
മെയ് 21.. മലയാളി സിനിമാപ്രേമികള്‍ മറക്കാത്ത ഒരു ദിവസം. തലമുറകളെ തിരശ്ശീലയിലെ ഭാവപ്രകടനങ്ങള്‍ കൊണ്ട് വിസ്മയിപ്പിച്ച, എണ്ണിയാലൊടുങ്ങാത്ത രസനിമിഷങ്ങള്‍ സമ്മാനിച്ച മോഹന്‍ലാലിന്‍റെ പിറന്നാള്‍ദിനം. പതിവുപോലെ തന്നെ മോഹന്‍ലാലിന്‍റെ ഈ പിറന്നാള്‍ ദിനത്തിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ നിറഞ്ഞുകവിഞ്ഞ് ആശംസകളുടെ പ്രവാഹമായിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിന്‍റെ പിറന്നാളിനോടനുബന്ധിച്ച് ഒരു ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആയ ഐഎംഡിബി. തങ്ങളുടെ പ്ലാറ്റ്ഫോമില്‍ ഏറ്റവുമധികം റേറ്റിംഗ് ലഭിച്ച 10 മോഹന്‍ലാല്‍ ചിത്രങ്ങളുടെ ലിസ്റ്റ് ആണ് അത്.
ഐഎംഡിബി ടോപ്പ് റേറ്റഡ് മോഹന്‍ലാല്‍ ചിത്രങ്ങള്‍
1. കിരീടം- (റേറ്റിംഗ്- 8.9)
2. നാടോടിക്കാറ്റ്- 8.8
3. മണിച്ചിത്രത്താഴ്- 8.8
4. ദേവാസുരം- 8.7
5. ചിത്രം- 8.7
6. സ്ഫടികം- 8.6
7. തൂവാനത്തുമ്പികള്‍- 8.6
8. കിലുക്കം- 8.6
9. ഗുരു- 8.5
10. കാലാപാനി- 8.5
അതേസമയം മോഹന്‍ലാലിന്‍റേതായി നിരവധി ശ്രദ്ധേയ പ്രോജക്റ്റുകളാണ് പുറത്തെത്താനുള്ളത്. ജീത്തു ജോസഫിന്‍റെ റാം, ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്‍, മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം ബറോസ്, എംടിയുടെ രചനകളെ ആസ്പദമാക്കിയുള്ള നെറ്റ്ഫ്ലിക്സ് ആന്തോളജിക്കുവേണ്ടി പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ഓളവും തീരവും റീമേക്ക് എന്നിവയാണ് മലയാളത്തില്‍ മോഹന്‍ലാലിന്‍റേതായി പുറത്തെത്താനുള്ള ചിത്രങ്ങള്‍. തമിഴില്‍ നെല്‍സണ്‍ ദിലീപ്‍കുമാറിന്‍റെ രജനീകാന്ത് ചിത്രം ജയിലറില്‍ അതിഥിതാരമായും മോഹന്‍ലാല്‍ എത്തുന്നുണ്ട്. ഇതില്‍ മലൈക്കോട്ടൈ വാലിബന്‍റെ ഫസ്റ്റ് ഗ്ലിംപ്സ് വീഡിയോ അണിയറക്കാര്‍ ഇന്ന് പുറത്തുവിട്ടിരുന്നു. ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാണ് ഇത്. രാജസ്ഥാന്‍ ആണ് പ്രധാന ലൊക്കേഷന്‍. ചെന്നൈ ഷെഡ്യൂള്‍ ആണ് ഇനി പൂര്‍ത്തിയാവാനുള്ളത്.
ALSO READ : 161 പ്രദര്‍ശനങ്ങള്‍, 52000 ടിക്കറ്റുകള്‍; ഏരീസ് പ്ലെക്സില്‍ നിന്ന് '2018' നേടിയ കളക്ഷന്‍