ഓസ്‍കറിന്റെ അഭിമാന നേട്ടത്തില്‍ രണ്ട് മലയാളികളും

By Web TeamFirst Published Feb 11, 2020, 8:09 PM IST
Highlights

ഓസ്‍കര്‍ നേട്ടത്തില്‍ അഭിമാനമായി രണ്ട് മലയാളികളും.

ഇത്തവണ ഓസ്‍കര്‍ പുരസ്‍കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ അതിന് ഒട്ടേറെ പ്രത്യേകതകളുണ്ടായിരുന്നു. ആദ്യമായി മികച്ച ചിത്രത്തിനുള്ള ഓസ്‍കര്‍ നേടുന്ന വിദേശ ഭാഷാ ചിത്രമെന്ന റെക്കോര്‍ഡ് പാരസൈറ്റ് സ്വന്തമാക്കി. ഓസ്‍കര്‍ വേദിയിലെ പ്രഖ്യാപനങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായി മാറിയിരുന്നു. അതേസമയം ഇത്തവണത്തെ ഓസ്‍കറില്‍ മലയാളികള്‍ക്കും അഭിമാനിക്കാവുന്ന നേട്ടമുണ്ട്. രണ്ട് മലയാളികളാണ് ഓസ്‍കര്‍ പുരസ്‍കാരത്തില്‍ ഇടംനേടിയത്.

അയ്യപ്പദാസ് വിജയകുമാറും സാജൻ സ്‍കറിയയുമാണ് ഓസ്‍കര്‍ പുരസ്‍കാരത്തിന്റെ ഭാഗമായത്. ഒന്നാം ലോക മഹായുദ്ധം പ്രമേയമായുള്ള 1917 എന്ന ചിത്രമാണ് മികച്ച വിഷ്വല്‍ ഇഫക്ട്സിനുള്ള ഓസ്‍കര്‍ നേടിയത്. മൂവിങ് പിക്ചര്‍ കമ്പനിയാണ് ചിത്രത്തിന്റെ വിഎഫ്‍എക്സ് ചെയ്‍തത്. പ്രധാന സൂപ്പര്‍വൈസറായ ഗ്രെഗ് ബട്‍ലറിന്റെ തൊട്ടു കീഴില്‍ വിഎഫ്എക്സ് എഡിറ്റായി പ്രവര്‍ത്തിച്ചത് അയ്യപ്പദാസ് വിജയകുമാറുമാണ്. വൈക്കം സ്വദേശിയായ അയ്യപ്പദാസ് വിജയകുമാര്‍ ഇംഗ്ലണ്ട് ലീഡ്‍സ് ബെക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഡിജിറ്റല്‍ വീഡിയോ ആൻഡ് സ്‍പെഷല്‍ ഇഫക്റ്റ്‍സില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. അതേസമയം തിരുവനന്തപുരം സ്വദേശിയായ സാജൻ സ്‍കറിയ ടോയ് സ്റ്റോറി 4ലിലൂടെയാണ് ഓസ്‍കര്‍ പുരസ്‍കാരത്തിന്റെ ഭാഗമായത്. മികച്ച ആനിമേറ്റഡ് ഫീച്ചര്‍ സിനിമ അവാര്‍ഡ് ആണ് ടോയ് സ്‍റ്റോറി 4 നേടിയത്. പിക്സര്‍ കമ്പനിയായിരുന്നു ആനിമേഷൻ ചെയ്‍തത്. ക്യാരക്ടര്‍ ടീമിനെ നയിച്ചത് സാജൻ സ്‍കറിയയുമാണ്.  കോഴിക്കോട് എൻഐടിയില്‍ 1992-96 കമ്പ്യൂട്ടര്‍ സയൻസ് ബാച്ച് വിദ്യാര്‍ഥിയാണ് സാജൻ സ്‍കറിയ. നേരത്തെ ഇൻസൈഡ് ഔട്ട് എന്ന സിനിമയിലൂടെയും 2015ല്‍ സാജൻ സ്‍കറിയ ഓസ്‍കര്‍ നേട്ടത്തില്‍ ഭാഗമായിരുന്നു.

click me!