
യുട്യൂബിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീലപരാമര്‍ശം നടത്തിയയാളെ കൈയേറ്റം ചെയ്ത സ്ത്രീകള്‍ക്ക് പിന്തുണയുമായി സംവിധായിക വിധു വിന്‍സെന്‍റ്. വിജയ് പി നായര്‍ എന്ന യുട്യൂബറെ നേരിട്ട് പ്രതിഷേധം അറിയിച്ച ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ നിയമം കൈയ്യിലെടുക്കുകയായിരുന്നെന്ന് അഭിപ്രായപ്പെടുന്നവര്‍ സൈബര്‍ അതിക്രമം സംബന്ധിച്ച കേസുകള്‍ പൊലീസ് നിരുത്തരവാദപരമായാണ് കൈകാര്യം ചെയ്യുന്നതെന്ന കാര്യം പരിഗണിക്കുന്നില്ലെന്നും വിധു അഭിപ്രായപ്പെട്ടു. ഫേസ്ബുക്കിലൂടെയാണ് വിധു വിന്‍സെന്‍റിന്‍റെ അഭിപ്രായപ്രകടനം.
വിധു വിന്‍സെന്‍റ് പറയുന്നു
ഭാഗ്യലക്ഷ്മി ചേച്ചി, ദിയ സന, ശ്രീലക്ഷ്മി അറക്കൽ.. അത് ഗംഭീരമായി. നിങ്ങൾക്ക് നിയമവാഴ്ചയിൽ വിശ്വാസം നഷ്ടപ്പെട്ടു, നിങ്ങൾ നിയമം കയ്യിലെടുത്തു എന്നൊക്കെ പറഞ്ഞ് മുതലക്കണ്ണീരൊഴുക്കുന്നവരോട്.. ഭാഗ്യം ചേച്ചി നേരിട്ട ആരോപണം പോലെ ഒരു വിഷയവുമായി പോലീസിനെ സമീപിച്ചിട്ടുള്ളവർക്ക് കാര്യങ്ങൾ കൃത്യമായി മനസിലാവും. ഒന്നാമത് ഇത്തരം കേസുകൾ എടുക്കാൻ പോലീസിന് പലപ്പോഴും താല്പര്യമില്ല. സൈബർ ബുള്ളിയിംഗ് നടക്കുന്നുണ്ടെന്ന് പരാതിപ്പെട്ടാൽ പോലീസ് ആദ്യം പറയുക എന്താന്നറിയോ? നിങ്ങള് അവരുടെ പേര്, IPഅഡ്രസ്, മറ്റ് വിവരങ്ങൾ കണ്ടെത്തി വരികയെന്ന്. അതായത് ബുള്ളിയിംഗ് നടത്തിയവരുടെ ജാതകം കൊണ്ടുചെന്നാൽ ഒരു കൈ നോക്കാമെന്ന്. ഏറ്റവുമടുത്ത് സായി ശ്വേത ടീച്ചറുടെ കാര്യത്തിൽ പോലും ഇതാവർത്തിച്ചു. പരാതിപ്പെട്ട ടീച്ചറിനോട് പോലീസ് ആവർത്തിച്ച് ചോദിച്ച ഒരു കാര്യം, നിങ്ങൾ ഒത്തുതീർപ്പിന് തയ്യാറാണോ എന്നാണ്.
മറ്റ് പലരും കൊടുത്ത പരാതികളിൽ ഫോളോ അപ് നടത്താൻ പോലീസിന്‍റെ സൈബർ ഡിപ്പാർട്ട്മെന്‍റില്‍ നിരന്തരം കയറിയിറങ്ങിയ അനുഭവം എനിക്കുണ്ട്. IP അഡ്രസ് കിട്ടാതെ ഞങ്ങളെങ്ങനെ അന്വേഷിക്കുമെന്ന് ചോദിച്ച് കൈ മലർത്തിയ ഉദ്യോഗസ്ഥനെ 'നല്ല മലയാളത്തിൽ രണ്ട് ആട്ട് ആട്ടി 'പരാതി തിരികെ വാങ്ങി പോകേണ്ടി വന്നു ഒരിക്കൽ. അതു കൊണ്ട് മാന്യജനങ്ങൾ ക്ഷമിക്കണം. ഏത് ഭർത്സനവും അങ്ങേയറ്റം വരെ ക്ഷമിച്ച്, സഹിച്ച്, മിണ്ടാതെ ഒരു ഭാഗത്തിരിക്കാൻ തല്‍ക്കാലം ചില പെണ്ണുങ്ങളെങ്കിലും ഉദ്ദേശിക്കുന്നില്ല. നിയമം നോക്കുകുത്തിയാകുമ്പോഴാണ് ഈ 'അടികൾ ' ഉണ്ടാവുന്നത്. പുരുഷാധികാരത്തിന്‍റെയും 'അലസ നിയമവാഴ്ച ' യുടേയും നേർക്കുണ്ടാവുന്ന ഇത്തരം അടികളെ ഷോക്ക് ട്രീറ്റ്മെന്‍റ് ആയി കണ്ട് തിരിച്ചറിഞ്ഞാൽ നല്ലത്. ഇല്ലെങ്കിൽ കൂടുതൽ പെണ്ണുങ്ങൾക്ക് തെരുവിലിറങ്ങേണ്ടി വരും. രാജാവ് നഗ്നനാണെന്നും ജീർണ്ണിച്ച അധികാരത്തേക്കാൾ വലിയ അശ്ലീലമില്ലെന്നും വിളിച്ചു പറയാൻ ധൈര്യപ്പെട്ട ഈ മൂന്ന് സ്ത്രീകൾക്കും അഭിവാദ്യങ്ങൾ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ