
കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ഗാനരചയിതാവിനുള്ള അവാര്‍ഡ് റാപ്പര്‍ വേടന് നൽകിയതിൽ പ്രതികരിച്ച് കൈതപ്രം ദാമോദരൻ നമ്പൂതിരി. വേടന് അവാര്‍ഡ് നൽകിയതിനെക്കുറിച്ച് ചലച്ചിത്ര അവാര്‍ഡ് നിര്‍ണയിച്ച ജൂറിയോട് ചോദിക്കേണ്ടതാണെന്നും താൻ അഭിപ്രായം പറഞ്ഞിട്ട് കാര്യമില്ലെന്നും കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു.വിവർശനവും സുദർശനവുമൊക്കെയുണ്ടാവുമെന്നും അത് അതിന്‍റെ വഴിക്ക് പോകട്ടെയെന്നും കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു.
മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിക്ക് നൽകിയതിലെ വിവാദത്തിൽ പ്രതികരണവുമായി നേരത്തെ സംസ്ഥാന ചലച്ചിത്ര ജൂറി അംഗം ഗായത്രി അശോകൻ രംഗത്തെത്തിയിരുന്നു. പഴയ രചനകൾ മാത്രമല്ല മികച്ചതെന്നും ജൂറി ഏകകണ്ഠമായാണ് വേടന് അവാർഡ് നൽകാൻ തീരുമാനിച്ചതെന്നുമാണ് ഗായത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. സംഗീതത്തിലെ വിപ്ലവകരമായ മാറ്റങ്ങളെ ഉൾക്കൊള്ളണം. ഓരോ സംഗീത ശൈലിക്കും അതിൻ്റേതായ മഹത്വമുണ്ട്. വിമർശനങ്ങളെ കാര്യമാക്കുന്നില്ലെന്നും ഗായത്രി അശോകൻ പറഞ്ഞു. യുവതികളുടെ ലൈംഗിക പരാതികളുടെ പശ്ചാത്തലത്തിലുള്ള വിമർശനങ്ങളുടെ നിയമപരമായ വശം അറിയില്ലെന്നും ഗായത്രി അശോകൻ കൂട്ടിച്ചേർത്തു.
നേരത്തെ, വേടന് പോലും ചലച്ചിത്ര അവാർഡ് നൽകി എന്ന സംസ്കാരിക മന്ത്രി സജി ചെറിയാന്‍റെ വാക്കുകൾ അപമാനിക്കുന്നതിന് തുല്യമാണെന്ന് വേടൻ പറഞ്ഞിരുന്നു. ഇതിന് പാട്ടിലൂടെ മറുപടി നൽകുമെന്നും വേടൻ പ്രതികരിച്ചിരുന്നു. എന്നാൽ പരാമർശം ചർച്ചയായതോടെ അത് തിരുത്തി വേടൻ രംഗത്തെത്തി. മന്ത്രി അപമാനിച്ചതായി കരുതുന്നില്ലെന്നും കലാകാരൻ എന്ന നിലയിൽ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്ത ആളാണ് മന്ത്രിയെന്നും വേടൻ പറഞ്ഞു. തന്നെയും തന്നെപ്പോലെ സ്വതന്ത്ര കലാകാരന്മാർക്കും ഒരുപാട് എഴുതാനും സംഗീതം ഉണ്ടാക്കാനും അവസരം നൽകുന്നതാണ് അവാർഡെന്നും വേടൻ പ്രതികരിച്ചു.
മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരമാണ് വേടൻ നേടിയത്. മഞ്ഞുമ്മൽ ബോയ്സിലെ വേടൻ എഴുതിയ കുതന്ത്രം (വിയര്‍പ്പ് തുന്നിയിട്ട കുപ്പായം) എന്ന ഗാനത്തിനാണ് മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം. സിനിമയിലെ പ്രധാന കഥാപാത്രങ്ങളുടെ പാര്‍ശ്വവത്കൃത ജീവിതത്തിലെ സഹനങ്ങളെയും സന്തോഷങ്ങളെയും പുതിയ ബിംബങ്ങളിലുടെ തേച്ചുമിനുക്കാത്ത വാക്കുകളിലേക്ക് പകര്‍ത്തിയെടുത്ത രചനാമികവിനാണ് പുരസ്കാരമെന്നാണ് ജൂറി അഭിപ്രായപ്പെട്ടത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ