
നടി വനിത വിജയകുമാർ ഭർത്താവ് പീറ്റർ പോളിനെ വീട്ടിൽ നിന്ന് ഇറക്കിവിട്ടുവെന്ന തരത്തിൽ കഴിഞ്ഞ ദിവസം വാർത്തകൾ പ്രചരിച്ചിരുന്നു. വനിതയുടെ നാൽപതാം പിറന്നാൾ ആഘോഷത്തിനു വേണ്ടി താരകുടുംബം ഗോവയിൽ എത്തിയിരുന്നു എന്നാൽ, പിറന്നാൾ ആഘോഷം വൻ അടിയിൽ കലാശിച്ചതായും വനിതയ്ക്കും പീറ്റർ പോളിനുമിടയിൽ പ്രശ്നങ്ങൾ ആരംഭിച്ചെന്നും വാർത്തകൾ വന്നു. മദ്യപിച്ച നിയന്ത്രണം വിട്ടെത്തിയ പീറ്റർ പോളിനെ വനിത വിജയകുമാർ കരണത്തടിച്ച് വീട്ടിൽ നിന്ന് പുറത്താക്കിയെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഭർത്താവായ പീറ്റർ പോൾ മദ്യത്തിനും പുകവലിക്കും അടിമയാണെന്നും വീട്ടിൽ നിന്നും പുറത്താക്കിയെന്ന വാർത്ത തെറ്റാണെന്നും അദ്ദേഹം സ്വയം ഇറങ്ങിപ്പോയതാണെന്നും വനിത പറയുന്നു. വ്യക്തിജീവിതത്തിൽ വളരെ വിഷമം പിടിച്ച അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് പറഞ്ഞ വനിത സമൂഹ മാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചരണങ്ങളെ വിശ്വസിക്കരുതെന്ന് ആരാധകരോട് അഭ്യർഥിച്ചു.
വനിതയുടെ വാക്കുകൾ
‘ഈയിടെ പീറ്ററിന് ഹൃദയാഘാതം സംഭവിച്ചിരുന്നു. അമിതമായ പുകവലിയും മദ്യപാനവും കാരണം സംഭവിച്ചതാണ്. ഉടൻ തന്നെ ആശുപത്രിയിലെത്തി ചികിത്സ നേടി. ജീവനു തുല്യം സ്നേഹിക്കുന്ന ഒരാൾ മരണത്തോട് മല്ലിടുമ്പോൾ അവിടെ പണത്തിനൊക്കെ എന്ത് സ്ഥാനം. ജീവിതം ഞങ്ങൾ തുടങ്ങുന്ന സമയത്താണ് അസുഖം ഉണ്ടാകുന്നത്. അങ്ങനെ ആ വിഷമഘട്ടം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴും അദ്ദേഹം വീണ്ടും പഴയതുപോലെയായി. കുടിയും വലിയും മാത്രം. ഒരുദിവസം ചുമച്ച് ചുമച്ച് ചോര തുപ്പി. വീണ്ടും ആശുപത്രിയിലേയ്ക്ക്. അതിന്റെ ബില്ലും വിവരങ്ങളും എന്റെ കയ്യിൽ ഉണ്ട്. ഐസിയുവിൽ ഒരാഴ്ച കിടന്നു. കുടിച്ച് ലക്കുകെട്ട് വീട്ടിൽ നിന്നും ഇറങ്ങിപ്പോകും. മദ്യം കുടിക്കാൻ സിനിമാ സുഹൃത്തുക്കളോടും മറ്റും കടം ചോദിക്കാൻ തുടങ്ങി. ഇവരൊക്കെ എന്നെ വിളിച്ച് എന്താണ് പ്രശ്നമെന്ന് ചോദിച്ചു. സഹിക്കുന്നതിനും പരിധിയില്ലേ. എനിക്കും കുട്ടികൾക്കും വേണ്ടി മാത്രമല്ല നിങ്ങളുടെ മുൻഭാര്യയ്ക്കും ആ കുട്ടികൾക്കും വേണ്ടിയെങ്കിലും ഇത് നിർത്താൻ ആവശ്യപ്പെട്ടു. പിന്നീട് അദ്ദേഹത്തോട് പറഞ്ഞുതന്നെ ഫോണിൽ ട്രാക്കർ വച്ചു. എവിടെപ്പോകുന്നു എന്നൊക്കെ അറിയാൻ. പക്ഷേ വീണ്ടും പഴയതുപോലെ തന്നെയായി. ഒന്നും നടന്നില്ല. അയാൾ അടിമയായി കഴിഞ്ഞിരുന്നു. അതിനെ ചൊല്ലി വീട്ടിൽ വഴക്ക് ഉണ്ടായിരുന്നു. ഒരാഴ്ച മദ്യം മാത്രമാണ് കഴിച്ചുകൊണ്ടിരുന്നത്. ഭക്ഷണം പോലും കഴിക്കുന്നില്ല. എന്നാൽ കഴിയുന്നതുപോലെ നോക്കി. ഒരു ദിവസം വെളുപ്പിന് നാല് മണിക്ക് വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. വിളിച്ചാൽ ഫോണും എടുക്കില്ല. അസിസ്റ്റന്റ്സ് വന്നാണ് അദ്ദേഹത്തെ തിരിച്ച് വീട്ടിലെത്തിച്ചത്. തനിയെ നടക്കാൻ പോലും കഴിയാത്ത അവസ്ഥ. ജീവിത സമ്മർദം താങ്ങാൻ വയ്യാതെയാണ് ഇങ്ങനെയായത്. സമൂഹമാധ്യമങ്ങൾ മുഴുവൻ ഞങ്ങളെക്കുറിച്ചുള്ള ട്രോളുകള്‍. ഇതൊക്കെ അദ്ദേഹത്തെ തളർത്തിയിട്ടുണ്ടാകും.‘ഇതിനിടെയാണ് ഞങ്ങൾ ഗോവയിൽ പോയത്. വളരെയധികം സന്തോഷത്തോടെയാണ് ആ യാത്ര ആസ്വദിച്ചത്. ആ സമയത്താണ് അദ്ദേഹത്തിന്റെ ചേട്ടൻ മരിക്കുന്നത്. ഇക്കാര്യം ഞാൻ പറഞ്ഞതോടെ വല്ലാതെ അസ്വസ്ഥനായിരുന്നു. വീട്ടിൽ പോയി വരാമെന്നു പറഞ്ഞു. ഈ ഒരവസ്ഥയിൽ അതൊരു മാറ്റമുണ്ടാക്കുമെന്ന് ഞാൻ വിചാരിച്ചു. കുറച്ച് പണവും നല്‍കിയാണ് അയച്ചത്. പോയിട്ട് ഇപ്പോള്‍ ദിവസങ്ങളായി. ഇതുവരെ വിളിച്ചിട്ടില്ല. ആ വീട്ടിലും എത്തിയിട്ടില്ല. ഇപ്പോള്‍ വരെയും ഫോൺ ഓഫ് ആണ്.‘എന്നാൽ അയാൾ പല സ്ഥലങ്ങളിലും പോകുന്നുണ്ടെന്ന് ഞാൻ അറിയുന്നുണ്ട്. എന്നെ മാത്രം വിളിക്കുന്നില്ല. അതെന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല. അദ്ദേഹത്തെ നോക്കിയത് എങ്ങനെയെന്ന് എനിക്ക് അറിയാം. പക്ഷേ ഇപ്പോൾ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. എന്നേക്കാൾ മദ്യത്തെയാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. ‘ഞാന്‍ ഒരു കുടുംബം തകര്‍ത്തു എന്ന് പറയുന്നവരോടാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വീടും കുടുംബവുമില്ലാതെ കഴിയുന്ന ഒരാള്‍ക്ക് ഞാനൊരു കുടുംബം ഉണ്ടാക്കി കൊടുത്തു. അവന്‍ വേദനകളിലായിരുന്നു. കോവിഡ് മഹാമാരി ആരംഭിച്ച മോശം സമയങ്ങളില്‍ ഞങ്ങള്‍ പരസ്പരം സ്നേഹിച്ചു. ചിരിച്ച് കൊണ്ട് ജീവിച്ചു. ഞങ്ങളെ ചുറ്റിപറ്റിയുള്ള കാര്യങ്ങള്‍ മാധ്യമങ്ങള്‍ മനഃപൂര്‍വ്വം സൃഷ്ടിച്ചെടുത്തതാണ്. ഒരു കാര്യവും ഞാന്‍ മറച്ച് വച്ചിട്ടില്ല. എന്റെ ജീവിതത്തെ കുറിച്ച് ആരോടും വിശദീകരിക്കേണ്ട ആവശ്യം എനിക്കില്ല. എനിക്ക് തന്നെ അത് കൈകാര്യം ചെയ്യാന്‍ സാധിക്കും. തകർച്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റവളാണ് ഞാൻ. എന്റെ മക്കൾക്കു വേണ്ടി ജീവിക്കും.’–വനിത വ്യക്തമാക്കുന്നു.
പീറ്റർ പോളുമായി വനിത വിജയകുമാറിന്റെ മൂന്നാം വിവാഹമാണിത്. ആദ്യത്തെ രണ്ടു വിവാഹത്തിൽ നിന്നും വനിതക്ക് മൂന്ന് കുട്ടികൾ ഉണ്ട്. 2000ലാണ് നടൻ ആകാശുമായുള്ള വനിതയുടെ വിവാഹം. 2007 ൽ ഈ ബന്ധം വേർപെടുത്തി. അതിൽ വനിതക്ക് രണ്ടു കുട്ടികൾ ഉണ്ട്. അതിനു ശേഷം അതേ വർഷം തന്നെ ബിസിനസ്സുകാരനായ ആനന്ദ് ജയരാജിനെ വനിത വിവാഹം ചെയ്തു. ഈ ബന്ധത്തിൽ വനിതയ്ക്കൊരു മകളുണ്ട് 2012ൽ ഇവർ വിവാഹമോചിതരായി. വിഷ്വൽ ഇഫക്ട്സ് ഡയറക്ടർ ആയ പീറ്റർ പോളിനെ കഴിഞ്ഞ ജൂൺ 27ന് ആയിരുന്നു വനിത വിവാഹം കഴിച്ചത്. രണ്ടു വിവാഹങ്ങൾക്കും വേർപിരിയലുകൾക്കും ശേഷം നടന്ന വനിത വിജയകുമാറിന്റെ മൂന്നാമത്തെ വിവാഹം കോളിവുഡിൽ വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ