
ഹൈദരാബാദ്: 'കുബേര' എന്ന ധനുഷും നാഗാര്‍ജുനയും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോള്‍ ധനുഷ് അല്ല ചിത്രത്തില്‍ പ്രധാന വേഷം ആദ്യം ചെയ്യേണ്ടിയിരുന്നത് എന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.
തെലുങ്ക് സിനിമയിലെ യുവതാരം വിജയ് ദേവരകൊണ്ടയെയാണ് പ്രശസ്ത സംവിധായകൻ ശേഖർ കമുല 'കുബേര'യിലെ ദേവ എന്ന വേഷത്തിന് വേണ്ടി ആദ്യം ക്ഷണിച്ചത്. എന്നാല്‍ വിജയ് ചിത്രത്തിലെ പ്രധാന വേഷം നിരസിച്ചു. ജൂൺ 20-ന് തിയേറ്ററുകളിൽ എത്തിയ ഈ ചിത്രം വൻ വിജയമായി മാറിയിരിക്കുകയാണ്. ആദ്യ വീക്കെൻഡിൽ 80 കോടി രൂപയിലധികം ഇന്ത്യയില്‍ ചിത്രം കളക്ഷൻ നേടി.
വിജയ് ദേവരകൊണ്ടയുടെ അവസാനം ഇറങ്ങിയ 'ഡിയർ കോമ്രേഡ്', 'ലൈഗർ', 'ദി ഫാമിലി സ്റ്റാർ' തുടങ്ങിയ പരാജയമായിരുന്നു. 'കുബേര'യിൽ ശേഖർ കമ്മുല 'ദേവ' എന്ന ഭിക്ഷക്കാരന്‍റെ വേഷം ചെയ്യാനാണ് ദേവരകൊണ്ടയെ സമീപിച്ചത് . എന്നാൽ, 'ലൈഗർ' എന്ന ചിത്രത്തിലെ പരാജയത്തിനു ശേഷം, വീണ്ടും ഒരു ദരിദ്ര വേഷം ചെയ്യുന്നത് ആരാധകർക്ക് ഇഷ്ടപ്പെടില്ലെന്ന് കരുതി വിജയ് ഈ ഓഫർ നിരസിച്ചതായാണ് റിപ്പോർട്ടുകൾ.
വിജയ് ദേവരകൊണ്ട നിരസിച്ച വേഷം ഏറ്റെടുത്ത ധനുഷ് 'കുബേര'യിൽ തന്റെ മികച്ച പ്രകടനങ്ങളിൽ ഒന്നാണ് കാഴ്ചവച്ചത്. ഒരു ഭിക്ഷക്കാരനായ ദേവയുടെ വേഷത്തിൽ അവതരിപ്പിച്ച ധനുഷിന്‍റെ അഭിനയം വിമർശകരുടെ പ്രശംസ പിടിച്ചുപറ്റി.
സുനിൽ നാരംഗ്, പുഷ്കര്‍ റാം മോഹൻ റാവു എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച കുബേര അവതരിപ്പിച്ചിരിക്കുന്നത് സോണാലി നാരംഗ് ആണ്.
ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് രശ്‌മിക മന്ദാനയാണ്. ജിം സർഭും ദലിപ് താഹിലും ചിത്രത്തില്‍ നിർണ്ണായക വേഷങ്ങളില്‍ ഉണ്ട്. ദേശീയ അവാർഡ് ജേതാവാണ് ശേഖർ കമ്മൂല. ബിഗ് ബജറ്റില്‍ എത്തിയിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ആകെ ദൈർഘ്യം 181 മിനിറ്റ്. ചിത്രം കേരളത്തിൽ എത്തിച്ചിരിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്.