'ഇത്രക്കും അപമാനിതനാക്കിയിട്ട് ഇനി എന്ത് ഒത്തുതീർപ്പ്'; ഹരീഷ് പറയുന്നത് കള്ളമെന്ന് ബാദുഷ

Published : Dec 04, 2025, 02:38 PM IST
what hareesh kanaran told is false alleges badusha nm

Synopsis

തര്‍ക്കം പരിഹരിക്കാമെന്ന് താന്‍ ഉറപ്പ് നല്‍കിയെന്ന ഹരീഷിന്റെ വാദം തള്ളി നിര്‍മ്മാതാവ് ബാദുഷ 

കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷ ഇടപെട്ട് സിനിമകളില്‍ നിന്ന് തന്നെ ഒഴിവാക്കിയതായുള്ള നടന്‍ ഹരീഷ് കണാരന്‍റെ ആരോപണം വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. എന്നാല്‍ താന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം റേച്ചലിന്‍റെ റിലീസിന് ശേഷമേ താന്‍ ഈ വിഷയത്തില്‍ പ്രതികരിക്കൂ എന്നായിരുന്നു ബാദുഷയുടെ പ്രതികരണം. എന്നാല്‍ ബാദുഷയുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും തര്‍ക്ക വിഷയം പരിഹരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഹരീഷ് പ്രതികരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ അത്തരത്തില്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ബാദുഷ. ഹരീഷ് കണാരന്‍ പ്രസ്തുത കാര്യം പറയുന്നതിന്‍റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് ബാദുഷയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്.

ഒരു തിയറ്റര്‍ വിസിറ്റിനിടെ യുട്യൂബേഴ്സിന്‍റെ ചോദ്യത്തിന് മറുപടിയായി ഹരീഷ് പറഞ്ഞത് ഇങ്ങനെ- “ബാദുക്കയുമായിട്ട് വിളിച്ച് സംസാരിച്ചിട്ടുണ്ട്. സെറ്റില്‍ ചെയ്തോളാമെന്ന് പറഞ്ഞിട്ടുണ്ട്. മൂപ്പര് ചെറിയൊരു വിഷയത്തിലാണ്. അത് കഴിഞ്ഞിട്ട് സെറ്റില്‍ ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്”, ഹരീഷ് കണാരന്‍റെ വാക്കുകള്‍. എന്നാല്‍ ഹരീഷിനെ ഫോണില്‍ വിളിച്ചിരുന്നുവെങ്കിലും അവര്‍ എടുത്തില്ലെന്നാണ് ബാദുഷയുടെ വാദം. “ഹരീഷിനെയും അദ്ദേഹത്തിന്‍റെ ഭാര്യയെയും ഞാൻ വിളിച്ചിരുന്നു. അവർ ഫോൺ എടുത്തില്ല. അന്നു തന്നെ നിർമ്മലിനെ വിളിച്ചു ഞാൻ കാര്യങ്ങൾ സംസാരിച്ചു. ഞാൻ സെറ്റിൽ ചെയ്യാമെന്ന് പറഞ്ഞിട്ടില്ല. ഈ ജനങ്ങളുടെ മുന്നിൽ ഇത്രക്കും അപമാനിതനാക്കിയിട്ട് ഇനി എന്ത് ഒത്തുതീർപ്പ്. എനിക്ക് പറയാനുള്ളതെല്ലാം എൻ്റെ റേച്ചൽ സിനിമയുടെ റിലീസിന് ശേഷം മാധ്യമങ്ങൾക്കു മുന്നിൽ തുറന്ന് പറയും. അത് വരെ എനിക്കെതിരെ കൂലി എഴുത്തുകാരെക്കൊണ്ട് ആക്രമിച്ചോളൂ. ഈ അവസ്ഥയിൽ എന്നോടൊപ്പം കൂടെ നിൽക്കുന്ന എൻ്റെ എല്ലാ പ്രിയപ്പെട്ടവരോടും ഒരു പാട് നന്ദി”, ബാദുഷയുടെ വാക്കുകള്‍.

ബാദുഷയ്ക്ക് താന്‍ കടമായി 20 ലക്ഷം നല്‍കിയിരുന്നുവെന്നും അതില്‍ തുച്ഛമായ തുക മാത്രമാണ് തിരികെ തന്നതെന്നുമാണ് ഹരീഷ് ആരോപിച്ചിരുന്നത്. ഇത് തിരികെ ചോദിച്ചതിന് ബാദുഷ ഇടപെട്ട് സിനിമകളില്‍ നിന്ന് തന്നെ മാറ്റിനിര്‍ത്തിയെന്നും. “എന്റെ വീട് പുതുക്കി പണിയുന്നതിന് പണം ആവശ്യമായി വന്നപ്പോഴാണ് ബാദുഷയോട് ആദ്യമായി തൻ്റെ കൈയിൽ നിന്ന് വാങ്ങിയ 20 ലക്ഷം രൂപ തിരിച്ച് ചോദിക്കുന്നത്. അപ്പോൾ ബാദുഷ നിർമ്മിക്കുന്ന വെടിക്കെട്ട് എന്ന സിനിമ റിലീസിന് തയ്യാറെടുക്കവയായിരുന്നു . വെടിക്കെട്ട് ഇറങ്ങിയാൽ വലിയ വിജയമാവുമെന്നും പണം തിരികെ നൽക്കുമെന്നുമാണ് ബാദുഷ മറുപടി നൽകിയത്. എന്നാൽ വെടിക്കെട്ട് വലിയ സാമ്പത്തിക വിജയമാവാത്തതിനാൽ ആ കാരണം പറഞ്ഞ് വീണ്ടും ബാദുഷ പണം തിരികെ നൽകുന്നതിന് കാലാവധി ചോദിച്ചു. പിന്നീട് ഒരുപാട് തവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ബാദുഷയുടെ ഭാഗത്ത് നിന്ന് യാതൊരുവിധ പ്രതികരണവുമില്ലായിരുന്നു”, ഹരീഷ് കണാരന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നായകനും പ്രതിനായകനും നാളെ എത്തും; കേരളത്തിൽ വിറ്റഴിഞ്ഞത് 100,000+ കളങ്കാവൽ ടിക്കറ്റുകൾ
'കൊലയാളിയെ തേടി ഇന്ദ്രജിത്ത് സുകുമാരൻ'; 'ധീരം' നാളെ മുതൽ തിയേറ്ററുകളിൽ