'ജോക്കറി'ന് രണ്ട് തുടര്‍ഭാഗങ്ങള്‍ കൂടി; ഫിനിക്സിന് വാഗ്‍ദാനം കരിയറിലെ ഏറ്റവുമുയര്‍ന്ന പ്രതിഫലം

By Web TeamFirst Published Sep 23, 2020, 10:34 PM IST
Highlights

ജോക്കര്‍ തുടര്‍ച്ചകളില്ലാത്ത ചിത്രമായാണ് ഫിനിക്സ് നേരത്തെ കണക്കായിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്‍റെ അഭിപ്രായം അങ്ങനെയല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

കഴിഞ്ഞ വര്‍ഷത്തെ തീയേറ്റര്‍ റിലീസിന്‍റെ സമയത്ത് ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായ ഹോളിവുഡ് സിനിമയാണ് ജോക്കര്‍. ആഗോള ബോക്സ് ഓഫീസില്‍ ഒരു ബില്യണ്‍ ഡോളറിന് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രം ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച വാക്കീന്‍ ഫിനിക്സിന് മികച്ച നടനുള്ള ഓസ്‍കര്‍ അവാര്‍ഡും നേടിക്കൊടുത്തു. ഇപ്പോഴിതാ ചിത്രത്തിന്‍റെ രണ്ട് തുടര്‍ഭാഗങ്ങളുടെ ആലോചന അണിയറയില്‍ തകൃതിയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അതിനായി വാക്കീന്‍ ഫിനിക്സിന് കരിയറില്‍ ഇതുവരെ ലഭിച്ചതില്‍ ഏറ്റവും ഉയര്‍ന്ന തുകയാണ് വാഗ്‍ദാനം ചെയ്യപ്പെട്ടിരിക്കുന്നതെന്നും യുകെ മാധ്യമമായ 'മിറര്‍' ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഹോളിവുഡ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ളതാണ് മിററിന്‍റെ റിപ്പോര്‍ട്ട്. ജോക്കര്‍ തുടര്‍ച്ചകളില്ലാത്ത ചിത്രമായാണ് ഫിനിക്സ് നേരത്തെ കണക്കായിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്‍റെ അഭിപ്രായം അങ്ങനെയല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. "ഫിനിക്സിന് ആ കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കണമെന്നുണ്ട് ഇപ്പോള്‍. ചര്‍ച്ചകള്‍ പുരോഗമിക്കുന്നതേയുള്ളുവെങ്കിലും തിരക്കഥകള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. അദ്ദേഹം അതില്‍ ഏറെ മുഴുകുന്നുമുണ്ട്. അടുത്ത നാല് വര്‍ഷങ്ങളിലായി രണ്ട് തുടര്‍ഭാഗങ്ങള്‍ ഒരുക്കാനാണ് അവരുടെ പദ്ധതി. വാക്കീന്‍ കരാറുകളില്‍ ഒപ്പിടുന്നതനുസരിച്ചിരിക്കും ഈ പ്രോജക്ടുകളുടെ ഭാവി. എന്നാല്‍ അദ്ദേഹത്തിന് കരിയറില്‍ ഇതുവരെ ലഭിച്ചിരിക്കുന്നതില്‍ ഏറ്റവുമുയര്‍ന്ന തുകയാണ് വാഗ്‍ദാനം ചെയ്യപ്പെട്ടിരിക്കുന്നത്", മിററിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജോക്കറിന്‍റെ സംവിധായകന്‍ ടോഡ് ഫിലി‍പ്‍സും നിര്‍മ്മാതാവ് ബ്രാഡ്‍ലി കൂപ്പറും തന്നെയാവും പുതിയ ചിത്രങ്ങള്‍ക്ക് പിന്നിലും.

 

50 മില്യണ്‍ ഡോളര്‍ (367 കോടി രൂപ) ആണ് ജോക്കറിനെ വീണ്ടും അവതരിപ്പിക്കാന്‍ വാക്കീന്‍ ഫിനിക്സിന് വാഗ്‍ദാനം ചെയ്തിരിക്കുന്നതെന്നാണ് വിവരം. ജോക്കര്‍ പുറത്തിറങ്ങി വലിയ വിജയമാവുന്നതിനു മുന്‍പുതന്നെ തുടര്‍ഭാഗങ്ങളെക്കുറിച്ച് തങ്ങള്‍ ആലോചിച്ചിരുന്നുവെന്ന് ലോസ് ഏഞ്ജലസ് ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ വാക്കീന്‍ ഫിനിക്സ് പറഞ്ഞിരുന്നു. "ഷൂട്ടിംഗ് ആരംഭിച്ച് രണ്ടാമത്തെയോ മൂന്നാമത്തെയോ ആഴ്ചയില്‍ സംവിധായകനോട് ഞാന്‍ ചോദിച്ചിരുന്നു, ഒരു സീക്വലിനെക്കുറിച്ച് ആലോചിക്കാന്‍ തുടങ്ങാമോ എന്ന്. ഒരുപാട് പര്യവേക്ഷണം നടത്താന്‍ ഇനിയുമുള്ള ഒന്നാണ് അത്", ഫിനിക്സ് പറഞ്ഞിരുന്നു. 

click me!