
ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ എത്തുന്ന പുതിയ മലയാള ചിത്രങ്ങളുടെ റിലീസ് തീയതികള്‍ പ്രഖ്യാപിച്ച് മുന്‍നിര ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോ (Amazon Prime Video). ടൊവീനോ തോമസ് നായകനായ ആഷിക് അബു ചിത്രം നാരദന്‍ (Naradan), ഷെയ്ന്‍ നിഗത്തെ നായകനാക്കി നവാഗതനായ ശരത്ത് ഒരുക്കിയ വെയില്‍ (Veyil), ജോജു ജോര്‍ജ്, വിനായകന്‍, കുഞ്ചാക്കോ ബോബന്‍, ദിലീഷ് പോത്തന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമല്‍ കെ എം ഒരുക്കിയ പട (Pada) എന്നിവയുടെ റിലീസ് തീയതികളാണ് ആമസോണ്‍ പ്രൈം വീഡിയോ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതില്‍ ആദ്യം എത്തുക പടയാണ്. നാളെയാണ് (മാര്‍ച്ച് 30) ചിത്രത്തിന്‍റെ സ്ട്രീമിംഗ് ആരംഭിക്കുക. ഈ മാസം 11ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. ഒരു യഥാര്‍ഥ സംഭവത്തെ ആസ്‍പദമാക്കി നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ചിത്രമാണിത്. 1996ല്‍ പാലക്കാട് കളക്റ്ററേറ്റില്‍ അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കള്‍ കളക്ടറെ ബന്ദിയാക്കിയ സംഭവമാണ് പ്രചോദനം. 2012ല്‍ പുറത്തെത്തിയ ഹിന്ദി ചിത്രം 'ഐഡി'യിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചയാളാണ് കമല്‍ കെ എം. ഇ 4 എന്‍റര്‍ടെയ്‍ന്‍മെന്‍റ്, എവിഎ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ മുകേഷ് ആര്‍ മെഹ്‍ത, സി വി സാരഥി, എ വി അനൂപ് എന്നിവരാണ് പടയുടെ നിര്‍മ്മാണം. പ്രകാശ് രാജ്, അര്‍ജുന്‍ രാധാകൃഷ്‍ണന്‍, ഇന്ദ്രന്‍സ്, സലിം കുമാര്‍, ജഗദീഷ്, ടി ജി രവി, ഉണ്ണിമായ പ്രസാദ്, സാവിത്രി ശ്രീധരന്‍, വി കെ ശ്രീരാമന്‍, ഷൈന്‍ ടോം ചാക്കോ, ഗോപാലന്‍ അടാട്ട്, സുധീര്‍ കരമന, ദാസന്‍ കൊങ്ങാട്, കനി കുസൃതി, ഹരി കൊങ്ങാട്, കെ രാജേഷ്, സിബി തോമസ്, ബ്രിട്ടോ ദേവിസ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
ഏപ്രില്‍ 8നാണ് ആഷിക് അബുവിന്‍റെ നാരദന്‍ സ്ട്രീമിംഗ് ആരംഭിക്കുക. ഈ മാസം 3ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. 'വൈറസി'നു ശേഷം ആഷിക് അബുവിന്‍റെ സംവിധാനത്തിലെത്തുന്ന ഫീച്ചര്‍ ചിത്രമാണ് നാരദന്‍. 'മായാനദി'ക്കു ശേഷം ആഷിക്കും ടൊവീനോയും ഒന്നിക്കുന്ന ചിത്രവുമാണിത്. ഒരു ടെലിവിഷന്‍ വാര്‍ത്താ ചാനലിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ടൊവീനോ വാര്‍ത്താ അവതാരകനായി എത്തുന്നുണ്ട്. ഉണ്ണി ആര്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ അന്ന ബെന്‍ ആണ് നായിക. ഇന്ദ്രന്‍സ്, രണ്‍ജി പണിക്കര്‍, ഷറഫുദ്ദീന്‍, രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ഏപ്രില്‍ 15ന് ആണ് ഷെയ്‍ന്‍ നിഗത്തിന്‍റെ വെയില്‍ സ്ട്രീമിംഗ് ആരംഭിക്കുക. തിയറ്ററുകളില്‍ ഫെബ്രുവരി 25ന് എത്തിയ ചിത്രമാണിത്. ജീവിതത്തിലെ പല സന്ദർഭങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും കടന്നു പോകുന്ന അമ്മയുടെയും രണ്ട് ആൺമക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. ഷെയ്‍നിനൊപ്പം ഷൈന്‍ ടോം ചാക്കോ, ജയിംസ് എലിയ, ശ്രീരേഖ, സോന ഒളിക്കല്‍, മെറിന്‍ ജോസ്, ഇമ്രാന്‍, സുധി കോപ്പ, ഗീതി സംഗീതിക, അനന്തു തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ