
സെയ്ഫ് അലി ഖാന്‍ (Saif Ali Khan), ഹൃത്വിക് റോഷന്‍ (Hrithik Roshan) എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുഷ്കര്‍- ഗായത്രി സംവിധാനം ചെയ്യുന്ന വിക്രം വേദ (Vikram Vedha) ഹിന്ദി റീമേക്കിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി. ഷൂട്ട് പാക്കപ്പ് ആയതിന്‍റെ സന്തോഷം ഹൃത്വിക് റോഷന്‍ ട്വിറ്ററിലൂടെ പങ്കുവച്ചു. സംവിധായക ദമ്പതികള്‍ക്കും സെയ്ഫ് അലി ഖാനും ഒപ്പമുള്ള ചിത്രങ്ങളും ഹൃത്വിക് ട്വീറ്റ് ചെയ്‍തിട്ടുണ്ട്.
വിക്രം വേദയ്ക്ക് പാക്കപ്പ് പറഞ്ഞപ്പോള്‍ സന്തോഷകരമായ നിരവധി ഓര്‍മ്മകളും പരീക്ഷിക്കപ്പെട്ട സമയങ്ങളും ആക്ഷനും ത്രില്ലും ഒപ്പം ഈ ചിത്രത്തിന്‍റെ നിര്‍മ്മാണത്തിലേക്ക് ഞങ്ങള്‍ നല്‍കിയ കഠിനാധ്വാനവുമൊക്കെയാണ് എന്‍റെ മനസിലേക്ക് എത്തിയത്. റിലീസ് തീയതിയോട് അടുക്കുമ്പോള്‍ ആവേശത്തോടൊപ്പം പരിഭ്രമവുമുണ്ട്, ഹൃത്വിക് ട്വിറ്ററില്‍ കുറിച്ചു.
പുഷ്കര്‍- ഗായത്രിയുടെ തന്നെ സംവിധാനത്തില്‍ 2017ല്‍ തമിഴില്‍ പുറത്തിറങ്ങിയ വിക്രം വേദയുടെ റീമേക്കാണ് ആണ് ഹിന്ദിയില്‍ ഇപ്പോള്‍ നിര്‍മ്മാണം പുരോഗമിക്കുന്നത്. വേദയായി വിജയ് സേതുപതി എത്തിയ ചിത്രത്തില്‍ വിക്രമായത് മാധവന്‍ ആയിരുന്നു. നിയോ നോയര്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ഭാഷയുടെ അതിരുകള്‍ക്കപ്പുറത്ത് പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. കേരളത്തിലും വന്‍ വിജയമായിരുന്നു ചിത്രം. പഴയ വിക്രമാദിത്യന്‍-വേതാളം കഥയെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ ധര്‍മ്മത്തെയും നീതിയെയും കുറിച്ച് പൊലീസ് ഓഫീസറോട് (മാധവന്‍) ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ഗുണ്ടാത്തലവനായിരുന്നു വിജയ് സേതുപതി കഥാപാത്രം. ഇരുവരുടെയും പ്രകടനവും കൈയടി നേടിയിരുന്നു.
ഹിന്ദി റീമേക്കില്‍ വിക്രം ആവുന്നത് സെയ്ഫും വേദയാവുന്നത് ഹൃത്വിക്കുമാണ്. രാധിക ആപ്തെ, രോഹിത്ത് സറഫ്, യോഗിത ബിഹാനി, ഷരീബ് ഹാഷ്മി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റീമേക്കിന്റെയും സംവിധാനം പുഷ്കര്‍- ഗായത്രി ആണെങ്കിലും തിരക്കഥ ഒരുക്കിയിരിക്കുന്നത് നീരജ് പാണ്ഡെ ആണ്. ഫ്രൈഡേ ഫിലിംവര്‍ക്ക്സിന്‍റെ ബാനറില്‍ നീരജ് പാണ്ഡേ, ഒപ്പം റിലയന്‍സ് എന്‍റര്‍ടെയ്‍ന്‍മെന്‍റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം. സെപ്റ്റംബര്‍ 30 ആണ് പ്രഖ്യാപിച്ചിരിക്കുന്ന റിലീസ് തീയതി.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ