'ഈ യുദ്ധം ടീം വിനയൻ ജയിച്ചു', 'പത്തൊമ്പതാം നൂറ്റാണ്ടി'നെ പ്രശംസിച്ച് വി എ ശ്രീകുമാര്‍

By Web TeamFirst Published Sep 20, 2022, 4:39 PM IST
Highlights

സിജു വിത്സണ്‍ കഠിനാദ്ധ്വാനവും പ്രതിഭയും ഒന്നിപ്പിച്ചത് ഏറെ പ്രിയപ്പെട്ടതായി എന്നും വി എ ശ്രീകുമാര്‍.

വിനയന്റെ സംവിധാനത്തില്‍ അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് 'പത്തൊമ്പതാം നൂറ്റാണ്ട്'. നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരായി സിജു വില്‍സണ്‍ വിസ്‍മയിപ്പിച്ച ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ഇപ്പോഴും ലഭിക്കുന്നത്. ടപത്തൊമ്പതാം നൂറ്റാണ്ടിടനെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ വി എ ശ്രീകുമാര്‍.

ഒറ്റപ്പാലം ലാഡർ തീയറ്ററിലാണ് 'പത്തൊൻപതാം നൂറ്റാണ്ട്' കണ്ടത്. ചരിത്രം ഓർമ്മിക്കപ്പെടാതെ പോകുന്നത് അവ ആവർത്തിക്കപ്പെടാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. രണ്ടു നൂറ്റാണ്ടുകൾക്കു മുൻപുള്ള കാലത്തെ സത്യസന്ധമായി പുനരാവിഷ്ക്കരിക്കുന്നത് വലിയ വെല്ലുവിളിയാണ്. ചരിത്രരേഖകൾ വളരെ കുറവായതിനാൽ തിരക്കഥ എഴുതിയ സംവിധായകൻ വിനയൻ ഭാവനയെ നീതിപൂർവ്വം വിനിയോഗിച്ചിട്ടുണ്ട്.

ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന പോരാളി എക്കാലത്തും ആവേശമാണ്. ജാതി- പുരുഷ മേലാളത്തം കൊണ്ടാടിയ ദുരാചാരങ്ങളെ ചിത്രം തുറന്നു കാണിക്കുന്നു.സ്ത്രീ മുന്നേറ്റങ്ങളിലെ ലോകോത്തര പ്രതീകമാണ് മുലക്കരത്തിന് എതിരെ രക്തസാക്ഷിയായ നങ്ങേലി. ആ ചരിത്രത്തിന്റെ ദൃശ്യാവിഷ്ക്കാരത്തിന് നടുക്കത്തോടെ മാത്രമേ സാക്ഷ്യം വഹിക്കാനാകു. വിനയനിലെ പോരാളിയേയും വിജയിയേയും ഒരിക്കൽകൂടി കാണാനായതിൽ സന്തോഷം. ധീരമായി ഈ ചരിത്ര ദൗത്യം ഏറ്റെടുത്ത നിർമ്മാതാവ് ഗോകുലം ഗോപാലന് അഭിനന്ദനം. നായകൻ സിജു വിത്സണ്‍ കഠിനാദ്ധ്വാനവും പ്രതിഭയും ഒന്നിപ്പിച്ചത് ഏറെ പ്രിയപ്പെട്ടതായി. പിന്നെ ഷാജിയുടെ ക്യാമറയടക്കമുള്ള അണിയറയിലെ ദൃശ്യ സന്നാഹം നൽകിയ അനുഭവം മറക്കാനാകില്ല- ഈ യുദ്ധം ടീം വിനയൻ ജയിച്ചു എന്നുമാണ് വി എ ശ്രീകുമാര്‍ എഴുതിയത്.

യാദു ലോഹർ ആണ് ചിത്രത്തിലെ നായിക നങ്ങേലിയായി അഭിനയിച്ചത്. അനൂപ് മേനോൻ, സുദേവ് നായർ, ഗോകുലം ഗോപാലൻ, ടിനിടോം, ഇന്ദ്രൻസ്, രാഘവൻ, മുസ്‍തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോ. ഷിനു, വിഷ്‍ണു ഗോവിന്ദ്, സ്‍ഫടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്.റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രൻ സം​ഗീതം പകർന്ന 'പത്തൊമ്പതാം നൂറ്റാണ്ടി'ന്റെ പശ്ചാത്തല സം​ഗീതം ഒരുക്കിയത് തമിഴിലെ പ്രമുഖ സം​ഗീതജ്ഞൻ സന്തോഷ് നാരായണനാണ്. ഷാജി കുമാർ ഛായാ​ഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.പ്രൊജക്റ്റ് ഡിസൈനർ ബാദുഷ. അജയൻ ചാലിശ്ശേരി കലാ സംവിധാനവും പട്ടണം റഷീദ് മേക്കപ്പും നിർവഹിച്ചിരിക്കുന്നു. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണൻ. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ രാജൻ ഫിലിപ്പ്. പിആർ ആന്റ് മാർക്കറ്റിം​ഗ് കണ്ടന്റ് ഫാക്ടറി.

Read More : ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രത്തിന് 'എ' സര്‍ട്ടിഫിക്കറ്റ്, ദൈര്‍ഘ്യം രണ്ടേകാല്‍ മണിക്കൂര്‍

click me!