ദളപതി വിജയ് രാഷ്ട്രീയ വേദിയിലേക്ക്? മഹാസമ്മേളനത്തിന് ഒരുങ്ങി തമിഴക വെട്രി കഴകം

Published : Aug 15, 2024, 08:20 PM IST
ദളപതി വിജയ് രാഷ്ട്രീയ വേദിയിലേക്ക്?  മഹാസമ്മേളനത്തിന് ഒരുങ്ങി തമിഴക വെട്രി കഴകം

Synopsis

തമിഴ് സൂപ്പർതാരം വിജയ് തന്റെ പുതിയ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ മഹാസമ്മേളനത്തിന് തയ്യാറെടുക്കുന്നു. 

ചെന്നൈ: തമിഴ് സൂപ്പര്‍താരം ദളപതി വിജയ് കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് തന്‍റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. തമിഴക വെട്രി കഴകം എന്ന പാര്‍ട്ടിയും പിന്നാലെ രൂപീകരിച്ചു. സെപ്തംബര്‍ 5ന് റിലീസാകാനിരിക്കുന്ന ദ ഗോട്ട് എന്ന ചിത്രത്തിന് ശേഷം ഒരു ചിത്രവും കൂടി ചെയ്ത് പൂര്‍ണ്ണമായും രാഷ്ട്രീയത്തില്‍ ഇറങ്ങുക എന്നതാണ് ദളപതിയുടെ പദ്ധതി. 

2026ലെ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പാണ് വിജയ് ലക്ഷ്യം വയ്ക്കുന്നത്. അതേ സമയം വിടികെ വൃത്തങ്ങളെ ഉദ്ധരിച്ച് തമിഴ് മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് തന്‍റെ ആദ്യ രാഷ്ട്രീയ വേദിക്കുള്ള ഒരുക്കത്തിലാണ് വിജയ്. 

ചെന്നൈ പോണ്ടിച്ചേരി ഹൈവേയിലെ വിക്രവണ്ടി എന്ന സ്ഥലത്ത് മഹാ സമ്മേളനം നടത്താനാണ് ടിവികെ ലക്ഷ്യമിടുന്നത്. സെപ്തംബര്‍ 22നായിരിക്കും സമ്മേളനം നടക്കുക എന്നാണ് സൂചന. എന്നാല്‍ തീയതി സംബന്ധിച്ച് അവസാന തീരുമാനം വിജയ് തന്നെ എടുക്കും എന്നാണ് പാര്‍ട്ടി നേതാവ് എന്‍ ആനന്ദിന്‍റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഡിടി നെക്സ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

നേരത്തെ തിരിച്ചിയിലാണ് മഹാസമ്മേളനം ഉദ്ദേശിച്ചിരുന്നെങ്കിലും ഇവിടുത്തെ റെയില്‍വേ ഗ്രൗണ്ടില്‍ അനുമതി ലഭിക്കാത്തതിനാല്‍ പുതിയ സ്ഥലം വിജയ് പാര്‍ട്ടി തേടുകയാണ് എന്നും വിവരമുണ്ട്. സമ്മേളനത്തില്‍ ജനങ്ങളെ വിജയ് അഭിസംബോധന ചെയ്യും. വിജയിയുടെ പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന മറ്റു പാര്‍ട്ടിക്കാരും വേദിയില്‍ എത്തും എന്ന് വിവരമുണ്ട്. 

സമൂഹത്തിലെ വിവിധ കാര്യങ്ങള്‍ ഉള്‍പ്പെടുന്ന 18 പ്രമേയങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും എന്നാണ് വിവരം. ഇതില്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാറുകള്‍ക്കെതിരായ പ്രമേയങ്ങളും ഉള്‍പ്പെടും എന്നാണ് റിപ്പോര്‍ട്ട്. ഇതേ സമ്മേളനത്തില്‍ പാര്‍ട്ടിയുടെ കൊടിയും, മുദ്രാവാക്യവും വിജയ് പ്രഖ്യാപിക്കും എന്നാണ് വിവരം. 

PREV
Read more Articles on
click me!

Recommended Stories

മധുബാല- ഇന്ദ്രൻസ് ചിത്രം 'ചിന്ന ചിന്ന ആസൈ' സെക്കന്റ് ലുക്ക് പുറത്ത്
പ്രതീക്ഷിച്ചതിനപ്പുറം, വൻ നേട്ടം, ആഗോള കളക്ഷനില്‍ അമ്പരപ്പിച്ച് രണ്‍വീര്‍ സിംഗിന്റെ ധുരന്ദര്‍