ചെന്നൈയിലെ പ്രത്യേക പ്രദര്‍ശനത്തില്‍ കൈയടി നേടി 'വീരവണക്കം'

Published : Sep 02, 2025, 11:13 PM IST
veera vanakkam movie got good reception from chennai preview

Synopsis

പി കെ മേദിനി ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്

അനില്‍ വി നാഗേന്ദ്രന്‍ സംവിധാനം ചെയ്ത വീര വണക്കം എന്ന തമിഴ് ചിത്രത്തിന്‍റെ ചെന്നൈയിലെ പ്രത്യേക പ്രദര്‍ശനം നിറഞ്ഞ പങ്കാളിത്തം കൊണ്ടും ആവേശകരമായ മുഹൂർത്തങ്ങൾ കൊണ്ടും ശ്രദ്ധേയമായി. തമിഴ്നാട്ടിലെ മാധ്യമപ്രവർത്തകർക്കായി ചെന്നൈ പ്രസാദ് തിയറ്ററിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. കേരളത്തിൻ്റെയും തമിഴ്നാടിൻ്റെയും ചരിത്ര സാമൂഹ്യ പശ്ചാത്തലത്തിൽ വലിയ താരനിരയുമായി ഒരുക്കിയ ചിത്രമെന്ന പ്രത്യേകത 'വീരവണക്ക'ത്തിനുള്ളതിനാൽ എല്ലാ വിഭാഗം മാധ്യമങ്ങളിലെയും മുതിർന്ന റിപ്പോർട്ടർമാരും പ്രശസ്ത നിരൂപകരും മറ്റും ചിത്രം കാണാൻ എത്തിയിരുന്നു.

ചിത്രത്തിൽ 97 വയസ്സുള്ള വിപ്ലവ ഗായികയും പോരാളിയുമായ ചിരുതയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച കേരളത്തിൻ്റെ ആരാധ്യയായ പി.കെ.മേദിനി, മാധ്യമ പ്രവർത്തകർക്കൊപ്പം ചിത്രം കാണാൻ പ്രസാദ് തിയേറ്ററിൽ എത്തിയത് അവിസ്മരണീയ അനുഭവമായി മാറി. ചിത്രത്തിലെ പ്രധാന കഥാപാത്രവും ചരിത്രപുരുഷനുമായ സഖാവ് പി.കൃഷ്ണപിള്ളയ്ക്കൊപ്പം ഒളിവിലും തെളിവിലും പ്രവർത്തിക്കുകയും കേരളത്തിൽ മുക്കാൽ നൂറ്റാണ്ടിലധികമായി വിപ്ലവഗാനങ്ങൾ പാടി ജനങ്ങളെ ആവേശഭരിതരാക്കുകയും ചെയ്യുന്ന പി.കെ.മേദിനി തന്നെയാണ് തൻ്റെ ജീവിതവുമായി ഏറെ സാമ്യമുള്ള ചിരുത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് എന്നറിഞ്ഞ മാധ്യമ പ്രവർത്തകർ പി.കെ.മേദിനിയ്ക്ക് നല്‍കിയത് ഹൃദ്യമായ ആദരവും സ്നേഹവും. ചിത്രം കണ്ടു കഴിഞ്ഞ് പ്രസാദ് തിയേറ്ററിനു പുറത്ത് ഒരുക്കിയ പ്രത്യേക സ്വീകരണ പരിപാടിയിൽ വച്ച് പി.കെ. മേദിനിയെയും ചിത്രത്തിൻ്റെ സംവിധായകൻ അനിൽ വി.നാഗേന്ദ്രനെയും മറ്റ് അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും ആദരിച്ചു. തമിഴ്നാട് മാധ്യമ സംഘടനയ്ക്കു പുറമേ സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ അംഗമായിരുന്ന ജി. രാമകൃഷ്ണനും പി.കെ.മേദിനിയെ ആദരിച്ചു.

വീരവണക്കം എന്ന ചിത്രം അടിച്ചമർത്തപ്പെട്ടവരുടെ അസാധാരണമായ പോരാട്ടങ്ങളുടെ യഥാതഥമായ ആവിഷ്ക്കാരമാണെന്നും തമിഴ്നാടിൻ്റെയും കേരളത്തിൻ്റെയും ഹൃദയബന്ധം ഊട്ടി ഉറപ്പിക്കുന്നതാണെന്നും വീരവണക്കം എന്ന ചിത്രം തമിഴ്നാടിനു ലഭിച്ച സമ്മാനമാണെന്നും സംസാരിച്ചവർ അഭിപ്രായപ്പെട്ടു. പി.കൃഷ്ണപിള്ള ശുചീന്ദ്രം സ്വദേശിയായ തങ്കമ്മയെ വിവാഹം കഴിക്കുക വഴി തമിഴ്നാടിൻ്റെ മരുമകനാണെന്ന കാര്യവും പലർക്കും പുതിയ അറിവായിരുന്നു. തങ്കമ്മയായി അഭിനയിച്ച ഐശ്വികയ്ക്കും സമദ്രക്കനിയ്ക്കും ഭരത്തിനുമൊപ്പം തുല്യപ്രാധാന്യമുള്ള വേഷം ചെയ്ത റിതേഷിനും പ്രദര്ശനത്തില് നിറഞ്ഞ കൈയ്യടി ലഭിച്ചു. തമിഴ്നാട്ടിലെ ഏറ്റവും പ്രധാന വിതരണ കമ്പനിയായ റെഡ് ജയൻ്റ് മൂവീസാണ് ചിത്രം വിതരണം ചെയ്യുന്നത്. ആഗസ്റ്റ് 29 ന് തമിഴ്നാട്ടിലും കേരളത്തിലും ചിത്രം പ്രദർശനത്തിനെത്തി.

വിശാരദ് ക്രിയേഷൻസിൻ്റെ ബാനറിൽ അനിൽ വി.നാഗേന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ സമദ്രക്കനി, ഭരത്, റിതേഷ്, പി.കെ. മേദിനി, സുരഭി ലക്ഷ്മി, ഭരണി, പ്രേംകുമാർ, രമേശ് പിഷാരടി, ആദർശ്, ഐശ്വിക, അരിസ്റ്റോ സുരേഷ്, സിദ്ദിഖ്, ഭീമൻ രഘു, സിദ്ധാംഗന, സുധീഷ്, വി.കെ. ബൈജു, ശാരി, ഉല്ലാസ് പന്തളം, റിയാസ് നെടുമങ്ങാട്, പ്രമോദ് വെളിയനാട്, കോബ്ര രാജേഷ്, ഉദയ, മധുരമീന തുടങ്ങി രണ്ടായിരത്തിൽ പരം പേർ വേഷമിടുന്നു. അനിൽ വി.നാഗേന്ദ്രൻ്റെ വസന്തത്തിൻ്റെ കനൽ വഴികളിൽ എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ വീരവണക്കത്തിൽ ആദ്യ ചിത്രത്തിലെ ചില ഭാഗങ്ങൾ ഫ്ലാഷ് ബാക്കായി കാണിക്കുന്നുമുണ്ട്. പ്രിവ്യൂ ഷോയ്ക്ക് ശേഷം മികച്ച അഭിപ്രായമാണ് ചിത്രം നേടിയിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍
'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ