
കഴിഞ്ഞ വർഷം ഡിസംബറിൽ റിലീസ് ചെയ്ത് പുതുവർഷത്തിലും പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടി പ്രദർശനം തുടരുകയാണ് 'മാളികപ്പുറം' സിനിമ. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും നിറഞ്ഞാടിയപ്പോൾ, അത് പ്രേക്ഷകന് പുത്തൻ അനുഭവമായി മാറി. മികച്ച തിയറ്റർ കൗണ്ടോടെ രണ്ടാം വാരത്തിലേക്ക് കടന്ന മാളികപ്പുറത്തിന് യുഎഇ, ജിസിസി മേഖലകളിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ജനുവരി 5 ന് ആയിരുന്നു മാളികപ്പുറത്തിന്റെ ജിസിസി, യുഎഇ റിലീസ്. കേരളത്തിലെ പോലെ തന്നെ മികച്ച പ്രതികരണമാണ് പ്രവാസി ലോകത്തും മാളികപ്പുറത്തിന് ലഭിക്കുന്നത്. കൂടാതെ മികച്ച ടിക്കറ്റ് ബുക്കിങ്ങും ഉണ്ട്. ഉണ്ണി മുകുന്ദൻ സാക്ഷാൽ അയ്യപ്പ ഭാവം നിറഞ്ഞാടിയ നിമിഷങ്ങളാണ് ചിത്രത്തിലേത് എന്നും അഭിലാഷ് പിള്ളയുടെ മനോഹരമായ കഥയെന്നും ഇവർ പറയുന്നു. നവാഗതൻ ആണെങ്കിലും വിഷ്ണു ശശി ശങ്കർ മാളികപ്പുറത്തെ മികച്ച രീതിയിൽ തന്നെ ബിഗ് സ്ക്രീനിൽ എത്തിച്ചുവെന്നും പ്രതികരണമുണ്ട്.
യുഎഇയുടെ തലസ്ഥാന നഗരിയായ അബുദാബിയിൽ ഫാൻസ് ഷോയും വിജയാഘോഷവും സംഘടിപ്പിച്ചിരുന്നു. കേക്ക് മുറിച്ച് വിജയം ആഘോഷിക്കുന്ന ആരാധകരുടെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാണ്. അതേസമയം, ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷാ പതിപ്പുകളും പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്.
140 തിയറ്ററുകളിലാണ് മാളികപ്പുറം റിലീസിന് എത്തിയത്. രണ്ടാം വാരത്തിലേക്ക് കടന്നപ്പോൾ അതിൽ 30 സ്ക്രീനുകള്‍ കൂടി വർദ്ധിപ്പിച്ചിട്ടുണ്ട്. ആകെ 170 സ്ക്രീനുകളിലാണ് മാളികപ്പുറം പ്രദർശനം തുടരുന്നത്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
നല്ല അസ്സലായി തെലുങ്ക് പറഞ്ഞ് ഹണി റോസ്, 'മലയാളി ഡാ' എന്ന് കമന്‍റുകള്‍- വീഡിയോ
മാളികപ്പുറത്തിന്റെ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത് സംവിധായകൻ വിഷ്ണുവാണ്. അഭിലാഷ് പിള്ളയുടേതാണ് രചന. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള ഒരുക്കുന്ന തിരക്കഥയാണിത്. ഉണ്ണിമുകുന്ദനെ കൂടാതെ ഇന്ദ്രൻസ്, മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ദേവനന്ദ, ആൽഫി പഞ്ഞിക്കാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.