'സ്റ്റാന്‍ഡ് അപ്പ് കോമഡി'യുമായി വിധു വിന്‍സെന്‍റും സംഘവും; ഫിലിം ലോഞ്ച് മമ്മൂട്ടി നിർവഹിക്കും

By Web TeamFirst Published Oct 10, 2019, 4:16 PM IST
Highlights

ചിത്രത്തിന്റെ ഒഫീഷ്യല്‍ ഫിലിം ലോഞ്ച് ഒക്ടോബര്‍ 12ന് കൊച്ചി അവന്യൂ സെന്ററില്‍ നടൻ മമ്മൂട്ടി നിർവഹിക്കും

മാന്‍ഹോളിന് ശേഷം വിധു വിന്‍സെന്‍റ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സ്റ്റാന്‍ഡ് അപ്പ്. നിമിഷ സജയനും രജിഷ വിജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ഫിലിം ലോഞ്ച് ഒക്ടോബര്‍ 12ന് കൊച്ചി അവന്യൂ സെന്ററില്‍ നടൻ മമ്മൂട്ടി നിർവഹിക്കും. ഗായിക സയനോര ഫിലിപ്പിന്റെ ലൈവ് പോഗ്രാമും ലോഞ്ചിങ് ചടങ്ങിലുണ്ടാവും. 
 

ഉമേഷ് ഓമനക്കുട്ടന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ടോബിന്‍ തോമസിന്റേതാണ്. ക്രിസ്റ്റി സെബാസ്റ്റ്യന്‍ എഡിറ്റിംഗും വര്‍ക്കി സംഗീതസംവിധാനവും നിര്‍വ്വഹിക്കുന്നു. കവയിത്രി ബിലു പദ്മിനി നാരായണന്‍ ആദ്യമായി സിനിമക്കായി വരികളെഴുതുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സൗണ്ട് ഡിസൈനര്‍ രംഗനാഥ് രവിയടക്കം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ അഞ്ച് പേര്‍ ഒന്നിക്കുന്ന ചിത്രമാണ് സ്റ്റാന്‍ഡ് അപ്പ്.

ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അര്‍ജുന്‍ അശോകന്‍, പുതുമുഖ താരം വെങ്കിടേശ്, സീമ, നിസ്താര്‍ സേഠ്, സജിത മഠത്തില്‍, ജോളി ചിറയത്ത്, രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, ജുനൈസ്, ദിവ്യ ഗോപിനാഥ് തുടങ്ങിയ താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ഒരേ തൂവല്‍ പക്ഷികള്‍ എന്ന് തുടങ്ങുന്ന തീം സോംഗ് ഹിറ്റ് ചാർട്ടില്‍ ഇടം നേടിയിരുന്നു. ശ്രുതി ഫിലിപ്പും സയനോര ഫിലിപ്പും വര്‍ക്കിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബില്ലു പദ്മിനി നാരായണനും വര്‍ക്കിയും ചേര്‍ന്നാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. ദീര്‍ഘകാലമായി മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിധു വിന്‍സെന്‍റ്  2016ല്‍ പുറത്തിറങ്ങിയ മാന്‍ഹോള്‍ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാരംഗത്തേക്ക് കടന്ന് വരുന്നത്.

 

click me!