'ആകാശഗംഗയെ ജീന്‍സ് ഇടീക്കാന്‍ കഴിയില്ല'; ട്രെയ്‌ലറിനെ വിമര്‍ശിച്ചവര്‍ക്ക് വിനയന്റെ മറുപടി

By Web TeamFirst Published Oct 20, 2019, 11:36 AM IST
Highlights

'തലമുറകളായി നമ്മുടെ ഭക്ഷണമായ ചോറ് ഇന്നും കഴിക്കുമ്പോള്‍ പുതിയ കറികള്‍ കൂട്ടി അതു കൂടുതല്‍ സ്വാദിഷ്ടമാക്കുകയല്ലേ വേണ്ടത്. അതുപോലെ നമ്മുടെ ആകാശഗംഗയെ ജീന്‍സ് ഇടീക്കാനും കഴിയില്ല.'

തന്റെ പുതിയ ചിത്രമായ 'ആകാശഗംഗ 2'ന്റെ ട്രെയ്‌ലറിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി സംവിധായകന്‍ വിനയന്‍. ട്രെയ്‌ലര്‍ കണ്ടിട്ട് പുതുമ തോന്നുന്നില്ല എന്ന തരത്തിലായിരുന്നു ഫേസ്ബുക്ക് സിനിമാഗ്രൂപ്പുകളിലും മറ്റും പ്രേക്ഷകരില്‍ ചിലരുടെ പ്രതികരണം. എന്നാല്‍ ഒരു 'യക്ഷിക്കഥ' സിനിമയാക്കുമ്പോഴുള്ള പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് പുതിയ തരത്തില്‍ അവതരിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്ന് വിനയന്‍ പറയുന്നു.

ട്രെയ്‌ലറിനെ വിമര്‍ശിച്ചവരോട് വിനയന്‍

'ആകാശഗംഗ' ട്രെയിലര്‍ ഒരു തരംഗം തന്നെ സൃഷ്ടിച്ചു കൊണ്ട് ട്രെന്‍ഡ്രിംഗില്‍ ഒന്നാമതായി മുന്നേറുന്ന കാഴ്ച അങ്ങേയറ്റം സന്തോഷത്തോടെയാണ് കാണുന്നത്. മലയാളത്തനിമയും നമ്മുടെ ഗൃഹാതുരത്വവും ഒക്കെ അനുസ്മരിപ്പിക്കുന്ന ഒരു കഥ പുതിയ കാലഘട്ടത്തിനു കൂടി അനുഭവവേദ്യമായ രീതിയില്‍ അണിയിച്ചൊരുക്കുക എന്ന ക്ലേശകരമെങ്കിലും വളരെ ഇന്ററസ്റ്റിംഗ് ആയ ഒരു ഫിലിംമേക്കിംഗ് ആണ് ആകാശഗംഗയുടെ രണ്ടാം ഭാഗത്തില്‍ ഞാന്‍ ഏറ്റെടുത്തത്. അത് ആദ്യന്തം ആസ്വാദ്യകരമായി അവതരിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. നവംബര്‍ ഒന്നിന് തീയറ്ററില്‍ കണ്ട് നിങ്ങള്‍ വിലയിരുത്തു.
മലയാളിയുടെ മനസ്സിലെന്നും മനോഹരമായ ഒരു മുത്തശ്ശിക്കഥ പോലെ തിളങ്ങി നില്‍ക്കുന്ന പ്രതികാരദുര്‍ഗ്ഗയും പ്രണയാര്‍ദ്രയും ആയ ഏഴിലം പാലയിലെ യക്ഷിക്കഥയുടെ രണ്ടാം ഭാഗം പറയുമ്പോള്‍ ദേ വീണ്ടും യക്ഷി സാരി ഉടുത്തൂ, ഇത് കുറേ കണ്ടതല്ലേ എന്നൊക്കെ എന്തെങ്കിലും പറയാന്‍വേണ്ടി പറയുന്നവരോട്..

തലമുറകളായി നമ്മുടെ ഭക്ഷണമായ ചോറ് ഇന്നും കഴിക്കുമ്പോള്‍ പുതിയ കറികള്‍ കൂട്ടി അതു കൂടുതല്‍ സ്വാദിഷ്ടമാക്കുകയല്ലേ വേണ്ടത്. അതുപോലെ നമ്മുടെ ആകാശഗംഗയെ ജീന്‍സ് ഇടീക്കാനും കഴിയില്ല. പക്ഷെ പുതിയ അവതരണത്തിലൂടെ കൂടുതല്‍ ഭയത്തിന്റെയും ആകാംക്ഷയുടെയും വേറിട്ട ആസ്വാദന തലങ്ങള്‍ ഈചിത്രത്തില്‍ കാണാന്‍ കഴിയും. ആദ്യഭാഗത്തില്‍ നിന്നും വ്യത്യസ്തമായ കഥാതന്തുവും ഉണ്ട്. ഏതായാലും ഹൊറര്‍ ചിത്രങ്ങളോടു മലയാളിക്കുള്ള ഇഷ്ടമാണ് ഈ ട്രെയിലറിന്റെ സ്വീകാര്യതയില്‍ പോലും കാണുന്നത്. അതുകൊണ്ടു തന്നെയാണ് വ്യക്തിപരമായി ടാര്‍ഗറ്റ് ചെയ്തുകൊണ്ടുള്ള ചിലരുടെ മോശം പരാമര്‍ശനങ്ങള്‍ക്കും വൃത്തികെട്ട കമന്റുകള്‍ക്കും പുല്ലുവില കൊടുത്തുകൊണ്ട് കേരളം മുഴുവന്‍ ഈ ട്രെയിലര്‍ ചര്‍ച്ചചെയ്യപ്പെടുന്നത്. ആശങ്കാകുലരായ ആ സുഹൃത്തുക്കളെ ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അവര്‍ക്കും എന്റെ സ്‌നേഹം നിറഞ്ഞ നല്ല നമസ്‌കാരം. നവംബര്‍ ഒന്നിന് റിലീസ് ചെയ്യുമ്പോള്‍ ട്രെയിലര്‍ പോലെ ചിത്രവും ചര്‍ച്ചചെയ്യപ്പെടും എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. എല്ലാ പ്രിയം നിറഞ്ഞ സുഹൃത്തുക്കളോടും നന്ദിയും സ്‌നേഹവും പ്രകാശിപ്പിച്ചു കൊള്ളട്ടെ..

click me!