
ഒരു മോഹന്‍ലാല്‍ സിനിമയ്ക്ക് പോസിറ്റീവ് റെസ്പോണ്‍സ് വന്നാല്‍ ബോക്സ് ഓഫീസില്‍ സംഭവിക്കുന്നത് എന്താണെന്ന് മോളിവുഡ് മുന്‍പ് പലകുറി കണ്ടിട്ടുള്ളതാണ്. തൊട്ടുമുന്‍പ് മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഒരുപക്ഷേ ഏറ്റവും വലിയ പ്രീ റിലീസ് പബ്ലിസിറ്റിയുമായി എത്തിയ എമ്പുരാന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും ബോക്സ് ഓഫീസില്‍ 250 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന ആദ്യ മലയാള സിനിമയായി. ആരാധകരും കുടുംബ പ്രേക്ഷകരുമെല്ലാം ഒരേ സ്വരത്തില്‍ പോസിറ്റീവ് അഭിപ്രായം പറയുന്ന ഒരു മോഹന്‍ലാല്‍ ചിത്രം വന്നിട്ട് ഏറെക്കാലമായി. ഇന്നലെ തിയറ്ററുകളിലെത്തിയ തുടരും എന്ന ചിത്രത്തിലൂടെ അത് സംഭവിച്ചിരിക്കുകയാണ്. ആദ്യ ഷോകള്‍ക്കിപ്പുറം പോസിറ്റീവ് അഭിപ്രായം വന്നതോടെ ടിക്കറ്റ് വില്‍പ്പനയില്‍ വലിയ നേട്ടമാണ് ചിത്രം കൈവരിച്ചത്.
റിലീസിന് രണ്ട് ദിവസം മുന്‍പ് മാത്രം ആരംഭിച്ച അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗില്‍ ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. എന്നാല്‍ റിലീസ് ദിനത്തില്‍ ആദ്യ ഷോകള്‍ക്കിപ്പുറം പോസിറ്റീവ് അഭിപ്രായം വന്നതോടെ ടിക്കറ്റ് ബുക്കിംഗ് വെബ് സൈറ്റുകളില്‍ കുതിച്ചുകയറ്റമാണ് സംഭവിച്ചത്. പ്രമുഖ ബുക്കിംഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയില്‍ മണിക്കൂറില്‍ 35,000 ല്‍ അധികം ടിക്കറ്റുകള്‍ വില്‍ക്കുന്ന നിലയിലേക്കും ചിത്രം ഇന്നലെ എത്തിയിരുന്നു. റിലീസിന് ശേഷമുള്ള ഈ കണക്ക് എമ്പുരാന് ലഭിച്ചതിനേക്കാളും മുകളില്‍ ആയിരുന്നു. ഇപ്പോഴിതാ മറ്റൊരു കണക്ക് കൂടി പുറത്തെത്തിയിരിക്കുകയാണ്. റിലീസ് ദിനത്തില്‍ ഇന്ത്യന്‍ സിനിമകള്‍ നേടിയ ബുക്ക് മൈ ഷോ ബുക്കിംഗിന്‍റേത് ആണ് അത്.
2025 ല്‍ റിലീസ് ചെയ്യപ്പെട്ട ഇന്ത്യന്‍ ചിത്രങ്ങളില്‍ റിലീസ് ദിനത്തിലെ ബുക്ക് മൈ ഷോ ബുക്കിംഗില്‍ നിരവധി വമ്പന്‍ ഇതരഭാഷാ ചിത്രങ്ങളെയും തുടരും പിന്നിലാക്കിയിട്ടുണ്ട്. ലിസ്റ്റില്‍ രണ്ടാം സ്ഥാനത്താണ് ചിത്രം. തുടരും ഇന്നലെ ബിഎംഎസ് (ബുക്ക് മൈ ഷോ) വഴി വിറ്റത് 4.30 ലക്ഷം ടിക്കറ്റുകളാണെങ്കില്‍ രാം ചരണിന്‍റെ ഗെയിം ചേഞ്ചര്‍, വെങ്കടേഷിന്‍റെ സംക്രാന്തി കി വസ്തുനം, മോഹന്‍ലാലിന്‍റെ തന്നെ എമ്പുരാന്‍, അജിത്ത് കുമാറിന്‍റെ ഗുഡ് ബാഡ് അഗ്ലി, നന്ദമുരി ബാലകൃഷ്ണയുടെ ഡാകു മഹാരാജ്, സല്‍മാന്‍ ഖാന്‍റെ സിക്കന്ദര്‍, അജിത്ത് കുമാറിന്‍റെ വിടാമുയര്‍ച്ചി, നാഗ ചൈതന്യയുടെ തണ്ടേല്‍ എന്നീ ചിത്രങ്ങളെല്ലാം പിന്നിലാണ്. ഈ വര്‍ഷത്തെ കണക്കില്‍ തുടരുമിന് മുന്നിലുള്ള ഒരേയൊരു ചിത്രം വിക്കി കൗശല്‍ നായകനായ ബോളിവുഡ് ചിത്രം ഛാവയാണ്. 6.68 ലക്ഷം ടിക്കറ്റുകളാണ് ചിത്രം റിലീസ് ദിനത്തില്‍ വിറ്റത്.
ALSO READ : 'ഉദ്‍ഘാടനങ്ങള്‍ക്ക് വന്‍ തുക'? കമന്‍റുകള്‍ക്ക് മറുപടിയുമായി പ്രേക്ഷകരുടെ 'അപ്പു'