'ഇത് സംഗീതനാടക അക്കാദമിയുടെ പിടിവാശിയും ഈഗോയും'; ആര്‍ എല്‍ വി രാമകൃഷ്ണന് പിന്തുണയുമായി വിനയന്‍

By Web TeamFirst Published Oct 4, 2020, 11:18 AM IST
Highlights

'സ്ത്രീകൾ മാത്രമേ മോഹിനിയാട്ടം കളിക്കാവൂ എന്ന് അക്കാദമിക്ക് ലിഖിതമായ ഒരു നിയമമുണ്ടോ? ഇല്ലന്നാണറിഞ്ഞത്. കീഴ്വഴക്കമാണങ്കിൽ അത്തരം വിവേചനപൂർണ്ണമായ കീഴ്വഴക്കങ്ങൾ പലതും മാറ്റിയിട്ടില്ലേ ഈ നാട്ടിൽ?'

കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍റെ ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചത് സംഗീത നാടക അക്കാദമിയുടെ പിടിവാശിയും ഈഗോയുമാണെന്ന് സംവിധായകന്‍ വിനയന്‍. സ്ത്രീകള്‍ മാത്രമേ മോഹിനിയാട്ടം കളിക്കാവൂ എന്ന് അക്കാദമിക്ക് അലിഖിത നിയമമുണ്ടോയെന്നും രാമകൃഷ്ണന്‍ സത്യാഗ്രഹമിരുന്നതുപോലും അക്കാദമി അറിഞ്ഞില്ലേയെന്നും വിനയന്‍ ചോദിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് വിനയന്‍റെ പ്രതികരണം.

വിനയന്‍ പറയുന്നു

കലാഭവൻ മണിയുടെ അനുജൻ രാമകൃഷ്ണൻ ആത്മഹത്യാശ്രമം നടത്തി എന്ന വാർത്ത ഞെട്ടലോടെ ആണ് ഇന്നലെ വാർത്താ മാദ്ധ്യമങ്ങളിലൂടറിഞ്ഞത്. കുറച്ചു ദിവസങ്ങളായി സംഗീത നാടക അക്കാദമി നടത്തുന്ന മോഹാനിയാട്ട കലോൽസവത്തിൽ പങ്കെടുക്കാനുള്ള അനുമതി നിഷേധിച്ചതിൽ രാമകൃഷ്ണൻ ഏറെ ദുഖിതനായിരുന്നു. മോഹിനിയാട്ടത്തിൽ പി എച്ച് ഡി എടുത്ത വ്യക്തിയാണു രാമകൃഷ്ണൻ. നൃത്തത്തിനു വേണ്ടി ജീവിതം മുഴുവൻ സമർപ്പിച്ച ഒരു ചെറുപ്പക്കാരനെ നമ്മുടെ സംഗീതനാടക അക്കാദമി ഇത്രമേൽ മാനസികമായി വേദനിപ്പിക്കണമായിരുന്നോ? പ്രത്യേകിച്ച് ദളിതരുടെ ഉന്നമനമാണ്   ഞങ്ങളുടെ നയം എന്നു നാഴികയ്കു നാൽപ്പതുവട്ടം പറയുന്ന അധികാരികൾ,  ഒരു ദളിത് കലാകാരനായ രാമകൃഷ്ണൻ സംഗീതനാടക അക്കാദമിയുടെ മുന്നിൽ കഴിഞ്ഞ ദിവസം സത്യാഗ്രഹം ഇരുന്നതു പോലും അറിഞ്ഞില്ലന്നാണോ?

സ്ത്രീകൾ മാത്രമേ മോഹിനിയാട്ടം കളിക്കാവൂ എന്ന് അക്കാദമിക്ക് ലിഖിതമായ ഒരു നിയമമുണ്ടോ? ഇല്ലന്നാണറിഞ്ഞത്. കീഴ്വഴക്കമാണങ്കിൽ അത്തരം വിവേചനപൂർണ്ണമായ കീഴ്വഴക്കങ്ങൾ പലതും മാറ്റിയിട്ടില്ലേ ഈ നാട്ടിൽ? പാലാഴിമഥനം കഴിഞ്ഞ് അമൃതുമായി കടന്ന അസുരൻമാരുടെ കൈയ്യിൽ നിന്നും അതു വീണ്ടെടുക്കാൻ മഹാവിഷ്ണു സ്ത്രീവേഷം പൂണ്ട് മോഹിനിയായിമാറി അസുരൻമാരുടെ മുന്നിൽ കളിച്ച നൃത്തത്തിന്‍റെ രൂപമാണ്  മോഹിനിയാട്ടം എന്ന് ഒരു കഥ ഈ നൃത്തരൂപത്തെപ്പറ്റി പറയാറുണ്ട്.  അങ്ങനെയാണെങ്കിൽ പുരുഷനായ മഹാവിഷ്ണു കളിച്ച ഈ നൃത്തം മറ്റു പുരുഷൻമാർ കളിക്കുന്നതിൽ എന്താണ് തെറ്റ് എന്നു ചിന്തിച്ചു കൂടെ?  ഇതൊക്കെ സംഗീതനാടക അക്കാദമിയുടെ വെറും പിടിവാശിയും ഈഗോയുമാണ്. ഇന്നു തന്നെ ബഹുമാന്യയായ കെ പി എ സി ലളിതച്ചേച്ചി ഇടപെട്ട് ഈ തീരുമാനം മാറ്റുമെന്നു പ്രതീക്ഷിക്കട്ടെ.

click me!