
സിനിമയ്ക്ക് വേണ്ടി പാട്ടെഴുതിച്ചിട്ട് തനിക്ക് പ്രതിഫലം നല്‍കിയില്ലെന്ന കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സംവിധായകൻ നേമം പുഷ്‍പരാജ്. ഗൗരീശങ്കരം എന്ന ചിത്രത്തിനായി പാട്ടെഴുതിയത് ഗിരീഷ് പുത്തഞ്ചേരിയാണെന്നും പാട്ട് എഴുതാം എന്ന് പറഞ്ഞ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് 35000രൂപ അഡ്വാന്‍സ് നല്‍കിയെങ്കിലും പിന്നീട് അതില്‍ നിന്ന് അദ്ദേഹം ഒഴിവായിപ്പോയെന്നും നേമം വ്യക്തമാക്കി. എന്നാല്‍ തന്നെ അറിയിക്കാതെ ചിത്രത്തിന്‍റെ ഗാനരചന മറ്റൊരാളെ കൊണ്ട് നടത്തിയതാണെന്നും തന്നോട് അപമര്യാദയായി നേമം പുഷ്‍പരാജ് പെരുമാറിയെന്നും കൈതപ്രവും പ്രതികരിച്ചു. ഇരുവരും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോടാണ് ഇക്കാര്യം പറഞ്ഞത്.
ഇരുപതു വര്‍ഷം മുൻപ് ഗൗരീശങ്കരം എന്ന ചിത്രത്തിനായി പാട്ടെഴുതാൻ ആദ്യം കൈതപ്രത്തെയാണ് വിളിച്ചത്. എന്നാല്‍ അദ്ദേഹം കാലതാമസം വരുത്തി. സുരേഷ് ഗോപിയെ നായകനാക്കി ഒരു ആക്ഷൻ ചിത്രമായിരുന്നു ആദ്യം പ്ലാൻ ചെയ്‍തത്. എന്നാല്‍ അദ്ദേഹത്തിന്‍റെ ഡെയ്റ്റ് പ്രശ്‍നം കാരണം ചിത്രത്തിന്‍റെ തിരക്കഥ മാറ്റി എഴുതി. പിന്നീട് മുന്നയെയും കാവ്യ മാധവനെയും പ്രധാനകഥാപാത്രമാക്കി ഗൗരീശങ്കരം എന്ന പ്രണയ ചിത്രം ഒരുക്കുകയായിരുന്നു. എന്നാല്‍ കൈതപ്രത്തിന്‍റെ ഭാഗത്ത് നിന്ന് ഗാനരചനയുടെ കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകാതെ വന്നതോടെയാണ് ഗിരീഷ് പുത്തഞ്ചേരിയെകൊണ്ട് പാട്ട് എഴുതിക്കാൻ തീരുമാനിച്ചത്. തന്‍റെ മര്യാദക്ക് ആദ്യം കൊടുത്ത അഡ്വാൻസ് കൈതപ്രത്തിന്‍റെ കൈയ്യില്‍ നിന്ന് തിരികെ ചോദിച്ചില്ലെന്നും 20 വര്‍ഷം കഴിഞ്ഞ് ഇത്തരത്തിലുള്ള ആരോപണവുമായി വരുന്നതിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങൾ കാണുമെന്നും നേമം പുഷ്പരാജ് വ്യക്തമാക്കി.
ലളിതകലാ അക്കാദമിയുടെ ചിത്ര–ശിൽപ ക്യാംപിന്‍റെ ഉദ്ഘാടനവേദിയിലാണ് കവി കൈതപ്രം ദാമോദരൻ നമ്പൂതിരിയും അക്കാദമി ചെയർമാനും സംവിധായകനുമായ നേമം പുഷ്പരാജും തമ്മിൽ തർക്കമുണ്ടായത് .
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ