ഇന്ത്യന്‍ മള്‍ട്ടിപ്ലെക്‌സുകളില്‍ പാര്‍വ്വതി പുതിയ താരോദയം; ആദ്യപത്തില്‍ ഇടംപിടിച്ച ഒരേയൊരു മലയാളചിത്രമായി 'ഉയരെ'

By Web TeamFirst Published May 7, 2019, 10:53 AM IST
Highlights

എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച 'ഉയരെ'യ്ക്ക് കേരളത്തിലേതിനേക്കാള്‍ റിലീസിംഗ് സെന്ററുകള്‍ കേരളത്തിന് പുറത്തുണ്ടായിരുന്നു. കേരളത്തില്‍ 101 തീയേറ്ററുകളിലായിരുന്നു റിലീസെങ്കില്‍ കേരളത്തിന് പുറത്ത് 105 തീയേറ്ററുകളിലാണ് ചിത്രം എത്തിയത്.

അവധിക്കാലത്തും അതിന് മുന്നോടിയായും തീയേറ്ററുകളിലെത്തിയ മലയാളസിനിമകള്‍ക്കെല്ലാം നല്ലകാലമായിരുന്നു. പൃഥ്വിരാജിന്റെ മോഹന്‍ലാല്‍ ചിത്രം 'ലൂസിഫര്‍', പിന്നാലെയെത്തിയ വൈശാഖിന്റെ മമ്മൂട്ടി ചിത്രം 'മധുരരാജ', ബി സി നൗഫലിന്റെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'ഒരു യമണ്ടന്‍ പ്രേമകഥ' എന്നിവയൊക്കെ തീയേറ്ററുകളില്‍ ആളെക്കൂട്ടി. ലൂസിഫര്‍ 150 കോടി നേടി ഇപ്പോഴും പ്രദര്‍ശനം തുടരുമ്പോള്‍ മധുരരാജ ആദ്യ പത്ത് ദിനങ്ങളില്‍ തന്നെ 58.7 കോടി വേള്‍ഡ്‌വൈഡ് ഗ്രോസ് നേടിയിരുന്നു. ആദ്യ വാരം 16 കോടി നേടിയെന്നാണ് 'ഒരു യമണ്ടന്‍ പ്രേമകഥ'യുടെ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട വിവരം. എന്നാല്‍ ഏപ്രില്‍ 26ന് കേരളത്തിലും പിന്നാലെ മറ്റിടങ്ങളിലും റിലീസ് ചെയ്യപ്പെട്ട പാര്‍വ്വതി ചിത്രം 'ഉയരെ'യുടെ ബോക്‌സ്ഓഫീസ് കണക്കുകളൊന്നും ഇതുവരെ പുറത്തെത്തിയിട്ടില്ല. പക്ഷേ ചിത്രം കേരളത്തിന് പുറത്തും മികച്ച പ്രതികരണം നേടുന്നതായാണ് വിവരം. ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ (മെയ് 3, 4, 5) ഇന്ത്യന്‍ മള്‍ട്ടിപ്ലെക്‌സുകളില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട പത്ത് ചിത്രങ്ങളില്‍ ഒന്ന് 'ഉയരെ'യാണ്.

എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച 'ഉയരെ'യ്ക്ക് കേരളത്തിലേതിനേക്കാള്‍ റിലീസിംഗ് സെന്ററുകള്‍ കേരളത്തിന് പുറത്തുണ്ടായിരുന്നു. കേരളത്തില്‍ 101 തീയേറ്ററുകളിലായിരുന്നു റിലീസെങ്കില്‍ കേരളത്തിന് പുറത്ത് 105 തീയേറ്ററുകളിലാണ് ചിത്രം എത്തിയത്. കേരളത്തില്‍ ഏപ്രില്‍ 26ന് ആയിരുന്നു റിലീസെങ്കില്‍ കേരളത്തിന് പുറത്ത് മെയ് 3നാണ് എത്തിയത്. കേരളത്തിലെ ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് പിന്നാലെ ലഭിച്ച വന്‍ മൗത്ത് പബ്ലിസിറ്റി മറ്റിടങ്ങളിലെ റിലീസിന് ഗുണമായി എന്നുവേണം കരുതാന്‍. ബംഗളൂരുവിലാണ് ചിത്രത്തിന് കേരളത്തിന് പുറത്ത് ഏറ്റവുമധികം സ്‌ക്രീനുകള്‍. ഇവിടെ 36 തീയേറ്ററുകളിലാണ് റിലീസ് ചെയ്യപ്പെട്ടത്. തമിഴ്‌നാട്ടില്‍ ആകെ 18 തീയേറ്ററുകളിലും ഹൈദരാബാദില്‍ ആറ് സ്‌ക്രീനുകളിലും ആന്‍ഡമാനിലെ ഒരു സ്‌ക്രീനിലും ഉത്തരേന്ത്യയില്‍ 44 സ്‌ക്രീനുകളിലും ചിത്രം റിലീസ് ചെയ്യപ്പെട്ടു. ഇതില്‍ മിക്ക കേന്ദ്രങ്ങളിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

All India Multiplexes - Top Ten - May 3 to 5 : No.10 (Marathi), 9. , 8. , 7. , 6. (Punjabi), 5. , 4. (Punjabi), 3. , 2. , No.1

— Sreedhar Pillai (@sri50)

പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള നല്‍കുന്ന വിവരമനുസരിച്ച് ഈ വാരാന്ത്യത്തില്‍ (3, 4, 5) ഇന്ത്യന്‍ മള്‍ട്ടിപ്ലെക്‌സുകളില്‍ ഏറ്റവുമധികം പേര്‍ കണ്ട പത്ത് സിനിമകളില്‍ ഒന്ന് 'ഉയരെ'യാണ്. മാര്‍വെല്‍ സൂപ്പര്‍ഹീറോ ചിത്രം 'അവഞ്ചേഴ്‌സ്: എന്‍ഡ്‌ഗെയിം' ഒന്നാം സ്ഥാനത്തുള്ള ലിസ്റ്റില്‍ ഒന്‍പതാമതാണ് 'ഉയരെ'. മലയാളത്തില്‍ നിന്ന് ലിസ്റ്റില്‍ ഇടംപിടിച്ച ഏക ചിത്രമാണിത്. തമിഴില്‍ നിന്ന് 'കാഞ്ചന 3'യും ലിസ്റ്റില്‍ ഉണ്ട്. എട്ടാമതാണ് ഈ ചിത്രം.

click me!