തീയേറ്ററുകളിലെ വിഷു ആഘോഷമാക്കാന്‍ 'രാജ', ത്രില്ലടിപ്പിക്കാന്‍ ഫഹദ്

By Web TeamFirst Published Apr 11, 2019, 11:30 PM IST
Highlights

മമ്മൂട്ടിയുടേതായി ഈ വര്‍ഷം തീയേറ്ററുകളിലെത്തുന്ന ആദ്യ മലയാളചിത്രമാണ് 'മധുരരാജ'. 2010ല്‍ പുറത്തെത്തി വലിയ ബോക്‌സ്ഓഫീസ് വിജയം നേടിയ 'പോക്കിരിരാജ'യിലെ നായകന്‍ 'രാജ' ഉള്‍പ്പെടെയുള്ള ചില കഥാപാത്രങ്ങള്‍ ആവര്‍ത്തിക്കുകയാണ് 'മധുരരാജ'യില്‍.
 

ഈ വര്‍ഷത്തെ വിഷു റിലീസുകള്‍ വെള്ളിയാഴ്ച തീയേറ്ററുകളില്‍. മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കുന്ന 'മധുരരാജ'യും ഫഹദും സായ് പല്ലവിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'അതിരനു'മാണ് ഈയാഴ്ച തീയേറ്ററുകളിലെത്തുന്ന മലയാള സിനിമകള്‍. ഈ.മ.യൗവിന് ശേഷം പി എഫ് മാത്യൂസ് തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ സംവിധാനം നവാഗതനായ വിവേക് ആണ്.

മമ്മൂട്ടിയുടേതായി ഈ വര്‍ഷം തീയേറ്ററുകളിലെത്തുന്ന ആദ്യ മലയാളചിത്രമാണ് 'മധുരരാജ'. 2010ല്‍ പുറത്തെത്തി വലിയ ബോക്‌സ്ഓഫീസ് വിജയം നേടിയ 'പോക്കിരിരാജ'യിലെ നായകന്‍ 'രാജ' ഉള്‍പ്പെടെയുള്ള ചില കഥാപാത്രങ്ങള്‍ ആവര്‍ത്തിക്കുകയാണ് 'മധുരരാജ'യില്‍. എന്നാല്‍ 'പോക്കിരിരാജ'യുടെ രണ്ടാംഭാഗവുമല്ല 'മധുരരാജ'. പോക്കിരിരാജയില്‍ പൃഥ്വിരാജ് ഉണ്ടായിരുന്നെങ്കില്‍ ഇത്തവണ അദ്ദേഹത്തിന്റെ കഥാപാത്രം ചിത്രത്തിലില്ല. ഉദയ്കൃഷ്ണ തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി പീറ്റര്‍ ഹെയ്ന്‍ ആണ്. സണ്ണി ലിയോണ്‍ ഒരു നൃത്തരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

അതേസമയം 'കുമ്പളങ്ങി നൈറ്റ്‌സി'ന് ശേഷം ഫഹദ് അഭിനയിക്കുന്ന ചിത്രമാണ് 'അതിരന്‍'. ഒരു മാനസികരോഗാശുപത്രി പശ്ചാത്തലമാവുന്ന ചിത്രത്തില്‍ ഡോക്ടറുടെ വേഷത്തിലാണ് ഫഹദ് എത്തുന്നത്. റൊമാന്റിക് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. പ്രകാശ് രാജ്, അതുല്‍ കുല്‍ക്കര്‍ണി, ലെന, രണ്‍ജി പണിക്കര്‍, ശാന്തി കൃഷ്ണ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം 'ലൂസിഫര്‍' ഇപ്പോഴും മികച്ച പ്രേക്ഷക പങ്കാളിത്തത്തോടെ തീയേറ്ററുകളില്‍ തുടരുന്നുണ്ട്. നാദിര്‍ഷ ചിത്രം മേരാ നാം ഷാജി വിഷു ലക്ഷ്യമാക്കി ഒരു വാരം മുന്‍പേ തീയേറ്ററുകളിലെത്തിയ ചിത്രമാണ്. മധു സി നാരായണന്റെ 'കുമ്പളങ്ങി നൈറ്റ്‌സ്' പ്രധാന കേന്ദ്രങ്ങളില്‍ ചില പ്രദര്‍ശനങ്ങളുമായി തുടരുന്നുമുണ്ട്. ഹോളിവുഡില്‍ നിന്നുള്ള സൂപ്പര്‍ഹീറോ ചിത്രം 'ഹെല്‍ബോയ്', സൂപ്പര്‍നാച്ചുറല്‍ ഹൊറര്‍ ചിത്രം 'പെറ്റ് സിമെട്രി', തമിഴ് ചിത്രം 'ഗ്യാങ്‌സ് ഓഫ് മദ്രാസ്' എന്നിവയും ഈയാഴ്ച തീയേറ്ററുകളിലെത്തും.

click me!