'മാസ്റ്റര്‍' കേരളത്തില്‍ റിലീസിന് എത്തുമോ? ഫിയോകിന്‍റെ നിലപാടോടെ വീണ്ടും അനിശ്ചിതത്വം

By Web TeamFirst Published Jan 1, 2021, 10:49 PM IST
Highlights

ഈ മാസം അഞ്ചിന് ചേരുന്ന സംഘടനാ എക്സിക്യൂട്ടീവ് കമ്മിറ്റിക്കും നിര്‍മ്മാതാക്കളും വിതരണക്കാരുമായുള്ള ചര്‍ച്ചയ്ക്കും ശേഷം മാത്രമേ തീയേറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ അന്തിമ നിലപാട് സ്വീകരിക്കൂ എന്നാണ് സംഘടനയുടെ തീരുമാനം.

സംസ്ഥാനത്തെ തീയേറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിനു തൊട്ടുപിന്നാലെ സിനിമാസംഘടനയായ ഫിയോക് അഭിപ്രായവ്യത്യാസമുയര്‍ത്തി രംഗത്തെത്തിയതോടെ തീയേറ്റര്‍ മേഖലയില്‍ വീണ്ടും അനിശ്ചിതത്വം. ഈ മേഖലയുമായി ബന്ധപ്പെട്ട ആയിരങ്ങളുടെ ജീവിതം പ്രതിസന്ധിയിലായതു കണക്കിലെടുത്താണ് തീയേറ്ററുകള്‍ തുറക്കാനുള്ള അനുമതി നല്‍കുന്നതെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. പകുതി സീറ്റുകളിലേ പ്രവേശനം അനുവദിക്കാവൂ എന്നതടക്കമുള്ള നിബന്ധനകളും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ നിയന്ത്രണമടക്കം തങ്ങള്‍ക്ക് നഷ്ടമാണുണ്ടാക്കുകയെന്നാണ് ഫിയോകിന്‍റെ നിലപാട്. ഇതോടെ 13ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന വിജയ് ചിത്രം 'മാസ്റ്റര്‍' കേരളത്തിലെത്തുമോ എന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്.

കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച്, പകുതി ടിക്കറ്റുകള്‍ മാത്രം നല്‍കി പ്രവേശനം അനുവദിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ പകുതി സീറ്റുകളിലെ പ്രവേശനം തങ്ങള്‍ക്ക് നഷ്ടമാണെന്നും കൂടാതെ വൈദ്യുതി ഫിക്സഡ് ചാര്‍ജ്, വിനോദ നികുതി എന്നിവയില്‍ ഇളവ് കിട്ടുമോയെന്ന് സര്‍ക്കാരിനോട് ആരായേണ്ടതുണ്ടെന്നുമാണ് ഫിയോകിന്‍റെ നിലപാട്. ഈ മാസം അഞ്ചിന് ചേരുന്ന സംഘടനാ എക്സിക്യൂട്ടീവ് കമ്മിറ്റിക്കും നിര്‍മ്മാതാക്കളും വിതരണക്കാരുമായുള്ള ചര്‍ച്ചയ്ക്കും ശേഷം മാത്രമേ തീയേറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ അന്തിമ നിലപാട് സ്വീകരിക്കൂ എന്നാണ് സംഘടനയുടെ തീരുമാനം.

അതേസമയം കേരളത്തിലെ തീയേറ്ററുകള്‍ തുറക്കാമെന്നുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ ആവേശത്തോടെയായിരുന്നു സിനിമാപ്രേമികള്‍ സ്വീകരിച്ചത്. സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളിലടക്കം ദീര്‍ഘകാലത്തിനുശേഷം തീയേറ്ററുകള്‍ തുറക്കാന്‍ ഒരുങ്ങുന്നതിന്‍റെ ആവേശം പ്രകടമായിരുന്നു. 'ദൃശ്യം 2' ഒടിടി റിലീസിലേക്ക് മാറിയതോടെ തീയേറ്ററിലെത്തുന്ന ബിഗ് റിലീസ് മാസ്റ്റര്‍ ആവുമെന്നതും ഇതുസംബന്ധിച്ച ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നിരുന്നു. കേരളത്തിലെ വിജയ് ആരാധകരും ഏറെ ആവേശത്തോടെയാണ് തീയേറ്റര്‍ തുറക്കുന്ന വാര്‍ത്തയെ സ്വീകരിച്ചത്. എന്നാല്‍ ഫിയോകിന്‍റെ നിലപാടോടെ മാസ്റ്ററിന് കേരളത്തില്‍ റിലീസ് ഉണ്ടാവുമോ എന്നറിയാന്‍ ഏതാനും ദിവസങ്ങള്‍കൂടി കാത്തിരിക്കേണ്ടിവരും.

അതേസമയം ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം നേരത്തേ വിറ്റുപോയിരുന്നു. ട്രാവന്‍കൂര്‍ ഏരിയയിലെ വിതരണാവകാശം നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസിനും കൊച്ചിന്‍-മലബാര്‍ ഏരിയയുടെ വിതരണാവകാശം ഫോര്‍ച്യൂണ്‍ സിനിമാസിനുമാണ്. അടുത്തുതന്നെ വിതരണക്കാരുടെയും പ്രതികരണം ഈ വിഷയത്തില്‍ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം കൊവിഡ് ആരംഭിച്ചതിനുശേഷം ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യ വന്‍ റിലീസ് ആയിരിക്കും 'മാസ്റ്റര്‍'. ഏപ്രില്‍ 9ന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം കൊവിഡ് സാഹചര്യത്തില്‍ വൈകുകയായിരുന്നു. 'കൈതി'ക്കു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് സേതുപതിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റിലീസ് നീണ്ട സാഹചര്യത്തില്‍ ഒടിടി റിലീസിന് സമ്മര്‍ദ്ദമുണ്ടായെങ്കിലും തീയേറ്റര്‍ റിലീസ് എന്ന തീരുമാനത്തില്‍ നിര്‍മ്മാതാവ് ഉറച്ചുനില്‍ക്കുകയായിരുന്നു. 'വിജയ് ദി മാസ്റ്റര്‍' എന്ന പേരിലെത്തുന്ന ഹിന്ദി മൊഴിമാറ്റ പതിപ്പിനും വന്‍ റിലീസ് ആണ് വിതരണക്കാര്‍ പ്ലാന്‍ ചെയ്യുന്നത്. 

click me!