
ഒരു പ്രണയ ബന്ധത്തിൽ പൊതുവെ കടന്നുവരാറുള്ളത് രണ്ടുപേർ മാത്രമാണെങ്കിലും ചില സമയങ്ങളിൽ പ്രണയിക്കുന്നവരുടെ വീട്ടുകാരും ബന്ധുക്കളുമൊക്കെ ആ ബന്ധത്തിൽ അറിഞ്ഞും അറിയാതെയും ഭാഗമാകാറുണ്ട്. എന്നാൽ ഒരു നാട് മുഴുവൻ ഒരു പ്രണയത്തിന് പിന്നിൽ ഒന്നുചേരുന്ന കഥ പറഞ്ഞ് തിയേറ്ററുകള്‍ കീഴടക്കുകയാണ് 'സുരേശന്‍റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ' എന്ന ചിത്രം.
ഒരേ സമയവും പ്രണയവും ഒപ്പം നർമ്മവും നാടകവും രാഷ്ട്രീയവും ജാതിവ്യവസ്ഥയുമൊക്കെ ചിത്രത്തിൽ കടന്നുവരുന്നുണ്ട്. 'ന്നാ താൻ കേസ് കൊട്' എന്ന സിനിമയിലെ കഥാപാത്രങ്ങളായ സുരേശനും സുമലതയും ഒരു ചെറിയ വിത്തായിരുന്നുവെങ്കിൽ ആ വിത്തിൽ നിന്ന് മാനം മുട്ടെ പടർന്നു പന്തലിച്ച ഒരു വലിയ വൃക്ഷം തന്നെയാണ് രതീഷ് ബാലകൃഷ്ണൻ പൊതുവാള്‍ എന്ന സംവിധായകൻ പുതിയ ചിത്രത്തിലൂടെ ഒരുക്കിയിരിക്കുന്നത്. അതിന് അദ്ദേഹത്തോടൊപ്പം നിന്ന അഭിനേതാക്കളും ടെക്നിക്കൽ ടീമും ഒക്കെയുണ്ട്. അതിൽ തന്നെ എടുത്തുപറയേണ്ടവരാണ് ഈ സിനിമയുടെ ഛായാഗ്രാഹകനായ സബിൻ ഊരാളിക്കണ്ടിയും എഡിറ്റിംഗ് നിർവ്വഹിച്ച ആകാശ് തോമസും.
നാടകത്തിന്‍റെ മണമുള്ള ഒരു നാടും നാട്ടുകാരും പ്രേക്ഷകർക്ക് അനുഭവമാകുന്ന രീതിയിൽ ഒരുക്കിയിരിക്കുകയാണ് സബിൻ ഊരാളിക്കണ്ടിയുടെ ക്യാമറ കണ്ണുകള്‍. ആ കണ്ണുകള്‍ കൂടുതലും സുരേശനേയും സുമലതയേയും വട്ടമിട്ട് പറക്കുകയാണെങ്കിലും സുധാകരൻ നാഹരും ചാരുവേടത്തിയും പുഷ്കരേട്ടനും എംടിയും ബാലമാമ്മയും അങ്ങനെ ആ നാട്ടിലെ ഓരോരുത്തരേയും അവരുടെ മാനറിസങ്ങളേയും എസ്റ്റാബ്ലിഷ് ചെയ്യുന്നുണ്ട് സബിൻ ഒരുക്കിയ ദൃശ്യങ്ങൾ. ഒരു ചക്ര കസേരയിൽ കഴിയുന്ന ബാലമാമ്മയുടെ വീക്ഷണ കോണിൽ വരെ ചില സമയങ്ങളിൽ ആ ക്യാമറ ചലിക്കുന്നത് കാണാമായിരുന്നു. അത്തരത്തിൽ അതിസൂക്ഷ്മമായാണ് ചിത്രത്തിലെ ഓരോ ദൃശ്യങ്ങളും സബിൻ ഒരുക്കിയിരിക്കുന്നത്.
ഒരേസമയം ലീനിയർ, നോൺലീനിയർ രീതിയിലാണ് ചിത്രം നീങ്ങുന്നത്. കണ്ണിമ ചിമ്മുന്ന വേഗതയിൽ കാലഘട്ടങ്ങള്‍ മാറി മാറി വരുന്നുമുണ്ട് സ്ക്രീനിൽ. എന്നാൽ ഓരോ കാലഘട്ടത്തിലും ആ കാലത്തിന്‍റെ മനോഹാരിത നൽകാനായിട്ടുണ്ട് സബിന്‍റെ ദൃശ്യങ്ങൾക്ക്. അതോടൊപ്പം തന്നെ മാസ്മരികമായ എഡിറ്റിംഗ് മികവിൽ അതൊക്കെ ചേർത്തുവെച്ച ആകാശ് തോമസും. ഒരേ സമയം ഒരു സിനിമയാണിതെന്നും എന്നാൽ അതിനുള്ളിലൊരു നാടകമാണ് പ്രേക്ഷകർ കാണേണ്ടതെന്നുമുള്ള ഫീൽ നൽകുന്നതിൽ സബിന്‍റേയും ആകാശിന്‍റേയും വൈദഗ്ധ്യം എടുത്തുപറയേണ്ടതാണ്. ആകെ മൊത്തത്തിൽ പ്രണയവും നർമ്മവും സമകാലീന വിഷയങ്ങളും മനോഹരമായി കോർത്തിണക്കിയൊരുക്കിയിരിക്കുന്ന ചിത്രമാണ് 'സുരേശന്‍റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ'. തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്ന രതീഷ് ബാലകൃഷ്ണന്‍ പൊതുവാൾ മാജിക് മുൻ ചിത്രങ്ങളിലേതുപോലെ ഇതിലും അവർത്തിച്ചിട്ടുണ്ടെന്നാണ് തിയേറ്റർ ടോക്ക്.
ALSO READ : 'അമ്മയുടെ സ്വപ്‍നയാത്രയാണിത്; ബിഗ് ബോസ് ഫാമിലി വീക്കിലേക്കുള്ള യാത്രയെക്കുറിച്ച് ആല്‍ബി
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ