
നവാഗതനായ ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത 'ഉള്ളൊഴുക്ക്' ഉർവ്വശി, പാർവതി എന്നിവരുടെ മികച്ച അഭിനയമുഹൂർത്തങ്ങൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. സിനിമയുടെ സഹ നിർമ്മാതാവ് സഞ്ജീവ് നായർ കഴിഞ്ഞ 25 വർഷമായി ബോളിവുഡിലെ മുൻനിര സിനിമകളുടെ പിന്നിലുണ്ട്. അദ്ദേഹത്തിന്റെ ആദ്യത്തെ മലയാള സിനിമാ സംരംഭമാണ് 'ഉള്ളൊഴുക്ക്'. സഞ്ജീവ് നായർ സംസാരിക്കുന്നു.
മലയാളിയാണെങ്കിലും കരിയറിൽ ഇതുവരെ ബോളിവുഡിന്റെ ഭാഗമായിരുന്നു. രാംഗോപാൽ വർമ്മ, വിശാൽ ഭരദ്വാജ് തുടങ്ങിയ പ്രഗത്ഭർക്കൊപ്പം. ഇപ്പോഴിതാ ആദ്യമായി മലയാളത്തിൽ. എന്തുകൊണ്ടാണ് മലയാളത്തിലേക്ക് വന്നത്?
ഞാൻ 25 വർഷമായി ഹിന്ദി സിനിമയിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും മലയാളം എപ്പോഴും ആരാധനയോടെ നോക്കിയിരുന്ന ഒരു സിനിമാമേഖലയാണ്. മമ്മൂട്ടി, മോഹൻലാൽ സിനിമകളൊക്കെ ആരാധനയോടെയാണ് കണ്ടിരുന്നത്. മലയാളത്തിൽ വരുന്ന സിനിമകളൊക്കെ കാണുമ്പോൾ, ഞാൻ സിനിമയിൽ തന്നെയാണോ പ്രവർത്തിക്കുന്നത് എന്നുവരെ തോന്നിയിട്ടുണ്ട്. സിനിമയിൽ കുറച്ചൊന്ന് പച്ചപിടിച്ചകാലം തൊട്ടുള്ള ആഗ്രഹമാണ് മലയാളത്തിൽ ഒരു സിനിമ ചെയ്യണം എന്നത്. എനിക്ക് മാത്രമല്ല, ബോളിവുഡിൽ വർക് ചെയ്യുന്ന എല്ലാ മലയാളികൾക്കും ആ ആഗ്രഹം കാണും.
'ഉള്ളൊഴുക്കി'ന്റെ കോ-പ്രൊഡ്യൂസറാകാം എന്ന് തീരുമാനിച്ചത് എങ്ങനെയാണ്?
'ഉള്ളൊഴുക്കി'ന് സിനിസ്ഥാൻ അവാർഡ് കിട്ടിയശേഷം എന്റെ സുഹൃത്തായ പ്രൊഡ്യൂസർ ഹണി ചൗഹാൻ ആണ് ഈ തിരക്കഥ എന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. സിനിസ്ഥാൻ 2018-ൽ തിരക്കഥകൾക്ക് വേണ്ടി നടത്തിയ ഒരു മത്സരമാണ്. ഇന്ത്യയിൽ മുഴുവൻ നിന്നുള്ള ആളുകൾ പങ്കെടുത്ത മത്സരമായിരുന്നു അത്. അതിൽ ഒന്നാം സ്ഥാനം കിട്ടിയത് ക്രിസ്റ്റോ ടോമിയുടെ ഈ തിരക്കഥയ്ക്കാണ്. അതിൽ രണ്ടാം സ്ഥാനം കിട്ടിയ തിരക്കഥയാണ് ഇപ്പോൾ ഹിറ്റായ ലാപ്പതാ ലേഡീസ്. ഹണിയാണ് ഈ സിനിമയുമായി എന്നെ ബന്ധപ്പെടുത്തിയത്. നമുക്ക് രണ്ടുപേർക്കും പ്രൊഡ്യൂസ് ചെയ്യാമെങ്കിൽ സിനിമ ചെയ്യാമെന്നായിരുന്നു പറഞ്ഞത്.
ക്രിസ്റ്റോ ടോമിയുടെ ആദ്യ സിനിമയാണിത്. 2018-ൽ ഈ തിരക്കഥയ്ക്ക് അവാർഡ് കിട്ടുമ്പോൾ ക്രിസ്റ്റോ അത്ര പ്രശസ്തനല്ലല്ലോ. സംശയങ്ങളുണ്ടായിരുന്നില്ലേ?
ക്രിസ്റ്റോ സിനിമകൾ ചെയ്തിരുന്നില്ലെങ്കിലും രണ്ട് ഷോർട്ട്ഫിലിമുകൾ ചെയ്തിരുന്നു. അതിന് രണ്ടിനും ദേശീയ തലത്തിൽ അവാർഡ് കിട്ടിയതുകൊണ്ട് അന്നു തന്നെ അത്യാവശ്യം അറിയപ്പെടുന്നയാളായിരുന്നു.
സിനിമയിലെ രണ്ടു പ്രധാന കഥാപാത്രങ്ങൾ പാർവതിയും ഉർവ്വശിയുമാണ് അഭിനയിക്കുന്നത്. അഭിനേതാക്കലെ തെരഞ്ഞെടുക്കുന്നതിൽ സ്വാധീനം ചെലുത്തിയോ?
ഈ കഥാപാത്രങ്ങൾക്ക് ആരെ വേണം എന്നതിൽ വളരെ വ്യക്തമായ ധാരണ ക്രിസ്റ്റോയ്ക്ക് ഉണ്ടായിരുന്നു. അത്രമാത്രം പെർഫെക്റ്റ് ആയിരുന്നു സെലക്ഷൻ. അപ്പോൾ പിന്നെ അത് വിശ്വസിക്കുക എന്നത് മാത്രമായിരുന്നു എനിക്ക് ചെയ്യാനുണ്ടായിരുന്നത്. അത്രമാക്രം ഈ തിരക്കഥയിൽ എനിക്ക് വിശ്വാസമുണ്ടായിരുന്നു. ക്രിസ്റ്റോ വളരെ ചിന്തിച്ച്, ആലോചിച്ച് മാത്രം തീരുമാനങ്ങളെടുക്കുന്ന വ്യക്തിയാണ്.
ഉർവശിയും പാർവതിയും നല്ല അഭിനേതാക്കളാണ്. പക്ഷേ, ഒരു തീയേറ്ററിലേക്ക് ആളുകളെ എത്തിക്കുന്ന വലിയ വാണിജ്യമൂല്യമില്ലാത്ത സിനിമ എന്നത് എപ്പോഴും ഒരു ചലഞ്ച് അല്ലേ...
നല്ലൊരു സിനിമ ചെയ്യുക എന്നത് മാത്രമാണ് സത്യം പറഞ്ഞാൽ ഈ സിനിമകൊണ്ട് ഉദ്ദേശിച്ചത്. ഹിന്ദി സിനിമയുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ ബജറ്റിൽ ചെയ്യാവുന്ന സിനിമ. അല്ലാതെ കുറെ പണം വാരാം എന്ന് ഉറപ്പിക്കുന്ന സിനിമയായിട്ടല്ല ഇത് ചെയ്തത്. കുറെയധികം ഭാഗ്യം ഞങ്ങൾക്കുണ്ട്. നല്ലൊരു സിനിമയായത് കൊണ്ട് ആളുകളിത് സ്വീകരിച്ചു.
സിനിമക്ക് ലഭിക്കുന്ന റിവ്യൂകളും പ്രേക്ഷകപ്രതികരണങ്ങളും ഒരുപോലെ പോസിറ്റീവ് ആണ്...
അതെ. ഇത് ഞങ്ങൾ കരുതിയതിലും വളരെ പോസിറ്റീവ് ആണ്. സർപ്രൈസ് ആയ വിജയമാണ് നേടിയത്. തീയേറ്ററിൽ നിന്ന് പലരും കരഞ്ഞുകൊണ്ട് ഇറങ്ങിവരുന്നത് പോലും കണ്ടു. മലയാളമല്ലാതെ മറ്റൊരു ഭാഷയായിരുന്നു എങ്കിൽ ഈ സിനിമ ഇത്രയും ശ്രദ്ധിക്കപ്പെടില്ലായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്.
ഉർവ്വശിയുടെ വളരെ ശക്തമായ വേഷം....
ഉർവ്വശിച്ചേച്ചി ഇവിടെ മാത്രമല്ല, എല്ലാവർക്കും ഒരു അത്ഭുതമാണ്. ഒരു ലിമിറ്റ് ഇല്ലാത്ത നടിയാണ് അവർ, എന്തും അഭിനയിക്കും. ഇപ്പോൾ ചിന്തിക്കുമ്പോൾ ഈ വേഷത്തിൽ എനിക്ക് ഉർവ്വശി ചേച്ചിയെ അല്ലാതെ മറ്റൊരാളെ സങ്കൽപ്പിക്കാൻ പറ്റുന്നില്ല. അവരുടെ അഭിനയം കണ്ടുനിൽക്കുന്നത് തന്നെ ഭയങ്കരമാണ്. മാറിനിൽക്കാനെ പറ്റില്ല. അതുപോലൊരു അനുഭവമാണ്.
(അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ. വ്യക്തതയ്ക്ക് വേണ്ടി സംഭാഷണം എഡിറ്റ് ചെയ്തിട്ടുണ്ട്.)
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ