'ഇവിടെ സ്വിച്ചിംഗ് ഇല്ല, പകരം മറ്റൊന്ന്'; മോഹന്‍ലാലിന്‍റെ പെര്‍ഫോമന്‍സ് അനാലിസിസ് വീഡിയോ ഇന്‍സ്റ്റയില്‍ വന്‍ വൈറല്‍

Published : Jun 08, 2026, 08:22 PM IST
what is the speciality of mohanlal the actor analysis video by an acting coach is viral on instagram

Synopsis

ഹിന്ദി നടനും ആക്റ്റിംഗ് കോച്ചുമായ ഹർഷൽ പവാർ മോഹൻലാലിന്‍റെ അഭിനയത്തെ വിശകലനം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ഇന്ത്യയിലെ എക്കാലത്തെയും മികച്ച നടന്മാരുടെ ഏത് ലിസ്റ്റ് എടുത്താലും അതില്‍ ഉള്‍പ്പെടാന്‍ സര്‍വഥാ യോഗ്യതയുള്ള അഭിനേതാവാണ് മോഹന്‍ലാല്‍. ഒരു സിനിമാപ്രേമിക്കും അതില്‍ തര്‍ക്കം ഉണ്ടാവില്ല. അഭിനയിച്ചതില്‍ എണ്ണത്തില്‍ അധികം ചിത്രങ്ങളും മലയാളത്തില്‍ ആണെങ്കിലും അപൂര്‍വ്വം മറുഭാഷാ ചിത്രങ്ങളിലെ പ്രകടനം വച്ച് എവിടെയും മോഹന്‍ലാലിന് ആരാധകരുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിന്‍റെ അഭിനയത്തെ മുന്‍നിര്‍ത്തിയുള്ള ഒരു ആക്റ്റിംഗ് അനാലിസിസ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്. ഹിന്ദി നടനും ആക്റ്റിംഗ് കോച്ചുമായ ഹര്‍ഷല്‍ പവാര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ തോതില്‍ ശ്രദ്ധ നേടിയിരിക്കുന്നത്.

മോഹന്‍ലാലിന്‍റെ ശ്രദ്ധേയ തമിഴ് ചിത്രമായിരുന്ന മണി രത്നത്തിന്‍റെ ഇരുവറിലെ രണ്ട് രംഗങ്ങള്‍ വച്ചാണ് മോഹന്‍ലാലിന്‍റെ അഭിനയ രീതിയിലെ രണ്ട് മികവുകളെക്കുറിച്ച് ഹര്‍ഷല്‍ സംസാരിക്കുന്നത്. ഇതില്‍ ആദ്യത്തെ സീന്‍ തനിക്കായി പറഞ്ഞുവച്ചിരുന്ന കഥാപാത്രമായി അവസാന നിമിഷം മറ്റൊരാളെ കാസ്റ്റ് ചെയ്തുവെന്ന് അറിയുമ്പോഴുള്ള മോഹന്‍ലാലിന്‍റെ അനന്തന്‍റെ റിയാക്ഷന്‍ ആണ്. നിരാശയും ദേഷ്യവും സങ്കടവും എതിര്‍പ്പും അംഗീകരിക്കലുമൊക്കെ ഒന്നിന് പിന്നാലെ മറ്റൊന്നെന്ന നിലയില്‍ ഒരു നിരന്തര ഒഴുക്കായി മോഹന്‍ലാല്‍ മുഖത്ത് കൊണ്ടുവരുന്നത് ഹര്‍ഷല്‍ ചൂണ്ടിക്കാട്ടുന്നു. പലവിധ വികാരങ്ങളെ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് സ്വിച്ച് ചെയ്യുകയാണ് പല അഭിനേതാക്കളും ചെയ്യാറെങ്കില്‍ മോഹന്‍ലാലില്‍ അതൊരു നൈരന്തര്യമാണെന്ന് പറയുന്നു അദ്ദേഹം.

മോഹന്‍ലാല്‍ ഇത് എങ്ങനെ സാധിച്ചെടുക്കുന്നുവെന്ന് ഹര്‍ഷലിന്‍റെ നിരീക്ഷണവും ഒപ്പമുണ്ട്. കണ്ണിലെ ചെറിയ മാറ്റങ്ങള്‍, ഫോക്കസിലെ ഷിഫ്റ്റ്, മുഖ പേശികളുടെ ചെറു മാറ്റങ്ങള്‍, ശ്വസനത്തിലെ മാറ്റം, റിയല്‍ ടൈമില്‍ നടത്തുന്ന ചിന്തയിലെ മാറ്റങ്ങള്‍ ഇവയൊക്കെ നടത്തിക്കൊണ്ടായിരിക്കാം മോഹന്‍ലാല്‍ ക്യാമറയ്ക്ക് മുന്നില്‍ ഈ മികവിലേക്ക് ഉയരുന്നതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ഇരുവറിലേത് തന്നെയാണ് മറ്റൊരു രംഗം.

മറ്റ് രണ്ട് കഥാപാത്രങ്ങള്‍ സംസാരിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ എങ്ങനെയാണ് മോഹന്‍ലാല്‍ റിയാക്ഷന്‍ കൊടുത്തിരിക്കുന്നത് എന്ന് കാണിക്കാന്‍ വേണ്ടിയുള്ള രംഗമാണ് ഇത്. ഡയലോഗ് ഇല്ലാത്ത ആ സീനില്‍ കാണികള്‍ കൂടുതലും ശ്രദ്ധിക്കുക മോഹന്‍ലാലിനെ ആയിരിക്കും. ഡയലോഗ് ഇല്ലാത്ത രംഗങ്ങളില്‍ ആയിരിക്കും അഭിനേതാക്കള്‍ ഏറ്റവും പരീക്ഷിക്കപ്പെടുകയെന്നും എന്നാല്‍ അതാണ് മോഹന്‍ലാല്‍ അനായാസം നടപ്പിലാക്കുന്നതെന്നും ഹര്‍ഷല്‍ പവാര്‍ വിശദീകരിക്കുന്നു. 66,000 ല്‍ അധികം ലൈക്കുകളും 1,300 ല്‍ അധികം ഷെയറുകളും ഈ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഐ നോബഡി'യുമായി പൃഥ്വിരാജ് - നിസാം ബഷീർ കൂട്ടുകെട്ട്; റിലീസ് അപ്‌ഡേറ്റ്
ആ നാലാം ക്ലാസുകാരന് മുന്നില്‍ ഒടുവില്‍ 'എമ്പുരാനും' വീണു! ആ എലൈറ്റ് ക്ലബ്ബില്‍ ഇടംപിടിച്ച് 'ദൃശ്യം 3'