
കൊച്ചി: നയന്‍താരയ്‍ക്കെതിരെ ലൈംഗിക പരാമര്‍ശം നടത്തിയ നടന്‍ രാധാ രവിക്കെതിരെ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ്. രാധ രവി നടത്തിയ വ്യക്തിഹത്യ സിനിമ ലോകത്ത് വേരുറച്ച പുരുഷാധിപത്യത്തിന്റെ നേർക്കാഴ്ചയാണെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ ഡബ്ല്യൂസിസി വിമര്‍ശിച്ചു.
ഏതു തരത്തിലുമുള്ള സ്വഭാവഹത്യയും തികച്ചും നിന്ദ്യവും ഒരിക്കലും അനുവദിക്കാൻ ആവാത്തതുമാണ്. നയന്‍താര തന്‍റെ ഔദ്യോഗിക മറുപടിയിൽ വ്യക്തമായി ആവശ്യപ്പെട്ടിരിക്കുന്നത് സംഘടനകളിൽ സുപ്രീം കോർട്ട് വിധി പ്രകാരമുള്ള ഇന്റെർണൽ കംപ്ലയിന്റ് കമ്മിറ്റി സജ്ജമാക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയാണ്.
നിശബ്ദത വെടിഞ്ഞു ചോദ്യങ്ങൾ ചോദിക്കാൻ മുന്നോട്ട് വന്ന നയൻതാരക്കൊപ്പമാണെന്നും ഡബ്ല്യുസിസി വ്യക്തമാക്കി. നയന്‍താരയുടെ പുതിയ ചിത്രമായ കൊലൈയുതിര്‍ കാലം എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ വച്ചായിരുന്നു രാധാ രവിയുടെ വിവാദ പരാമര്‍ശം.
നയന്‍താര പ്രേതമായും സീതയായും അഭിനയിക്കുകയാണ്, മുന്‍പ് കെആര്‍ വിജയയെ പോലുള്ളവരായിരുന്നു ഇത്തരം വേഷങ്ങള്‍ ചെയ്തിരുന്നത്. അവരുടെ മുഖത്തു നോക്കുമ്പോള്‍ പ്രാര്‍ത്ഥിയ്ക്കാന്‍ തോന്നുമായിരുന്നു എന്നുമായിരുന്നു നയന്‍താരക്കെതിരായ പരാമര്‍ശം. അതേസമയം, എന്താണ് വലിയ സിനിമയും ചെറിയ സിനിമയും തമ്മിലുള്ള വ്യത്യാസം? ഒരാള്‍ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചാല്‍ അതൊരു ചെറിയ ചിത്രമാണ്.
പൊള്ളാച്ചിയിലേത് പോലെ 40പേര്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചാല്‍ അത് വലിയ ചിത്രം എന്നുമായിരുന്നു പൊള്ളാച്ചി പീഡനവുമായി ബന്ധപ്പെട്ട പരാമര്‍ശം. സംഭവം വിവാദമായത്തോടെ രാധാ രവിയെ ഡിഎംകെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു. നടികര്‍ സംഘവും നയന്‍താരയ്ക്ക് പിന്തുണ നല്‍കിയിരുന്നു.
ഡബ്ല്യുസിസിയുടെ പോസ്റ്റിന്‍റെ പൂര്‍ണരൂപം
തമിഴ് സിനിമയിലെ മുതിർന്ന നടനായ രാധ രവി ഈയിടെ നടത്തിയ വ്യക്തിഹത്യ, നമ്മുടെ സിനിമ ലോകത് നിൽക്കുന്ന വേരുറച്ച പുരുഷാധിപത്യത്തിന്റെ നേർക്കാഴ്ചയാണ്. ആർക്ക് നേരെയും ഏതു തരത്തിലുമുള്ള സ്വഭാവഹത്യയും തികച്ചും നിന്ദ്യവും ഒരിക്കലും അനുവദിക്കാൻ ആവാത്തതുമാണ്. ഞങ്ങളുടെ സഹപ്രവർത്തക തന്റെ ഔദ്യോഗിക മറുപടിയിൽ വ്യക്തമായി ആവശ്യപ്പെട്ടിരിക്കുന്നത് സംഘടനകളിൽ സുപ്രീം കോർട്ട് വിധി പ്രകാരമുള്ള ഇന്റെർണൽ കംപ്ലയിന്റ് കമ്മിറ്റി സജ്ജമാക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയാണ്. രാജ്യം അനുശാസിക്കുന്ന നിയമങ്ങൾ ഒരുവിധം എല്ലാ മേഖലകളിലും പാലിക്കപ്പെടുമ്പോളും സിനിമ മേഖലയിൽ ഈ ഭേദഗതി നിലവിൽ വരാത്തത് അത്യധികം ആശങ്കയുളവാക്കുന്ന ഒരു വസ്തുതയാണ്. തന്റെ പ്രവർത്തന മേഖലയിൽ സ്തുത്യർഹമായ വിജയവും അംഗീകാരങ്ങളും ലഭിച്ചിട്ടുള്ള ഒരു കലാകാരിക്ക്, തന്റെ സംഘടനയോട് ഇങ്ങനെ ഒരു ചോദ്യം ചോദിക്കേണ്ട സ്ഥിതിവിശേഷം ആണിന്ന് നിലവിൽ ഉള്ളത്. കേരള ഹൈ കോടതിയിൽ സമർപ്പിച്ച റിറ്റ് പെറ്റീഷനിൽ മലയാള സിനിമയിലെ സംഘടനകളോടും ആവശ്യപ്പെട്ടതും ഇത് തന്നെ ആണ്. നടികർ സംഘം നയൻതാരക്ക് പിന്തുണ പ്രഖ്യാപിക്കുകയും, രാധ രവിയുടെ പ്രസംഗത്തെ അപലപിക്കുകയും ചെയ്തത് കൂടാതെ , ഭാവിയിൽ ഇത് പോലെയുള്ള അഭിപ്രായപ്രകടങ്ങളിൽ നിന്നും വിട്ടു നിൽക്കാൻ ശക്തമായ ഭാഷയിൽ താക്കീതും നൽകിയിട്ടുണ്ട്. തങ്ങളുടെ ആശങ്കകൾക്ക് പരിഗണ നൽകാത്ത, ക്യാമറക്ക് മുന്നിലും പിന്നിലും പ്രവർത്തിക്കുന്ന അറിയപ്പെടാത്ത അനവധി മുഖങ്ങൾ തങ്ങളുടെ പ്രശ്നങ്ങളും പരാതികളും എവിടെ ബോധിപ്പിക്കുമെന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. നിശബ്ദത വെടിഞ്ഞു ചോദ്യങ്ങൾ ചോദിക്കാൻ മുന്നോട്ട് വന്ന നയൻതാരക്കൊപ്പം!
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ