
ലോകേഷ് കനകരാജിന്‍റെ എല്‍സിയുവിന് പിന്നാലെ തമിഴ് സിനിമയില്‍ നിന്ന് മറ്റൊരു യൂണിവേഴ്സ് കൂടി വരുന്നു. വെട്രിമാരനാണ് ഇതിന്‍റെ അമരക്കാരന്‍. ചിമ്പുവിനെ നായകനാക്കി അദ്ദേഹം ഒരുക്കുന്ന ചിത്രത്തെക്കുറിച്ച് നേരത്തേ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇത് അദ്ദേഹം മുന്‍പ് സംവിധാനം ചെയ്ത ഒരു ചിത്രത്തിന്‍റെ ലോകത്തില്‍ തന്നെ നടക്കുന്ന കഥയാണെന്നത് പ്രേക്ഷകര്‍ക്ക് പുതിയ വിവരമാണ്. കോളിവുഡിലെ ഗ്യാങ്സ്റ്റര്‍ ഡ്രാമകളില്‍ പില്‍ക്കാലത്ത് കള്‍ട്ട് സ്റ്റാറ്റസ് തന്നെ നേടിയ വട ചെന്നൈയുടെ ലോകത്തിലാണ് പുതിയ സിനിമയും വെട്രിമാരന്‍ അവതരിപ്പിക്കുന്നത്.
ചിമ്പു നായകനാവുന്ന ചിത്രത്തിന് അരസന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. 5.35 മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രൊമോ വീഡിയോയാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. രണ്ട് വേറിട്ട ഗെറ്റപ്പുകളിലും പ്രായത്തിലുമാണ് ചിമ്പു ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. ഒന്ന് നാല്‍പതുകളില്‍ പ്രായം തോന്നിക്കുന്ന ഒരു ഗ്യാങ്സ്റ്ററും മറ്റൊന്ന് ഒരു ഗ്യാങ്സ്റ്ററുടെ ചെറുപ്പകാലവുമാണ്. പ്രായമുള്ള കഥാപാത്രം തന്‍റെ കഥ ഒരു സംവിധായകനോട് സിനിമയാക്കാനായി പറഞ്ഞുകൊടുക്കുന്നതാണ് ഒരു സീക്വന്‍സ്. ഒരു കേസില്‍ പ്രതിയായ ഇയാള്‍ ഹാജരാവുന്നതിന് മുന്‍പ് കോടതിവളപ്പില്‍ വച്ചാണ് കഥ പറഞ്ഞ് തുടങ്ങുന്നത്.
കൗതുകകരമായ കാര്യം ചിമ്പു പറയുന്ന കഥ കേള്‍ക്കുന്നത് സംവിധായകന്‍ നെല്‍സണ്‍ ദിലീപ്‍കുമാര്‍ ആണെന്നതാണ്. തന്‍റെ കഥാപാത്രം ധനുഷ് ചെയ്താല്‍ നന്നാവുമെന്നും എസ്ടിആര്‍ നെല്‍സണോട് പറയുന്നുണ്ട്. ടീസറിന്‍റെ പകുതി സമയം ഒരു പഴയ കാലമാണ് സ്ക്രീനില്‍ എത്തുന്നത്. ചെറുപ്പമായ ചിമ്പുവിനെ ഈ ഭാഗങ്ങളില്‍ കാണാം. വട ചെന്നൈയുടെ ലോകത്തില്‍ നിന്ന് ഒരു പറയാത്ത കഥ എന്ന മുഖവുരയോടെയാണ് ടീസറില്‍ അരസന്‍ എന്ന പേര് അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ സംഗീത വിഭാഗത്തിലാണ് മറ്റൊരു കൗതുകം.
വട ചെന്നൈയുടെ സംഗീത സംവിധാനം സന്തോഷ് നാരായണന്‍ ആയിരുന്നെങ്കില്‍ പുതിയ ചിത്രത്തിന് സംഗീതം പകരുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരിക്കുന്ന ഒരു കാര്യം ഈ മാറ്റമാണ്. ആര്‍ വേല്‍രാജ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. എഡിറ്റിംഗ് ആര്‍ രാമര്‍. വലിയ സാമ്പത്തിക വിജയം നേടാനാവാതെ പോയ ചിത്രമായിരുന്നു 2018 ല്‍ പുറത്തിറങ്ങിയ വട ചെന്നൈ. എന്നാല്‍ പില്‍ക്കാലത്ത് ചിത്രം സിനിമാപ്രേമികളുടെ ഇഷ്ട ചിത്രങ്ങളിലൊന്നായി മാറി.