
ബ്രഹ്മപുരം തീപിടിത്തത്തില്‍ കൊച്ചി വീര്‍പ്പുമുട്ടുന്നതിനിടെ വിഷയം സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയാണ്. ഇപ്പോഴിതാ ചലച്ചിത്ര താരങ്ങളും വിഷയത്തില്‍ തങ്ങളുടെ അഭിപ്രായവും പ്രതിഷേധവുമൊക്കെ അറിയിച്ച് രംഗത്തെത്തി തുടങ്ങിയിട്ടുണ്ട്. നടന്‍ വിനയ് ഫോര്‍ട്ട് ആണ് പ്രതികരണം അറിയിച്ചിരിക്കുന്ന ഒരാള്‍. ഫേസ്ബുക്ക് പേജില്‍ തന്‍റെ പ്രൊഫൈല്‍ പിക്ചര്‍ മാറ്റിയാണ് വിനയ് തന്‍റെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്.
എനിക്ക് ശ്വസിക്കാനാവുന്നില്ല, എന്ന് ആലേഖനം ചെയ്ത മാസ്ക് ധരിച്ചിരിക്കുന്ന മുഖത്തിന്‍റെ ചിത്രീകരണമാണ് പ്രൊഫൈല്‍ പിക്ചര്‍ ആയി വിനയ് ഫോര്‍ട്ട് അപ്‍ലോഡ് ചെയ്തിരിക്കുന്നത്. കൂടിക്കിടക്കുന്ന മാലിന്യവും ചിത്രത്തില്‍ ഉണ്ട്. കനത്ത തോതിലുള്ള വായു മലിനീകരണം നടന്ന സാഹചര്യത്തില്‍ കരുതിയിരിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞ് നടന്‍ ഉണ്ണി മുകുന്ദനും രംഗത്തെത്തിയിരുന്നു. കൊച്ചിയിലും പരിസര പ്രദേശങ്ങളിലും വസിക്കുന്ന എല്ലാവരോടും, നിങ്ങളുടെ കുട്ടികളുടെയും നിങ്ങളുടെയും സുരക്ഷിതത്വത്തിന്‍റെ കാര്യം ശ്രദ്ധിക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു. ബ്രഹ്‍മപുരം മാലിന്യ സംസ്കരണ പ്ലാന്റില്‍ അടുത്തിടെയുണ്ടായ തീപിടുത്തം കാരണം വീടിന് പുറത്തിറങ്ങുമ്പോള്‍ ബന്ധപ്പെട്ട അധികൃതര്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സുരക്ഷിതത്വം ശ്രദ്ധിക്കുക. വായുമലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കരുതിയിരിക്കുക, എന്നായിരുന്നു ഉണ്ണി മുകുന്ദന്‍റെ ഫേസ്ബുക്ക് കുറിപ്പ്.
അതേസമയം ബ്രഹ്മപുരം തീപിടുത്തത്തിൽ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്ന് സ്ഥലം സന്ദർശിക്കും. രാവിലെ പത്ത് മണിക്ക് ശുചിത്വ മിഷൻ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തുക. തദ്ദേശ ഭരണ വകുപ്പ് ചീഫ് എഞ്ചിനീയർ, ജില്ലാ കലക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എൻവിയോൺമെന്റൽ എഞ്ചിനീയർ, കോർപ്പറേഷൻ സെക്രട്ടറി, കെൽസ സെക്രട്ടറി എന്നിവരാണ് മറ്റ് അംഗങ്ങൾ. ബ്രഹ്മപുരം പ്രശ്നപരിഹാരത്തിന് പുതിയ കർമ്മപദ്ധതി ഇന്ന് മുതൽ നടപ്പിലാക്കി തുടങ്ങുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ