'കിലോമീറ്റേഴ്സ്' ഓണം സൂപ്പര്‍ഹിറ്റ്? ബാര്‍ക് റേറ്റിംഗ് പുറത്തുവിട്ട് ടൊവീനോ

By Web TeamFirst Published Sep 11, 2020, 6:57 PM IST
Highlights

മാര്‍ച്ച് 12ന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് മാറ്റുകയായിരുന്നു

കൊവിഡ് ഭീതിയ്ക്കിടെ എത്തിയ ഓണക്കാലമായതിനാല്‍ തീയേറ്റര്‍ റിലീസുകള്‍ ഒഴിഞ്ഞുനിന്ന ഓണമായിരുന്നു മലയാളി സിനിമാപ്രേമികളെ സംബന്ധിച്ച് ഇത്തവണ. എന്നാല്‍ പുതിയ സിനിമകള്‍ അവരെത്തേടി എത്താതിരുന്നില്ല. തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ടെലിവിഷനിലും ഒടിടി പ്ലാറ്റ്ഫോമുകളിലുമായി മൂന്ന് പുതിയ സിനിമകളാണ് ഈ ഓണത്തിന് എത്തിയത്. ടൊവീനോ തോമസ് നായകനായ കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്, ഫഹദ് ഫാസില്‍, റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സി യു സൂണ്‍, ജേക്കബ് ഗ്രിഗറി നായകനായ മണിയറയിലെ അശോകന്‍ എന്നിവയായിരുന്നു ഈ സിനിമകള്‍. ഇതില്‍ ടൊവീനോ ചിത്രം ഏഷ്യാനെറ്റിലൂടെയും മറ്റു രണ്ട് സിനിമകള്‍ ആമസോണ്‍ പ്രൈം, നെറ്റ്ഫ്ളിക്സ് എന്നിവയിലൂടെ ഒടിടി ഡയറക്ട് റിലീസുകളായുമാണ് എത്തിയത്. ഇപ്പോഴിതാ കിലോമീറ്റേഴ്സിന് ലഭിച്ച ബാര്‍ക് (ബ്രോഡ്‍കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) റേറ്റിംഗ് വെളിപ്പെടുത്തിയിരിക്കുകയാണ് ടൊവീനോ.

8.11 ലക്ഷം ഇംപ്രഷനുകള്‍ ലഭിച്ച ചിത്രത്തിന് ലഭിച്ച റീച്ച് 74 ലക്ഷം ആയിരുന്നെന്നും ടൊവീനോ പറയുന്നു. ഇതില്‍ ഇംപ്രഷനുകള്‍ കണക്കാക്കിയിരിക്കുന്നത് അര്‍ബന്‍ 15+ വിഭാഗത്തിലും റീച്ച് അര്‍ബന്‍ 2+ വിഭാഗത്തിലേതുമാണ്. തിരുവോണ ദിവസം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഏഷ്യാനെറ്റില്‍ ചിത്രത്തിന്‍റെ ഡയറക്ട് ടെലിവിഷന്‍ റിലീസ്.

ഇന്ത്യ കാണാനെത്തുന്ന അമേരിക്കക്കാരി പെണ്‍കുട്ടിയും ഒരു മലയാളി യുവാവുമൊത്തുള്ള സംസ്ഥാനാന്തര യാത്രയാണ് ചിത്രത്തിന്‍റെ പ്രമേയം. അമേരിക്കന്‍ നടി ഇന്ത്യ ജാര്‍വിസ് ആണ് നായിക. നേരത്തേ രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള ജിയോ ബേബിയുടെ മൂന്നാമത്തെ ചിത്രമാണിത്. ജോജു, ജോര്‍ജ്, ബേസില്‍ ജോസഫ് തുടങ്ങിയവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകന്‍റേതു തന്നെയാണ് രചന. രാംഷി അഹമ്മദ്, ആന്‍റോ ജോസഫ്, ടൊവീനോ തോമസ്, സിനു സിദ്ധാര്‍ഥ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം സിനു സിദ്ധാര്‍ഥ്. പശ്ചാത്തല സംഗീതം സുഷിന്‍ ശ്യാം. മാര്‍ച്ച് 12ന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് മാറ്റുകയായിരുന്നു.

click me!