
മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത സംഭവമാണ് 2018 ലെ പ്രളയം. സമാനതകളില്ലാത്ത ദുരന്തം നേരിട്ട സമയത്ത് എല്ലാ വിഭാഗീയതകള്‍ക്കുമപ്പുറം ഒറ്റക്കെട്ടായി നിന്ന മലയാളി ഏത് ജനതയ്ക്കുമുള്ള പാഠവുമായിരുന്നു. ഇപ്പോഴിതാ പ്രളയം പശ്ചാത്തലമാക്കുന്ന മലയാള ചിത്രം 2018 തിയറ്ററുകളില്‍ വലിയ രീതിയില്‍ ഏറ്റെടുക്കപ്പെടുകയാണ്. ഇപ്പോഴിതാ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ള ടൊവിനോ തോമസിന്‍റെ ഒരു പഴയ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും വൈറല്‍ ആവുകയുമാണ്.
പ്രളയസമയത്ത് സമൂഹത്തിന്‍റെ നാനാതുറകളില്‍ പെട്ട മനുഷ്യര്‍ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാറിയിരുന്നു. നിരവധി സിനിമാപ്രവര്‍ത്തകരും നേരിട്ട് രംഗത്തിറങ്ങിയിരുന്നു. അക്കൂട്ടത്തില്‍ സജീവമായി ഇടപെട്ടയാളാണ് ടൊവിനോ തോമസ്. ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും നേരിട്ടെത്തിയിരുന്ന ടൊവിനോ സാധനങ്ങളും മറ്റും ഇറക്കാന്‍ സഹായിക്കുന്ന ചിത്രങ്ങളൊക്കെ അന്ന് വൈറല്‍ ആയിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരം എത്തിക്കാനായി സോഷ്യല്‍ മീഡിയ കാര്യമായി ഉപയോഗിക്കുകയും ചെയ്തിരുന്നു ആ സമയത്ത് അദ്ദേഹം. അന്നിട്ട ഒരു പോസ്റ്റ് ആണ് സിനിമ ഇറങ്ങിയതിന്‍റെ പശ്ചാത്തലത്തില്‍ വീണ്ടും ചര്‍ച്ചയാവുന്നത്. ദുരിതബാധിതരെ തന്‍റെ വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്റ് ആണ് അത്.
"ഞാന്‍ തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ എന്‍റെ വീട്ടിലാണ് ഉള്ളത്. ഇവിടെ അപകടകരമായ രീതിയില്‍ വെള്ളം പൊങ്ങിയിട്ടില്ല. കറന്‍റ് ഇല്ല എന്ന പ്രശ്നം മാത്രമേ ഉള്ളൂ. തൊട്ടടുത്തുള്ള സുരക്ഷിത കേന്ദ്രമായി കണ്ട് ആര്‍ക്കും ഇവിടെ വരാവുന്നതാണ്. കഴിയുംവിധം സഹായിക്കും. പരമാവധി പേര്‍ക്ക് ഇവിടെ താമസിക്കാം. സൗകര്യങ്ങള്‍ ഒരുക്കാം. ദയവ് ചെയ്ത് ദുരുപയോഗം ചെയ്യരുതെന്ന് അപേക്ഷ", എന്നാണ് ടൊവിനോ കുറിച്ചത്. 2018 ഓഗസ്റ്റ് 16 ലെ പോസ്റ്റ് ആണിത്. സിനിമ ഇറങ്ങിയതിനു പിന്നാലെ നിരവധി പേര്‍ കമന്‍റ് ചെയ്യുന്നതിനാല്‍ ഈ പോസ്റ്റ് വീണ്ടും ഫേസ്ബുക്ക് ഉപയോക്താക്കളുടെ ടൈംലൈനുകളിലേക്ക് കാര്യമായി എത്തുന്നുണ്ട്. 2018 ലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മറ്റാരെക്കാളും അനുയോജ്യന്‍ ടൊവിനോ ആണെന്നാണ് ചില കമന്‍റുകള്‍.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ