
ഹൈദരാബാദ്: വെള്ളിത്തിരയില്‍ നാല് പതിറ്റാണ്ട് പിന്നിട്ട നടന വിസ്മയത്തിലൂടെ ലോകമാകെ ആരാധകരെ സ്വന്തമാക്കിയ താരമാണ് മോഹന്‍ലാല്‍. ചലച്ചിത്ര മേഖലയിലും മോഹന്‍ലാലിന് ആരാധകരുടെ നീണ്ട നിരയുണ്ട്. അക്കൂട്ടത്തിലാണിപ്പോള്‍ വിജയ് സേതുപതിയും ഇടം നേടിയിരിക്കുന്നത്. ഹൈദരാബാദില്‍ പുരോഗമിക്കുന്ന മരയ്ക്കാര്‍ സിനിമയുടെ ഷൂട്ടിംഗിനിടെ മോഹന്‍ലാലിന്‍റെ അഭിനയം കാണാനും, കണ്ട് പഠിക്കാനുമായി വിജയ് സേതുപതി എത്തിയിരുന്നു.
ഹൈദരാബാദ് റാമോജി ഫിലിംസിറ്റിയില്‍ മറ്റൊരു സിനിമയുടെ ഷൂട്ടിംഗിനായെത്തിയ വിജയ് സേതുപതി, മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്‍റെ മരയ്ക്കാറുടെ ഷൂട്ടിംഗ് കാണാനായെത്തിയെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ദു പനയ്ക്കലാണ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്. മോഹന്‍ലാലിന്‍റെ പെരിയ ഫാനാണ് താനെന്നും അഭിനയത്തിന്‍റെ സര്‍വ്വകലാശാലയാണ് ലാലേട്ടനെന്നും വിജയ് സേതുപതി പറഞ്ഞതായും സിദ്ദു കുറിച്ചിട്ടുണ്ട്.
കുറിപ്പ് പൂര്‍ണരൂപത്തില്‍
മക്കൾ സെൽവനോടൊപ്പം.... ഇന്നലെ രാവിലെ രാമോജി ഫിലിംസിറ്റിയിൽ കുഞ്ഞാലിമരക്കാർ സെറ്റിന് പുറത്ത് ലാലേട്ടനെ കാത്ത് നിൽക്കുമ്പോൾ, ഒരു കാർ എന്നെയും കടന്നു മുന്നോട്ടു പോയി.നോക്കുമ്പോൾ ആ കാർ റിവേഴ്‌സ് വരുന്നു. കാറിൽ നിന്നിറങ്ങി വന്നത് ഫൈറ്റ് മാസ്റ്റർ അനൽ അരസ്സ്.അനലുമായി വർഷങ്ങളുടെ ബന്ധമുണ്ട്. ഞാൻ വർക്ക് ചെയ്ത ഒരു പടത്തിൽ ആണ് അനൽ സ്വതന്ത്ര മാസ്റ്റർ ആകുന്നത്."മത്സരം".അതിൽ പീറ്റർ ഹൈൻ ആയിരുന്നു മാസ്റ്റർ. അദ്ദേഹത്തിന് ഒരു തമിഴ് പടം വന്നപ്പോൾ അസിസ്റ്റന്റ് ആയ അനലിനെ പടം ഏൽപ്പിച്ചു പീറ്റർ മാസ്റ്റർ പോയി. അനൽ തന്റെ ജോലി നന്നായി പൂർത്തിയാക്കുകയും ചെയ്തു. പൃഥ്വിരാജ് അഭിനയിച്ച"പുതിയമുഖം" ആണ് അനലിനെ മലയാളത്തിൽ അടയാളപ്പെടുത്തിയ സിനിമ. ഇപ്പോൾ ഹിന്ദി, തമിഴ് സിനിമകളിലെ മുടിചൂടാമന്നൻ ആണ് അനൽ.വിജയ്സേതുപതിയുടെ ഷൂട്ട്‌നാണ് മാസ്റ്റർ എത്തിയിരിക്കുന്നത്. മാസ്റ്റർ എന്നെയും വിളിച്ചു അവരുടെ സെറ്റിലേക്ക് പോയി. വിജയ്സേതുപതിയെ പരിചയപ്പെടുത്തി.
ലാലേട്ടന്റെ പടത്തിന്റെ ഷൂട്ട് ആണ് നടക്കുന്നതെന്നറിഞ്ഞപ്പോൾ വിജയ് പറഞ്ഞു. എനക്ക് ഉടനെ അവരെ പാത്തകണം സാർ, നാൻ അവരുടെ പെരിയഫാൻ. അതിനെന്താ നമുക്ക് പോകാം. ലാലേട്ടൻ ഇപ്പോൾ ഫ്രീ ആണ് കാരവാനിൽ ഉണ്ട്. എനിക്ക് കാരവാനിൽ അല്ല കാണേണ്ടത് അദ്ദേഹം അഭിനയിക്കുന്നത് കാണണം.അത് കണ്ടു പഠിക്കണം.അഭിനയത്തിന്റെ സർവകലാശാലയാണ് അദ്ദേഹം. ലാലേട്ടനെ ഓർത്ത് എനിക്ക് അഭിമാനം തോന്നി. വിജയ് സേതുപതിയോട് ആദരവും.പെട്ടെന്നാരും ഇങ്ങനെ ഒരു തുറന്നുപറച്ചിലിനു തയ്യാറാവില്ല. അതും തന്റെ ഭാഷയിൽ ഔന്നത്യത്തിൽ നിൽക്കുന്ന ഒരു നടൻ. തനിയെ എന്നോട് മാത്രമായിട്ടല്ല. ആ പടത്തിന്റെ സംവിധായാകനും സഹനടന്മാരും ചുറ്റും നിൽക്കുമ്പോൾ. വൈകീട്ട് അദ്ദേഹം സെറ്റിൽ വന്നു.കുറെ നേരം ലാലേട്ടന്റെ അഭിനയം കണ്ടിട്ടാണ് മടങ്ങിയത്.നേരിട്ടും പ്രിയദർശൻ സാറിനൊപ്പം മോണിറ്ററിന്റെ മുന്നിലിരുന്നും.മറ്റു ഭാഷകളിലെ നടൻമാർക്ക് കണ്ടുപഠിക്കാൻ ഒരു അഭിനേതാവ് നമ്മുടെ ഭാഷയിൽ ഉണ്ടായി എന്നത് മലയാളികൾക്കെല്ലാം അഭിമാനിക്കാവുന്ന കാര്യം തന്നെയാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ