
പ്രശസ്‍ത മാപ്പിളപ്പാട്ട് കലാകാരനും സംഗീത സംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു. അരീക്കാട് ഉള്ളിശേരിക്കുന്നിലെ വീട്ടിൽ എൻപതാം വയസിലായിരുന്നു അന്ത്യം. ആസ്വാദകര്‍ക്ക് എന്നെന്നും ഓര്‍മ്മിക്കാൻ നിത്യഹരിത മാപ്പിളപ്പാട്ടുകൾ ബാക്കിയാക്കിയാണ് കോഴിക്കോട് അബൂബക്കറിന്‍റെ വിടവാങ്ങല്‍. മൂവായിരത്തിലധികം ഗാനങ്ങൾക്ക് ഈണമിട്ടിട്ടുണ്ട്. ഖബറടക്കം ഇന്ന് ഒന്നരയോടെ മാത്തോട്ടം പള്ളിയിൽ നടക്കും.
യേശുദാസ്, കെ എസ് ചിത്ര എം ജി ശ്രീകുമാർ, സുജാത, അഫ്സൽ തുടങ്ങി പുതുതലമുറ ഗായകര്‍ വരെ അബൂബറിന്റെ പാട്ടുകൾ പാടിയിട്ടുണ്ട്. കരയാനും പറയാനും മനം തുറന്നിരിക്കാനും എന്ന് തുടങ്ങുന്ന പ്രശസ്ത ഗാനം അബൂബക്കറിന്‍റേതാണ്. കണ്ണീരിൽ മുങ്ങി ഞാൻ കൈകൾ നീട്ടുന്നു പെരിയോനേ എന്ന ഗാനവും അബൂബക്കറിന്‍റെ സംഗീത സംവിധാനത്തില്‍ എത്തിയതാണ്. കാസെറ്റ് ആൽബങ്ങളിൽ തരംഗം സൃഷ്ടിച്ച തരംഗിണിക്ക് വേണ്ടി 40 ഗാനങ്ങൾ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. അതില്‍ നാൽപ്പതും പാടിയത് യേശുദാസ് ആയിരുന്നു. ബാബുരാജ്, ദേവരാജൻ മാസ്റ്റർ, ബോംബെ രവി എന്നിവരുടെ കൂടെ തബലിസ്റ്റായും ജോലി ചെയ്തു.
ചിട്ടപ്പെടുത്തിയ 80 ശതമാനം ഈണങ്ങൾക്കും വരികളെഴുതിയത് ബാപ്പു വെള്ളിപ്പറമ്പ് ആയിരുന്നു. സഹപാഠിയായ മാമൂക്കോയയുമായുള്ള പരിചയമാണ് ആദ്യ കാലത്ത് കോഴിക്കോട് അബൂബക്കറിനെ ബാബുരാജിന്‍റെ ട്രൂപ്പിലെ തബലക്കാരനാക്കിയത്. രണ്ട് മാസം മുന്‍പ് പക്ഷാഘാതം തളര്‍ത്തുന്നതിന് തൊട്ടുമുന്‍പ് വരെ വീടിന്‍റെ ഉമ്മറത്തിരുന്ന് വരികള്‍ക്ക് ഈണമിടുക എന്ന ചെയ്യാന്‍ ഏറ്റവും ഇഷ്ടമുള്ള കാര്യം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോട് അബൂബക്കറിന്‍റെ വിടവാങ്ങലിലൂടെ മാപ്പിളപ്പാട്ടുകളുടെ ഒരു കാലഘട്ടം തന്നെയാണ് ഓര്‍മ്മയാവുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ