
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് സിനിമകളിൽ ഒന്നാണ് ഫാസിൽ സംവിധാനം ചെയ്ത മോഹൻലാൽ ,സുരേഷ് ഗോപി , ശോഭന തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ മണിച്ചിത്രത്താഴ്. ചിത്രത്തിൽ മറ്റൊരു നായിക വേഷം ചെയ്തു ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് വിനയ പ്രസാദ്. എന്നാൽ അതിലെ ശ്രീദേവിയ്ക്ക് കാര്യമായൊന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് പ്രോജക്ട് വേണോയെന്ന് ആലോചിച്ചിരുന്നുവെന്ന് വിനയ പ്രസാദ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
'എന്റെ ജീവിതത്തിൽ മണിച്ചിത്രത്താഴ് ഒരു സിനിമ മാത്രമല്ല, അതിനപ്പുറം ലൈഫിന്റെ ഒരു ഭാഗം തന്നെയാണ്. എന്തുകൊണ്ട് മലയാളത്തിൽ അധികം സിനിമകൾ ചെയ്തില്ലെന്ന് ചോദിക്കുന്നവരുണ്ട്. എന്നാൽ മണിച്ചിത്രത്താഴിലെ ശ്രീദേവിയെ പോലെ ഒറ്റ കഥാപാത്രം മതി ഇവിടെയുള്ള പ്രേക്ഷകരുടെ ഇഷ്ടം കിട്ടാൻ,എനിക്ക് എത്രയോ അവാർഡ് കിട്ടിയതിന് തുല്യമാണ് മണിച്ചിത്രത്താഴിലെ ആ ഒറ്റ വേഷം. ഫാസിൽ സാർ സ്റ്റോറി ചെറുതായി പറഞ്ഞു തന്നിരുന്നു എന്നല്ലാതെ, കഥയെ കുറിച്ചൊന്നും അറിയില്ലായിരുന്നു. പകുതി ഷൂട്ട് കഴിഞ്ഞപ്പോൾ എനിക്ക് വല്ലാതെ കൺഫ്യൂഷനുണ്ടായിരുന്നു. ഞാൻ സാറിനോട് ചോദിച്ചിരുന്നു. എനിക്ക് ഇതിൽ ഒന്നും ചെയ്യാനില്ലലോ സാർ, എന്തിനാ ഞാൻ വെറുതെ ചെയ്യുന്നതെന്ന്.ശോഭനയ്ക്കും എനിക്കുണ്ടായ അതെ ആശങ്ക ഉണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. സാർ തന്ന ഉറപ്പായിരുന്നു, ഇതിന്റെ ഇമ്പാക്ട് വലുതായിരിക്കുമെന്ന്. പക്ഷേ അത് ഇത്രത്തോളം ഉണ്ടാകുമെന്ന് ഒരിക്കൽ പോലും അന്ന് ചിന്തിരുന്നില്ല. മൂന്ന് ജനറേഷൻ കണ്ടു തീർത്തു, ഇനിയും ഒരുപാടുപേർ കാണും. മലയാളത്തിൽ എനിക്ക് ഐഡന്റിയായി മാറി. കാലാതീതമായി ആ സിനിമയും ആ കഥാപാത്രവും സഞ്ചരിക്കുന്നു. അന്ന് ഒരുപക്ഷെ ഒന്നും ചെയ്യാൻ ഇല്ലെന്ന് വച്ച് അത് അത് വേണ്ടെന്ന് വച്ചിരുന്നേൽ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം അത് ആയേനെ'. - വിനയ പ്രസാദിന്റെ വാക്കുകൾ.
വിനയ പ്രസാദിന്റേതായി ഇനി റീലിസിന് ഒരുങ്ങുന്ന ചിത്രം നവാഗത സംവിധായകൻ ബാലു എസ് നായർ ഒരുക്കുന്ന തഗ് CR/ 43/ 24.വിനയ പ്രസാദ് ആദ്യമായി മലയാളത്തിൽ കന്യാസ്ത്രീയുടെ വേഷം ചെയ്യുന്നുവെന്ന പ്രത്യേകതയും തഗിനുണ്ട്. യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തിയ തഗിൽ വിനയ പ്രസാദിനെ കൂടാതെ ധ്യാൻ ശ്രീനിവാസൻ, സിദ്ദിഖ്, ബിന്ദു പണിക്കർ, ശ്രുതി ജയൻ തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.