
2022 ല്‍ പുറത്തെത്തിയ ബോക്സ് ഓഫീസില്‍ വിജയം നേടിയ ചിത്രമായിരുന്നു തെലുങ്കില്‍ നിന്നുള്ള ഡിജെ ടില്ലു. സിദ്ധു ജൊന്നലഗഡ്ഡ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ നേഹ ഷെട്ടിയാണ് നായികയായത്. ചിത്രത്തിന്‍റെ രണ്ടാം ഭാഗം തിയറ്ററുകളിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ്. ടില്ലു സ്ക്വയര്‍ എന്ന് പേരിട്ടിട്ടുള്ള ചിത്രത്തില്‍ അനുപമ പരമേശ്വരനാണ് നായിക. ഇപ്പോഴിതാ ചിത്രം സംബന്ധിച്ച ഒരു അപ്ഡേറ്റ് അറിയിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ചിത്രത്തിന്‍റെ സെന്‍സറിംഗ് കഴിഞ്ഞതായാണ് അത്. യു/ എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്.
ഡിജെ ടില്ലു സംവിധാനം ചെയ്തത് വിമല്‍ കൃഷ്ണ ആയിരുന്നെങ്കില്‍ ടില്ലു സ്ക്വയര്‍ സംവിധാനം ചെയ്യുന്നത് മാലിക് റാം ആണ്. മുരളീധര്‍ ഗൗഡ്, സിവിഎല്‍ നരസിംഹ റാവു, മുരളി ശര്‍മ്മ, പ്രണീത് റെഡ്ഡി കല്ലെം, രാജ് തിരണ്ഡസു തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സായ് പ്രകാശ് ഉമ്മഡിസിംഗുവാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. എഡിറ്റിംഗ് നവീന്‍ നൂളി, സംഗീതം റാം മിരിയാല, അച്ചു രാജാമണി, കലാസംവിധാനം എ എസ് പ്രകാശ്. സിതാര എന്‍റര്‍ടെയ്ന്‍മെന്‍റ്സ്, ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസ് എന്നീ ബാനറുകളില്‍ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.
റിലീസ് തീയതി പല കുറി മാറ്റിവെക്കപ്പെട്ട സിനിമയാണ് ടില്ലു സ്ക്വയര്‍. പോസ്റ്റ് പ്രൊഡക്ഷനുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു കാരണം. ഫെബ്രുവരി 9 ന് എത്തുമെന്ന് അറിയിച്ചിരുന്ന ചിത്രം ആ ദിവസവും എത്തിയില്ല. മാര്‍ച്ച് 29 ആണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന റിലീസ് തീയതി. തെലുങ്കിലെ അപ്കമിംഗ് ചിത്രങ്ങളില്‍ പ്രേക്ഷകശ്രദ്ധയിലുള്ള ഒന്നാണ് ഇത്.
ALSO READ : ഷറഫുദ്ദീനൊപ്പം ഐശ്വര്യ ലക്ഷ്‍മി; 'ഹലോ മമ്മി' ചിത്രീകരണം പൂര്‍ത്തിയായി