
ജനപ്രിയ നടിയും അതിസമ്പന്നയുമായ ഷാവോ വെയ്‍യെ (ZhaoWei) (വിക്കി ഷാവോയെന്ന് വിളിപ്പേര്/ Vicky Zhao) ഇന്‍റര്‍നെറ്റില്‍ നിന്ന് 'അപ്രത്യക്ഷയാക്കി' ചൈന (China). ചൈനീസ് സിനിമാ, ടെലിവിഷന്‍ മേഖലകളില്‍ ഏറ്റവും അറിയപ്പെടുന്ന താരങ്ങളില്‍ ഒരാളായ ഷാവോയുടെ സാന്നിധ്യം വിശദീകരണമൊന്നും കൂടാതെയാണ് ചൈനീസ് അധികൃതര്‍ നീക്കം ചെയ്‍തിരിക്കുന്നത്. സര്‍ക്കാര്‍ മാധ്യമങ്ങള്‍ 'വിവാദ നായിക'യെന്ന് വിശേഷിപ്പിച്ച ഷാവോ വെയ് ബിസിനസ് രംഗത്തും വിജയം കൈവരിച്ച ആളാണ്.
45കാരിയായ ഷാവോ വെയ്‍ അഭിനയിക്കുകയോ നിര്‍മ്മിക്കുകയോ ചെയ്‍ത സിനിമകളും സിരീസുകളും ചൈനീസ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളായ ടെന്‍സെന്‍റ്, ഇക്വിയി തുടങ്ങിയവയില്‍ നിന്നും പൂര്‍ണ്ണമായും നീക്കംചെയ്‍തത് ഓഗസ്റ്റ് 26നാണ്. ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആയ വെയ്ബോയില്‍ (Weibo) ഇത് ആരാധകരുടെ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. വെയ്ബോയില്‍ 8.5 കോടി ഫോളോവേഴ്സ് ഉണ്ടായിരുന്നു ഷാവോയ്ക്ക്. 'ഷാവോ വെയ്‍ക്ക് എന്ത് സംഭവിച്ചു' (What happened to zhao wei) എന്ന പേരിലുള്ള ഹാഷ്‍ ടാഗിലായിരുന്നു ഇതുസംബന്ധിച്ച സോഷ്യല്‍ മീഡിയ ചര്‍ച്ച. എന്നാല്‍ ആരാധകരിലേക്ക് ഷാവോയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ എത്തിക്കുന്ന 'ചോഹുവ' എന്ന ഫീച്ചര്‍ പ്രവര്‍ത്തനരഹിതമാക്കിയിട്ടുണ്ട് ഇപ്പോള്‍.
ഷാവോ വെയ്‍ക്ക് എതിരായ ആരോപണങ്ങള്‍ മാത്രമാണ് ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഇപ്പോള്‍ കാര്യമായി പ്രചരിക്കുന്നത്. അതേസമയം ജനപ്രിയ താരത്തെ ഇന്‍റര്‍നെറ്റില്‍ നിന്ന് റദ്ദ് ചെയ്‍തതിന്‍റെ കാരണത്തെക്കുറിച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍ നിശബ്‍ദത പാലിക്കുന്നത് തുടരുകയാണ്. ഇന്‍റര്‍നെറ്റിലെ റദ്ദാക്കലിനു പിന്നാലെ സിംഗപ്പൂരുകാരനായ ഭര്‍ത്താവ് ഹുയാങ് യു ലോംഗിനൊപ്പം ഷാവോ ഫ്രാന്‍സിലേക്ക് കടന്നെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‍ത തന്‍റെ ചിത്രത്തിലൂടെ മാതാപിതാക്കള്‍ക്കൊപ്പം താന്‍ ബെയ്‍ജിംഗില്‍ തന്നെയുണ്ടെന്ന് ഷാവോ വെയ് സൂചന നല്‍കി. എന്നാല്‍ ഈ ഇന്‍സ്റ്റഗ്രാം പോസ്റ്റും ഒരു മണിക്കൂറിനകം ഡിലീറ്റ് ചെയ്യപ്പെട്ടു.
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും (Chinese Communist Party) ദേശീയ വാദികള്‍ക്കും പലതരത്തില്‍ അനഭിമതയായതാണ് ഷാവോ വെയ്‍യുടെ ഇന്‍റര്‍നെറ്റ് റദ്ദാക്കലിനു പിന്നിലെന്നാണ് ന്യൂസ് വീക്ക് ഉള്‍പ്പെടെയുള്ള അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഷാവോ വെയ്‍യുമായി അടുത്ത പ്രൊഫഷണല്‍ ബന്ധമുള്ള ഗായകനും നടനുമായ ഷാങ് ഷെഹാനെതിരെ ചൈനീസ് ദേശീയവാദികള്‍ 'റദ്ദാക്കല്‍' പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ഷാവോ വെയ്‍യെയും ഇന്‍റര്‍നെറ്റില്‍ നിന്ന് നീക്കിയത്. ജപ്പാനിലെ യസുകുനി യുദ്ധ സ്‍മാരകത്തിന്‍റെ പശ്ചാത്തലത്തില്‍ ഷാങ് ഷെഹാന്‍ 2018ല്‍ എടുത്ത ഒരു സെല്‍ഫിയുടെ പേരിലാണ് ദേശീയവാദികള്‍ അടുത്തിടെ അദ്ദേഹത്തിനെതിരെ ക്യാംപെയ്‍ന്‍ നടത്തിയത്.
2001ല്‍ ഷാവോ വെയ് നടത്തിയ ഒരു ഫോട്ടോഷൂട്ട് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നീരസമുണ്ടാക്കിയ ഒന്നായിരുന്നു. രണ്ടാംലോക മഹായുദ്ധ കാലത്ത് ജപ്പാന്‍ ഉപയോഗിച്ചിരുന്ന പതാകയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട വസ്‍ത്രങ്ങളാണ് ആ ഫോട്ടോഷൂട്ടില്‍ ഷാവോ ധരിച്ചിരുന്നത് എന്നതായിരുന്നു കാരണം. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉടമസ്ഥതയിലുള്ള പത്രം, ഗ്ലോബല്‍ ടൈംസ് 2017ലാണ് ഷാവോ വെയ്‍യെ 'വിവാദ നായിക'യെന്ന് വിശേഷിപ്പിച്ചത്. പ്രമുഖ ചൈനീസ് വ്യവസായിയും ആലിബാബ (Alibaba) ഗ്രൂപ്പിന്‍റെ സഹസ്ഥാപകനുമായ ജാക്ക് മായുമായുള്ള (Jack Ma) അടുത്ത ബന്ധവും ഷാവോ വെയ്ക്കെതിരെ തിരിയാന്‍ ചൈനീസ് അധികൃതരെ പ്രേരിപ്പിച്ചിരിക്കാമെന്നും നിഗമനങ്ങളുണ്ട്. ചൈനീസ് സാമ്പത്തിക രംഗത്തെ സര്‍ക്കാരിന്‍റെ കടുത്ത നിയന്ത്രണങ്ങളെ കഴിഞ്ഞ ഒക്ടോബറില്‍ ജാക്ക് മാ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഷാവോ വെയ്‍യും ഭര്‍ത്താവും 2014ല്‍ ആലിബാബ പിക്ചേഴ്സിന്‍റെ ഏറ്റവും വലിയ രണ്ടാമത്തെ ഓഹരിയുടമകളായി മാറിയിരുന്നു.
ഷാവോ വെയ്‍ക്ക് റദ്ദാക്കല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ 'ദോഷകരമായ' താരാരാധനാ സംസ്‍കാരത്തിനും ചൈനയിലെ സൈബര്‍സ്‍പേസ് അഡ്‍മിനിസ്ട്രേഷന്‍ (രാജ്യത്തെ ഇന്‍റര്‍നെറ്റ് നിരീക്ഷകര്‍) വിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ അഭിപ്രായം പ്രകടിപ്പിക്കുന്ന മറ്റു താരങ്ങളെയും കാത്തിരിക്കുന്നത് ഷാവോ വെയ്‍യുടെ അനുഭവമാണെന്നാണ് സര്‍ക്കാര്‍ മാധ്യമങ്ങള്‍ പറയാതെ പറയുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ