
കടുവ സിനിമ പരിശോധിക്കാൻ സെൻസർ ബോർഡിന് നൽകിയ സിംഗിൾ ബഞ്ച് ഉത്തരവില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി. സിനിമയ്ക്കെതിരെ ജോസ് കുരുവിനാക്കുന്നേൽ സമർപ്പിച്ച ഹർജിയിലെ ഉത്തരവിനെതിരെ തിരക്കഥാകൃത്ത് ജിനു വർഗീസ് എബ്രഹാമും ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സമർപ്പിച്ച അപ്പീലിൽ കോടതി ഇടപെട്ടില്ല. ജസ്റ്റിസുമാരായ കെ വിനോദ ചന്ദ്രനും സി ജയചന്ദ്രനും അടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്.
സിംഗിൾ ബെഞ്ച് വിധിയിൽ എന്താണ് തെറ്റെന്ന് കോടതി ചോദിച്ചു. സിവിൽ കോടതിയുടെ വിധിയിൽ സ്വാധീനിക്കപ്പെടാതെ, പരാതിക്കാരന്റെ പരാതി സ്വതന്ത്രമായി കേട്ട്, ബോർഡിൽ നിക്ഷിപ്‌തമായിരിക്കുന്ന അധികാരം സ്വതന്ത്രമായി വിനിയോഗിക്കുന്നതിൽ ഒരു തെറ്റും ചൂണ്ടി കാണിക്കാനില്ലെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. കൂടുതൽ വാദത്തിനായി ഹർജി പിന്നീട് പരിഗണിക്കും. ജോസ് കുരുവിനാക്കുന്നേലിൻ്റെ പരാതി തിങ്കളാഴ്ച കേൾക്കാനാണ് സെൻസർ ബോർഡിന് സിംഗിൾ ബഞ്ചിൻ്റെ നിർദേശം.
ALSO READ : കാലത്തിന്‍റെ കാവ്യനീതി, 'റോക്കട്രി: ദി നമ്പി ഇഫക്റ്റ്' റിവ്യൂ
കടുവ സിനിമയെ സംബന്ധിച്ച് ജോസ് കുരുവിനാക്കുന്നേല്‍ എന്ന കുറുവച്ചന്‍ നല്‍കിയ പരാതി പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് നിര്‍ദേശം നല്‍കിയത് ദിവസങ്ങള്‍ക്കു മുന്‍പ് ആയിരുന്നു. സിനിമ തന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഉള്ളതാണെന്നും തന്നെയും കുടുംബത്തേയും അവഹേളിക്കുന്ന രംഗങ്ങൾ സിനിമയിലുണ്ടെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പരാതി. ഇത് പരിശോധിക്കാനാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് സെൻസർ ബോർഡിന് നിർദേശം നൽകിയത്. പരാതി പരിശോധിച്ച ശേഷമേ സെൻസർ സർട്ടിഫിക്കറ്റ് നൽകാവൂ എന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
'ഉമ്മ നിൽക്കുന്ന വീട്ടിൽ നിന്നും തരുന്ന വസ്ത്രങ്ങളാണ് ഞാന്‍ ധരിക്കാറ്'; മനസ് തുറന്ന് റിയാസ്
അതേസമയം കടുവയുടെ തിരക്കഥ മോഷ്ടിച്ചതാണെന്ന് ആരോപിച്ച് തമിഴ‍്‍നാട് സ്വദേശിയായ മഹേഷും കോടതിയെ സമീപിച്ചിട്ടുണ്ട്. ചിത്രീകരണം പൂർത്തിയാക്കിയ ശേഷം ഉണ്ടായ തർക്കം സിനിമയുടെ റിലീസിനെ ബാധിച്ചിരിക്കുകയാണ് ഇപ്പോൾ. ജൂൺ 30ന് തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം ചില അപ്രവചനീയമായ സാഹചര്യങ്ങളാൽ റിലീസ് നീട്ടുകയാണെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. ഒരാഴ്ചത്തേക്ക് റിലീസ് നീട്ടുകയാണെന്നാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ