
ഹൈദരാബാദ്: ലഡ്ഡുവിനെ കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറിയിട്ടും, പുലിവാല് പിടിച്ച് തമിഴ് നടൻ കാർത്തി. പവൻ കല്യാൺ താക്കീത് ചെയ്‌തതോടെ കാർത്തിക്ക് മാപ്പ് പറയേണ്ടിയും വന്നു. തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ചേർത്തെന്ന ആരോപണം ആന്ധ്രയിൽ കത്തി നില്‍ക്കുമ്പോഴാണ് മെയ്യഴകൻ സിനിമയുടെ പ്രചാരണ പരിപാടിക്കായി നായകൻ കാർത്തിയും സംഘവും ഹൈദരാബാദിൽ എത്തിയത്. ലഡ്ഡുവിനെകുറിച്ചുള്ള മീം സ്‌ക്രീനിൽ കാണിച്ച ശേഷം കാർത്തിയോട് അവതാരക പ്രതികരണം തേടി.
പക്ഷേ ലഡ്ഡു വൈകാരിക വിഷയം എന്ന കാർത്തിയുടെ പരാമർശം ആന്ധ്ര ഉപമുഖ്യമന്ത്രിയും തെലുങ്ക് സൂപ്പർ താരവുമായി പവൻ കല്യാണിന് പിടിച്ചില്ല. ചലച്ചിത്ര മേഖലയിൽ ഉള്ളവർ സനാതന ധർമത്തെ ഇകഴ്ത്തി സംസാരിക്കരുതെന്ന് പവൻ കല്യാൺ കാര്‍ത്തിയെ താക്കീത് ചെയ്തു. പവൻ കല്യാണിന്‍റെ പരസ്യ ശകാരം വന്നത്തോടെ കാർത്തി മാപ്പാപേക്ഷയുമായി രംഗത്തെത്തി.
വെങ്കിടേശ്വര ഭഗവാന്‍റെ ഭക്തനായ താൻ പാരമ്പര്യങ്ങളോട് എപ്പോഴും ബഹുമാനം പ്രകടിപ്പിക്കാറുണ്ടെന്നും കാർത്തി സാമൂഹിക മാധ്യങ്ങളിൽ കുറിച്ചു. വിവാദത്തിൽ ചാടാതിരിക്കാനുള്ള കരുതലാണ് കാർത്തി കാണിച്ചതെങ്കിലും സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ഉയർന്നിട്ടുണ്ട്. തെറ്റ് ചെയ്യാതെ എന്തിന് മാപ്പ് പറയുന്നത് എന്നാണ് പലരുടെയും ചോദ്യം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം