നു. 4കെ പ്രൊജക്ഷനും ഡോള്‍ബി അറ്റ്‌മോസ് ശബ്ദസംവിധാനവുമൊക്കെ ഇന്ന് കേരളത്തിലെ മിക്ക തീയേറ്ററുകളിലുമുണ്ട്. ഒപ്പം മികച്ച സീറ്റിംഗും പാര്‍ക്കിംഗ് സംവിധാനവും. ഇതൊക്കെ നന്നായാല്‍ മാത്രമാണ് ഇന്ന് പ്രേക്ഷകര്‍ വരുക എന്ന് നന്നായി അറിയാവുന്നവരാണ് തീയേറ്റര്‍ ഉടമകള്‍. ഇപ്പോഴിതാ കേരളത്തിലെ ഏറ്റവും മികച്ച മൂന്ന് തീയേറ്ററുകള്‍ ഏതൊക്കെയെന്ന് തെരഞ്ഞെടുത്തിരിക്കുകയാണ് ഒരു സെമിനാര്‍.
തൃശൂരിലെ ചേതന സ്ഥാപനങ്ങളുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തൃശൂര്‍ റീജണല്‍ തീയേറ്ററില്‍ നടന്ന സെമിനാറിലാണ് കേരളത്തിലെ മികച്ച മൂന്ന് തീയേറ്ററുകളെ തെരഞ്ഞെടുത്തത്. തിരുവനന്തപുരത്തെ 'ഏരീസ്‌പ്ലെക്‌സ് എസ്എല്‍ സിനിമാസ്', തൃശൂരിലെ 'ജോര്‍ജേട്ടന്‍സ് രാഗം തീയേറ്റര്‍', കോഴിക്കോട് മുക്കത്തെ 'റോസ് സിനിമാസ്' എന്നിവയെയാണ് കേരളത്തിലെ ഏറ്റവും മികച്ച തീയേറ്ററുകളായി തെരഞ്ഞെടുത്തിരിക്കുന്നത്. മികച്ച ദൃശ്യ-ശ്രാവ്യ മികവുള്ള തീയേറ്ററുകള്‍ എന്ന നിലയ്ക്കാണ് തെരഞ്ഞെടുപ്പ്.
'മിക്‌സ് റൂം ടു എക്‌സിബിഷന്‍ ഹാള്‍' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സെമിനാര്‍ നടന്നത്. ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ ബി ആര്‍ ജേക്കബ്, ഷൈജു അഗസ്റ്റിന്‍, സൗണ്ട് മിക്‌സിംഗ് എന്‍ജിനീയര്‍മാരായ അജിത്ത് എബ്രഹാം ജോര്‍ജ്, വിനു വി ശിവറാം, ഹരികുമാര്‍ നായര്‍, എം ആര്‍ രാജകൃഷ്ണന്‍, ഡോള്‍ബി ഇന്ത്യ പ്രതിനിധി ഹരീന്ദ്രനാഥ് ദ്വാരക തുടങ്ങിയവര്‍ സംവാദത്തില്‍ പങ്കെടുത്തു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ