
ചെന്നൈ: തമിഴ് ചലച്ചിത്ര നടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ രാജേഷ് വില്ല്യംസ് അന്തരിച്ചു. 75 വയസായിരുന്നു. ഇന്ന് രാവിലെ രക്തസമ്മർദ്ദം നേരിട്ട രാജേഷ് വില്ല്യംസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നുവെന്ന് വിവിധ ഉറവിടങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 150ലേറെ സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുള്ള രാജേഷ് തമിഴിന് പുറമെ തെലുങ്ക്, മലയാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
1974ൽ ആണ് രാജേഷ് വില്ല്യംസ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. അവൾ ഒരു തൊടർക്കഥൈ ആയിരുന്നു ആദ്യ ചിത്രം. ശേഷം 1979ൽ കന്നി പരുവത്തിലേ എന്ന സിനിമയിലൂടെ നായകനായി. അച്ചമില്ലൈ അച്ചമില്ലൈ എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ പടത്തിന് പിന്നാലെ ക്യാരക്ടർ റോളുകൾ ചെയ്യുന്നതിൽ രാജേഷ് വില്ല്യംസ് ശ്രദ്ധ ചൊലുത്തുകയായിരുന്നു. പിന്നീട് സത്യ, മഹാനദി, വിരുമാണ്ടി, ജയ്ഹിന്ദ്, ഇരുവർ, നേരുക്ക് നേർ, ദീന, സിറ്റിസെൻ, രമണ, റെഡ്, സാമി, ആഞ്ജനേയ, ഓട്ടോഗ്രാഫ്, ശിവകാശി, മഴൈ, ധർമപുരി, തിരുപ്പതി, സർക്കാർ, മാസ്റ്റർ, യാതും ഊരേ യാവരും കേളിർ തുടങ്ങിയ നിരവധി സിനിമകളിൽ അദ്ദേഹം ഭാഗമായി.
അലകൾ, ഇതാ ഒരു പെൺകുട്ടി, അഭിമന്യൂ തുടങ്ങിയ മലയാള സിനിമകളിൽ അഭിനയിച്ച രാജേഷ് വില്ല്യംസ്, ബംഗാരു ചിലക, ചദാസ്തപു മൊഗുഡു, മാ ഇൺടി മഹാരാജു തുടങ്ങി തെലുങ്ക് ചിത്രങ്ങളിലും വേഷമിട്ടു. ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയായ അദ്ദേഹം മലയാളത്തിന്റെ അനശ്വര കലാകാരന്മാരായ മുരളി, നെടുമുടി വേണു എന്നിവർക്ക് തമിഴിൽ ശബ്ദം നൽകിയിട്ടുണ്ട്. ജോയ് മാത്യൂവിന് വേണ്ടിയും രാജേഷ് ഡബ്ബ് ചെയ്തിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് രംഗത്തും സജീവമായിരുന്ന അദ്ദേഹം 2024ൽ പുറത്തിറങ്ങിയ മെറി ക്രിസ്മസ് എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ