
കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ താരസംഘടനയായ 'അമ്മ'യിലെ അംഗങ്ങള്‍ക്ക് പ്രസിഡന്‍റ് മോഹന്‍ലാലിന്‍റെ ശബ്ദസന്ദേശം. സർക്കാർ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളോട് പൂർണ്ണമായും സഹകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും സാമ്പത്തികമായി കടുത്ത ബുദ്ധിമുട്ട് നേരിടുന്നവരെ സംഘടന സഹായിക്കുമെന്ന് അറിയിച്ചുകൊണ്ടുമാണ് സന്ദേശം. 501 അംഗങ്ങളുള്ള 'അമ്മ'യിൽ ഇൻഷുറൻസ് പരിരക്ഷയടക്കമുള്ള ആനുകൂല്യങ്ങൾ അംഗങ്ങൾക്കായി ഉണ്ട്. കൂടാതെ 1995 മുതൽ നടപ്പിലുള്ള കൈനീട്ടം പദ്ധതിയിലൂടെ, ഇപ്പോൾ 138 പേർക്ക് എല്ലാ മാസവും 5000 രൂ. വീതം സഹായധനമായി നൽകുന്നുമുണ്ട്.
'അമ്മ' അംഗങ്ങള്‍ക്കുള്ള മോഹന്‍ലാലിന്‍റെ ശബ്ദസന്ദേശം
ഞാന്‍ നിങ്ങളുടെ ലാല്‍ ആണ്. മോഹന്‍ലാല്‍. എല്ലാവരും അവരവരുടെ വീടുകളില്‍ സുരക്ഷിതരായിരിക്കുന്നു എന്നറിയുന്നതു തന്നെ വലിയ ആശ്വാസം. ലോകം മുഴുവന്‍ കൊവിഡ് 19 എന്ന ഈ മഹാ വിപത്തിനെ നേരിടുമ്പോള്‍ മറ്റുള്ളവരില്‍ നിന്നെല്ലാമകന്ന് അവരവരുടെ വീടുകളില്‍ സുരക്ഷിതരായിരിക്കുക എന്നതല്ലാതെ നമുക്ക് മറ്റ് മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ല. സര്‍ക്കാരും ആരോഗ്യ മന്ത്രാലയവും നിര്‍ദേശിക്കുന്ന സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ എല്ലാവരും പാലിക്കണം. എത്രയും വേഗം ഇതില്‍നിന്നും ഒരു മോചനം ഉണ്ടാവട്ടെയെന്നും വീണ്ടും എല്ലാവര്‍ക്കും അവരവരുടെ പ്രവര്‍ത്തന മേഖലകളിലേക്ക് തിരിച്ചുവരാന്‍ സാധിക്കട്ടെ എന്നും എന്‍റെ പ്രാര്‍ഥന. ഈ അവസരത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള എല്ലാവിധ സഹായങ്ങളും നമ്മുടെ അംഗങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്. നിങ്ങള്‍ ആവശ്യപ്പെട്ടാല്‍ നമ്മുടെ വൈസ് പ്രസിഡന്‍റുമാരായ എംഎല്‍എമാര്‍ അവരവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെടുകയും നിങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സഹായങ്ങള്‍ എത്തിച്ചുതരുന്നതുമാണ്. കൂടാതെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അംഗങ്ങള്‍ക്ക് അവര്‍ ആവശ്യപ്പെട്ടാല്‍ സാമ്പത്തിക സഹായം നല്‍കുന്ന കാര്യവും അമ്മ ആലോചിക്കുന്നുണ്ട്. ആവശ്യപ്പെടുംമുന്‍പ് ഓരോ അംഗങ്ങളും ആലോചിക്കണം, ഞാനീ സഹായത്തിന് അര്‍ഹനാണോ എന്ന്. എന്നേക്കാള്‍ ബുദ്ധിമുട്ടുന്ന മറ്റംഗങ്ങള്‍ ഇല്ലേ എന്ന്. കാരണം ആവശ്യപ്പെടുന്ന എല്ലാവര്‍ക്കും സഹായം നല്‍കാന്‍ ചിലപ്പോള്‍ അമ്മയുടെ സാമ്പത്തികസ്ഥിതി അനുവദിച്ചെന്നു വരില്ല. വലിയൊരു പ്രതിസന്ധിയിലേക്കാണ് നമ്മുടെ നാട് നീങ്ങിക്കൊണ്ടിരിക്കുന്നത്. കര്‍ശനമായ നിയന്ത്രണം നമ്മള്‍ എല്ലാ കാര്യത്തിലും പാലിക്കേണ്ടതുണ്ട്. വളരെ സൂക്ഷിച്ചുവേണം ഇനി ഓരോ അടിയും മുന്നോട്ടുവെക്കാന്‍. നിങ്ങളുടെ ഏത് ആവശ്യങ്ങള്‍ക്കും എന്നും നിങ്ങളുടെ സംഘടന ഒപ്പമുണ്ടാകും. നിറഞ്ഞ സ്നേഹത്തോടെ മോഹന്‍ലാല്‍.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ