'മലപ്പുറത്തിനെതിരായ വ്യാജപ്രചരണങ്ങള്‍ നേരത്തേയുണ്ട്'; മേനക ഗാന്ധിയുടെ പരാമര്‍ശത്തെക്കുറിച്ച് ടൊവീനോ തോമസ്

By Web TeamFirst Published Jun 4, 2020, 9:17 PM IST
Highlights

കേരളത്തില്‍ മൂന്ന് ദിവസത്തിലൊരിക്കല്‍ ഒരാന വീതം കൊല്ലപ്പെടുന്നുണ്ടെന്നതടക്കം ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള മറ്റ് വ്യാജപ്രചരണങ്ങള്‍ക്കെതിരായ ചില ശ്രദ്ധേയ സോഷ്യല്‍ മീഡിയ പോസ്റ്റുകളും ടൊവീനോ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. 

സൈലന്‍റ് വാലി ദേശീയോദ്യാനത്തില്‍ സ്ഫോടകവസ്തു ഒളിപ്പിച്ച പൈനാപ്പിള്‍ കഴിച്ച് കാട്ടാന കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെടുത്തി നടക്കുന്ന വിദ്വേഷപ്രചരണങ്ങളില്‍ പ്രതികരണവുമായി നടന്‍ ടൊവീനോ തോമസ്. സംഭവം നടന്നത് പാലക്കാട് ജില്ലയില്‍ ഉള്‍പ്പെട്ട പ്രദേശത്താണെന്നിരിക്കെ കാട്ടാന കൊല്ലപ്പെട്ടത് മലപ്പുറത്താണെന്നും മലപ്പുറം സംഘര്‍ഷാത്മകമായ സ്ഥലമാണെന്നുമൊക്കെ സമൂഹമാധ്യമങ്ങളില്‍ പ്രചരണങ്ങളുണ്ടായി. മൃഗസംരക്ഷണ പ്രവര്‍ത്തകയായ ബിജെപി എംപി മേനക ഗാന്ധിയും മാധ്യമങ്ങളോടുള്ള പ്രതികരണങ്ങളില്‍ ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു.  രാജ്യത്തെ ഏറ്റവും സംഘര്‍ഷാത്മകമായ ജില്ലയാണ് മലപ്പുറം എന്നായിരുന്നു ബിജെപി എംപിയുടെ പ്രതികരണം. എന്നാല്‍ ഈ ആരോപണത്തിന് വസ്തുതകളുടെ പിന്‍ബലമില്ലെന്നും മലപ്പുറത്തെക്കുറിച്ച് ഇത്തരത്തിലുള്ള വ്യാജ ആരോപണങ്ങള്‍ നേരത്തേയുണ്ടെന്നുമുള്ള അഭിപ്രായം ടൊവീനോ ഫേസ്ബുക്കിലൂടെ പങ്കുവച്ചു.

കേരളത്തില്‍ മൂന്ന് ദിവസത്തിലൊരിക്കല്‍ ഒരാന വീതം കൊല്ലപ്പെടുന്നുണ്ടെന്നതടക്കം ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള മറ്റ് വ്യാജപ്രചരണങ്ങള്‍ക്കെതിരായ ചില ശ്രദ്ധേയ സോഷ്യല്‍ മീഡിയ പോസ്റ്റുകളും ടൊവീനോ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. 

ALSO READ: കേരളത്തില്‍ മൂന്ന് ദിവസത്തിനിടെ ഒരാന കൊല്ലപ്പെടുന്നു? മേനക ഗാന്ധിയുടെ പരാമര്‍ശത്തിലെ വസ്തുത-FACT CHECK

കാട്ടുപന്നികളെ പിടികൂടാന്‍ ഒരുക്കിയ കെണിയാണ് ഗര്‍ഭിണിയായ കാട്ടാനയുടെ ജീവനെടുത്തത്. സംഭവം ദേശീയതലത്തില്‍ മാധ്യമശ്രദ്ധ ആകര്‍ഷിച്ചതോടെ കേരളത്തിനും മലപ്പുറം എന്ന പ്രദേശത്തിനുമെതിരായ വിദ്വേഷപ്രചരണത്തിനായി ഇതിനെ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെ പോസ്റ്റുകള്‍ എത്തി. തെറ്റായ വിവരങ്ങളില്‍ ഊന്നിയുള്ളതായിരുന്നു ഇത്തരം പോസ്റ്റുകളില്‍ മിക്കതും. അക്ഷയ് കുമാര്‍ ഉള്‍പ്പെടെയുള്ള സിനിമാതാരങ്ങളും വിരാട് കോലിയെപ്പോലെയുള്ള ക്രിക്കറ്റ് താരങ്ങളും സംഭവത്തെ അപലപിച്ചും കുറ്റക്കാരെ ശിക്ഷിക്കണമെന്ന് അഭ്യര്‍ഥിച്ചും രംഗത്തെത്തിയിരുന്നു. 

click me!