ഞെട്ടിച്ച് ഖബറിലെ കാഴ്ച്ചകൾ! സമാനതകളില്ലാത്ത അതിജീവന കഥയുമായി 'ടർക്കിഷ് തർക്കം'

Published : Nov 26, 2024, 05:10 PM ISTUpdated : Nov 26, 2024, 05:15 PM IST
ഞെട്ടിച്ച് ഖബറിലെ കാഴ്ച്ചകൾ! സമാനതകളില്ലാത്ത അതിജീവന കഥയുമായി 'ടർക്കിഷ് തർക്കം'

Synopsis

മാസി എന്ന യുവാവായി ലുക്മാനും നസ്രത്ത് എന്ന യുവതിയായി ആമിന നിജാമും ശ്രദ്ധേയ പ്രകടനമാണ് ചിത്രത്തിൽ നടത്തിയിരിക്കുന്നത്.

ശ്വാസം നിലച്ച ശരീരത്തിൽ ഒരിക്കലെങ്കിലും ഒന്നു തൊട്ടുനോക്കിയിട്ടുണ്ടോ. പ്രിയപ്പെട്ടവരുടെ മരണം ചിലപ്പോഴെങ്കിലും ഉറക്കം കെടുത്തിയിട്ടുണ്ടോ. ഒരിക്കലെങ്കിലും നമ്മുടെ മരണശേഷം എങ്ങനെയായിരിക്കുമെന്ന് ആലോചിച്ചിച്ചു നോക്കിയിട്ടുണ്ടോ. മരിച്ചാൽ പേരില്ല, ബന്ധങ്ങളില്ല, കൂടെ ഒന്നും കൊണ്ടു പോകുന്നുമില്ല. ഓർമ്മകൾ പോലും ഒപ്പമില്ലാത്ത അവസ്ഥ. തണുത്ത മരവിച്ചൊരു ശവശരീരം. എന്നെ സ്നേഹിച്ചവർ കരയോ ? എനിക്കൊപ്പം നിന്നവരും, നടന്നവരും കൂട്ടുകാരുമൊക്കെ വിതുമ്പോ ? ഞാനില്ലെന്ന സങ്കടം അവർക്കുള്ളിലുണ്ടാകുമോ? ചിലരുടെയെങ്കിലും ഓർമ്മകളിൽ കുറച്ചുകാലം നമ്മളുണ്ടായേക്കാം. പിന്നെയോ...അങ്ങനെ അങ്ങനെ മരണത്തെ കുറിച്ചുള്ളതും ജീവിതത്തെ കുറിച്ചുള്ളതുമായ ഒരുപിടി ചിന്തകളുമായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ് 'ടർക്കിഷ് തർക്കം' എന്ന ചിത്രം.

ഒരു മരണത്തിലാണ് സിനിമയുടെ തുടക്കം. ഖബറിൽ മൂടപെട്ടൊരു യുവാവിന്‍റെ ജീവിതത്തിലൂടെയാണ് പ്രേക്ഷകർ പിന്നീട് കടന്നു പോകുന്നത്. ഖബറിലെ കാഴ്ചകൾ പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്നതാണ്. ആ യുവാവിന്‍റെ മരണത്തിന് മുമ്പുള്ള ദിവസങ്ങളിൽ നടന്ന കാര്യങ്ങളാണ് ശേഷം കാണുന്നത്. പക്ഷേ അതുവരെ ആ യുവാവ് ആരായിരുന്നു എന്നുള്ളതല്ല, മരണത്തിന് ശേഷം ആ യുവാവ് ആരായി മാറുന്നു എന്ന രീതിയിലേക്കാണ് സിനിമ നീങ്ങുന്നത്. ഖബറിൽ മൂടപ്പെട്ട് കഴിഞ്ഞാൽ പിന്നെ മറ്റുമനുഷ്യര്‍ക്ക് മുന്നിൽ നമ്മള്‍ വെറും ജ‍‍‍‍ഡമാണ് എന്ന യഥാര്‍ഥ്യം ചിത്രം പറഞ്ഞുവയ്ക്കുകയാണ്. 

പക്ഷേ ഖബറിൽ വെച്ചയാള്‍ മരിച്ചിട്ടില്ലെങ്കിലോ? ഖബറിൽ അയാളെ മണ്ണിട്ടുമൂടിയവർ ആ മണ്ണുമാറ്റിത്തരുമോ. തിരിച്ച് ഖബറിൽ നിന്ന് ആ ജഡം പുറത്തെടുക്കുമോ? അങ്ങനെ ഉള്ളം പൊള്ളുന്നൊരു കഥാപരിസരമാണ് നവാസ് സുലൈമാൻ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം പ്രേക്ഷക സമക്ഷം മുന്നോട്ടുവയ്ക്കുന്നത്.

പലരും പറയാൻ മടിക്കുന്നൊരു പ്രമേയത്തെ നൂറുശതമാനം വ്യക്തതതയോടെ ലവലേശം ഭയമില്ലാതെ ജാതി മത ചിന്തകൾക്ക് അതീതമായി പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. മാസി എന്ന യുവാവായി ലുക്മാനും നസ്രത്ത് എന്ന യുവതിയായി ആമിന നിജാമും ശ്രദ്ധേയ പ്രകടനമാണ് ചിത്രത്തിൽ നടത്തിയിരിക്കുന്നത്. ഇവരുടെ പ്രണയവും ജീവിതവുമൊക്കെ പ്രേക്ഷക മനസ്സ് കീഴടക്കുന്നതാണ്.

ലക്കടിച്ച ദുൽഖർ, നേടിയത് 100 കോടിയിലധികം; 'ലക്കി ഭാസ്കർ' ഇനി ഒടിടിയിൽ

കൂടാതെ സണ്ണി വെയ്ൻ അവതരിപ്പിച്ചിരിക്കുന്ന പൊലീസ് വേഷവും കരുത്തുറ്റതാണ്. ഹരിശ്രീ അശോകൻ, സുജിത് ശങ്കർ, ശ്രീരേഖ, ഡയാന ഹമീദ്, ജയശ്രീ തുടങ്ങി വലിയൊരു താരനിരയുടെ മികച്ച പ്രകടനങ്ങള്‍ തന്നെ ചിത്രത്തിലുണ്ട്. മികച്ച ക്യാമറ, മനസ്സ് കീഴടക്കുന്ന സംഗീതം ഇവയൊക്കെ സിനിമയുടെ ഹൈലൈറ്റാണ്. പുതുമ നിറഞ്ഞ പ്രമേയങ്ങള്‍ ഇരുകൈയ്യും നീട്ടി ഏറ്റെടുക്കുന്ന മലയാളി പ്രേക്ഷകർ ടർക്കിഷ് തർക്കത്തെയും നിറഞ്ഞ മനസ്സോടെ ഏറ്റെടുത്തിരിക്കുന്നുവെന്നാണ് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

PREV
click me!

Recommended Stories

'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍
'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ