'മിന്നല്‍ മുരളി' ഓണത്തിന്; മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി മോഹന്‍ലാല്‍

By Web TeamFirst Published Mar 20, 2021, 12:19 PM IST
Highlights

ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ മർമപ്രധാനമായ ക്ലൈമാക്സ് സംഘട്ടനരംഗങ്ങളുടെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു

ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് ഒരുക്കുന്ന 'മിന്നല്‍ മുരളി' ഓണം റിലീസ് ആയി എത്തും. ചിത്രത്തിന്‍റെ പുതിയ മോഷന്‍ പോസ്റ്ററിനൊപ്പമാണ് അണിയറക്കാര്‍ റിലീസ് എപ്പോഴെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ ആണ് പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ ലോഞ്ച് ചെയ്‍തത്. സൂപ്പര്‍ഹിറ്റ് ചിത്രം 'ഗോദ'യക്കു ശേഷം ടോവിനോ തോമസും ബേസിൽ ജോസഫും ഒരുമിക്കുന്ന ചിത്രമാണിത്.

മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന 'മിന്നല്‍ മുരളി' പ്രഖ്യാപന സമയം മുതല്‍ സിനിമാപ്രേമികളുടെ സജീവശ്രദ്ധയിലുള്ള പ്രോജക്ട് ആണ്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. മിസ്റ്റര്‍ മുരളിയെന്നാണ് ഹിന്ദി പതിപ്പിന്‍റെ പേര്. മെരുപ്പ് മുരളിയെന്ന് തെലുങ്ക് പതിപ്പിനും മിഞ്ചു മുരളിയെന്ന് കന്നഡ പതിപ്പിനും പേരിട്ടിരിക്കുന്നു. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോൾ ആണ് നിര്‍മ്മാണം. ജിഗർത്തണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ മർമപ്രധാനമായ ക്ലൈമാക്സ് സംഘട്ടനരംഗങ്ങളുടെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഏപ്രിൽ പത്തിന് അവശേഷിക്കുന്ന ഭാഗങ്ങളും ചിത്രീകരണം പൂർത്തിയാകും. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്‍. ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ളാഡ് റിംബർഗാണ്. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ വി എഫ് എക്‌സ് സൂപ്പർവൈസര്‍ ആൻഡ്രൂ ഡിക്രൂസ് ആണ്.

click me!